മെറിലാൻഡ് സ്റ്റുഡിയോ സ്ഥാപകൻ പി. സുബ്രഹ്‌മണ്യത്തിന്റെ മകനും സിറ്റി തിയേറ്റേഴ്‌സിന്റെ ഡയറക്ടറുമായ എസ്. ചന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് തമിഴ് സൂപ്പർതാരവും രാജ്യസഭാ എംപിയുമായ കമൽഹാസൻ. കലയോടുള്ള സ്‌നേഹമായിരുന്നു തങ്ങളെ ബന്ധിപ്പിച്ചതെന്ന് കമൽഹാസൻ സാമൂഹികമാധ്യമങ്ങളിലെ കുറിപ്പിൽ അനുസ്മരിച്ചു. ചന്ദ്രന്റെ നിര്യാണത്തിൽ അഗാധ ദുഃഖം അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.

To advertise here,

'മെറിലാൻഡ് സുബ്രഹ്‌മണ്യത്തിന്റെ മകൻ എസ്. ചന്ദ്രന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. നിർമാതാവും തിരുവനന്തപുരത്തെ ശ്രീപദ്മനാഭ തിയേറ്ററിന്റെ ഉടമയുമായിരുന്നു അദ്ദേഹം', കമൽഹാസൻ കുറിച്ചു.

'എന്റെ നിരവധി സിനിമകൾ അദ്ദേഹത്തിന്റെ തിയേറ്ററുകളിൽ നീണ്ടകാലം പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനും ഔദ്യോഗിക ബന്ധങ്ങൾക്കുമപ്പുറം കലയോടുള്ള പൊതുവായ ഇഷ്ടമായിരുന്നു ഞങ്ങളെ ബന്ധിപ്പിച്ചത്. അദ്ദേഹം കലയുടെ വലിയ ആരാധകനായിരുന്നു. ഫോട്ടോഗ്രഫിയിൽ തത്പരനായിരുന്നു. ചന്ദ്രന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഗാധമായ അനുശോചനം', കമൽഹാസൻ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ചയായിരുന്നു എസ്. ചന്ദ്രന്റെ അന്ത്യം. 90 വയസ്സായിരുന്നു. മെറിലാൻഡ് സുബ്രഹമ്ണ്യത്തിനുശേഷം എസ്. ചന്ദ്രന്റെ നേതൃത്വത്തിലാണ് ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തിയേറ്റർ, ശ്രീപദ്മനാഭ ഉൾപ്പെടെയുള്ള പ്രമുഖ തിയേറ്ററുകൾ തിരുവനന്തപുരം നഗരത്തിന്റെ സിനിമാ പാരമ്പര്യത്തിന്റെ ഭാഗമാവുന്നത്. ഇമ്പീരിയൽ ട്രേഡിങ് കമ്പനി പ്രൊപ്രൈറ്ററുമായിരുന്നു.