സിനിമയിൽ 67 വർഷം പൂർത്തിയാക്കിയ തനിക്ക് ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് തമിഴ് സൂപ്പർതാരവും രാജ്യസഭാംഗവുമായ കമൽഹാസൻ. 131 വർഷത്തോളം പഴക്കമുള്ള സിനിമാ ചരിത്രത്തിൽ പകുതിയിലേറെ താനും ഭാഗമാണെന്ന് കമൽഹാസൻ ആശ്ചര്യപ്പെട്ടു. തന്റെ സിനിമാ ജീവിതത്തിന്റെ 20 വർഷത്തോളം മാത്രമേ പഠനകാലയളവായി തീർക്കാൻ കഴിഞ്ഞിട്ടുള്ളൂവെന്നും ബാക്കിയുള്ളത് മലിന ജലത്തിനൊപ്പമുള്ള ഒഴുക്കായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലാണ് കമൽഹാസൻ കുറിപ്പ് പങ്കുവെച്ചത്.
'സിനിമയിൽ 67 വർഷം പൂർത്തിയാക്കിയ എനിക്ക് ആശംസ അറിയിച്ച എല്ലാവർക്കും നന്ദി. 67-ൽ ഏകദേശം 20 വർഷം മാത്രമാണ് യഥാർഥത്തിൽ എനിക്ക് പഠനകാലമായി തീർക്കാൻ കഴിഞ്ഞത്. ബാക്കി മലിനജലത്തിനൊപ്പമുള്ള ഒഴുക്കായിരുന്നു', കമൽഹാസൻ കുറിച്ചു.
'എങ്കിലും എന്നും എനിക്ക് പ്രചോദനം നൽകിയ പ്രതീക്ഷ, ജലപാത എത്ര മലിനമാണെങ്കിലും കളക്ടീവ് സിനിമ എന്ന ഏറ്റവും വലിയ ഏകരൂപമായ കടലുമായി സംഗമിക്കാനുള്ള കാത്തിരിപ്പാണ്. അഭിനേതാക്കളും പ്രേക്ഷകരും തുടങ്ങി എല്ലാവരും അതിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. അതിനാൽ, ഈ മേഖലയിലെ എന്റെ വർഷങ്ങൾ എണ്ണുന്നത് നിർത്തി മറ്റെവിടെയെങ്കിലും മെച്ചപ്പെട്ട കണക്കുകൾ തിരയാൻ തുടങ്ങുന്നതിനുമുമ്പ്, അനുഭവ പരിചയമായി നേടിയ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് കരുതുന്നു', അദ്ദേഹം അഭിപ്രായപ്പെട്ടു
'1895 ഡിസംബറിൽ ലൂമിയർ സഹോദരന്മാരുടെ ആദ്യ സിനിമാ പ്രദർശനം മുതൽ ചലച്ചിത്ര വ്യവസായത്തിന് ഏകദേശം 130 വർഷവും എട്ടു മാസവും പഴക്കമുണ്ട്. ആ ആകെയുള്ള ചരിത്രത്തിന്റെ പകുതിയിലധികവും, അതായത് 67 വർഷവും ഞാൻ ഇവിടെയുണ്ടെന്ന് എന്റെ ടീം എന്നെ ഓർമിപ്പിച്ചു. അത് അസാധാരണമാണ്. എന്നിരുന്നാലും, എന്റെ സ്വന്തം കണക്കിൽ 20 വർഷം മാത്രമാണ് യഥാർഥ പഠനമായി എനിക്ക് അവകാശപ്പെടാൻ കഴിയുന്നത്,' കമൽഹാസൻ കൂട്ടിച്ചേർത്തു. 'ഒരുപക്ഷേ സിനിമയിലെ ഏറ്റവും പ്രായം കൂടിയ ജെൻ സി ഞാനായിരിക്കാം' എന്ന വാക്കുകളോടെയാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.
1960-ൽ പുറത്തിറങ്ങിയ 'കളത്തൂർ കണ്ണമ്മ' എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കമൽ ഹാസൻ ചലച്ചിത്രരംഗത്തേക്ക് അരങ്ങേറിയത്. ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചിരുന്നു. 2025-ൽ പുറത്തിറങ്ങിയ 'തഗ് ലൈഫ്' ആണ് അദ്ദേഹത്തിന്റേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം. അൻപറിവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന കമൽഹാസൻ നായകനായ ചിത്രം. നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം നിർമിക്കുന്നതും കമൽഹാസനാണ്. നിലവിൽ തമിഴ്‌നാട്ടിൽനിന്നുള്ള രാജ്യസഭാ അംഗമാണ് അദ്ദേഹം.
Content Highlights: Tamil superstar and Rajya Sabha MP Kamal Haasan expressed his heartfelt gratitude to fans and well-wishers as he completed 67 years in the film industry. In a deeply reflective social media post, he noted that cinema itself is around 131 years old, meaning he has been a part of more than half of its entire history. Despite his vast career, Haasan humbly stated that only about 20 years served as his actual learning period, while describing himself humorously as "the oldest Gen Z in cinema." Kamal Haasan made his acting debut as a child artist in the 1960 film Kalathur Kannamma, winning the President's Gold Medal for his stellar performance. Currently serving as a Rajya Sabha MP from Tamil Nadu, his recent release was Thug Life, and he is presently producing an upcoming Rajinikanth film directed by Nelson.
Published: 13 Aug 2026, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented