നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. മോഹൻലാലും അമ്മയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടിയുടെ അനുശോചന സന്ദേശം. 'നമുക്കെല്ലാവർക്കും വളരേ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ എന്റെ ഹൃദയം വിങ്ങുന്നു. ശക്തനായിരിക്കുക, പ്രിയപ്പെട്ട ലാൽ', എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

To advertise here,

എളമക്കരയിലെ വീട്ടിലെത്തി ചൊവ്വാഴ്ച മമ്മൂട്ടി ശാന്തകുമാരിയെ അവസാനമായി കണ്ടിരുന്നു. നടൻ രമേഷ് പിഷാരടി, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, ആന്റണി പെരുമ്പാവൂർ, ഹൈബി ഈഡൻ എംപി എന്നിവർക്കൊപ്പമാണ് മമ്മൂട്ടിയെത്തിയത്.

പക്ഷാഘാതത്തെതുടർന്ന് ശാന്തകുമാരി ഏറെ നാളായി ചികിത്സയിലായിരുന്നു. എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിൽ ചൊവ്വാഴ്ച രണ്ടുമണിയോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു.

സെക്രട്ടേറിയറ്റ് നിയമവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാൽ ആണ് മറ്റൊരു മകൻ. മോഹൻലാലിന്റെ ഭാര്യ സുചിത്രയാണ് മരുമകൾ.