തിരുവനന്തപുരം: ഒടുവിൽ മറവിയുടെ വലയത്തിലായ നാളുകൾ മാഞ്ഞു; വെള്ളിത്തിരയിലെ നിറമുള്ള ഓർമ്മകൾ ബാക്കിയാക്കി കനകലത യാത്രയായി.

To advertise here,

കഴിഞ്ഞ ദിവസം അന്തരിച്ച നടി കനകലതയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കരിച്ചത്. സഹോദരൻ ഗോപാലകൃഷ്ണപിള്ളയുടെ മകൻ അനൂപാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.

മലയാളത്തിലും തമിഴിലുമായി 350-ഓളം സിനിമകളിൽ അഭിനയിച്ച കനകലത, അവസാനകാലത്ത് സഹോദരി വിജയമ്മയുടെ വസതിയായ വിളവൂർക്കൽ പൊറ്റയിൽ പുളിയറക്കട ‘കനക’ത്തിലാണ് താമസിച്ചിരുന്നത്.

ചൊവ്വാഴ്ച രാവിലെ വീട്ടിൽ പൊതുദർശനത്തിനുെവച്ച ഭൗതികശരീരത്തിൽ വിവിധ മേഖലകളിലെ നിരവധിപ്പേർ അന്ത്യാഞ്ജലിയർപ്പിച്ചു. മന്ത്രി സജി ചെറിയാൻ, സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, നിർമാതാവ് സുരേഷ്‌ കുമാർ, അഭിനേതാക്കളായ ഇന്ദ്രൻസ്, കൃഷ്ണചന്ദ്രൻ, പൂജപ്പുര രാധാകൃഷ്ണൻ, വിന്ദുജാ മേനോൻ, ദിനേശ് പണിക്കർ, സാജൻ സൂര്യ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ വസതിയിലും ശാന്തികവാടത്തിലുമെത്തി അന്തിമോപചാരം അർപ്പിച്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30-ന്.