“സലിമേട്ടൻ നമ്മളിൽ നിന്ന് വേർപിരിഞ്ഞുപോയി എന്ന കാര്യം ഓർക്കുമ്പോഴുള്ള ഒരു വിഷമം ഒഴിച്ചാൽ, ബാക്കി അദ്ദേഹത്തോടൊപ്പമുള്ള എല്ലാ നിമിഷങ്ങളും എന്നെ ചിരിപ്പിക്കുന്ന കാര്യംതന്നെയാണ്.”

നടൻ സലിം കുമാറിനെ അനുസ്മരിച്ച് കലാഭവൻ ഷാജോൺ. സലിം കുമാർ നമ്മളെ വിട്ടുപോയി എന്ന ചിന്ത വരുമ്പോഴുള്ള വിഷമമല്ലാതെ, അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോഴുള്ള ഓരോ നിമിഷങ്ങളും തന്നെ പൊട്ടിച്ചിരിപ്പിക്കുന്ന കാര്യങ്ങളാണെന്ന് പറവൂരിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കഴിവതും സ്വയം നന്നായി ചിരിക്കുകയും മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്ത ആളാണ് സലിം കുമാറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചാന്തുപൊട്ട് എന്ന ചിത്രത്തിന്റെ സെറ്റിൽ നടന്ന രസകരമായ ഒരു സംഭവവും ഷാജോൺ ഓർത്തെടുത്തു..
"സലിമേട്ടനൊപ്പം കുറെ സിനിമകളിൽ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിപ്പോൾ സലിമേട്ടനാണെങ്കിലും ദിലീപേട്ടനാണെങ്കിലും ഒക്കെ മിമിക്രിക്കാരായ ഞങ്ങൾക്ക് ജ്യേഷ്ഠന്മാരെപ്പോലെയായിരുന്നു. അവർ കൂടെയുണ്ടെന്ന് പറഞ്ഞാൽ നമുക്കൊരു ധൈര്യവും വലിയൊരു സപ്പോർട്ടുമായിരുന്നു. നമുക്ക് നല്ല നല്ല തമാശകൾ പറഞ്ഞുതന്ന് നമ്മളെക്കൊണ്ട് പെർഫോം ചെയ്യിക്കാനൊക്കെ അവർ മുന്നിലുണ്ടായിരുന്നു. എന്നെപ്പോലെ മിമിക്രിയിൽ നിന്ന് വന്നിട്ടുള്ള, ഇപ്പോൾ ഇവിടെയിരിക്കുന്ന വിനോദ് കെടാമംഗലവുമൊക്കെ അത് നന്നായി അനുഭവിച്ചറിഞ്ഞിട്ടുള്ള കാര്യമായിരിക്കും. അങ്ങനെ എന്നെ ഒരുപാട് സഹായിച്ചിട്ടുള്ള, ഒരുപാട് ചിരിക്കാനും ചിരിപ്പിക്കാനും ഒപ്പംനിന്ന ഒരാളാണ് സലിമേട്ടൻ.
അദ്ദേഹവുമായി ഒരുപാട് അനുഭവങ്ങൾ ഉണ്ടെങ്കിലും പെട്ടെന്ന് നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നിയ ഒരു കഥയുണ്ട്. ഞാൻ തികഞ്ഞ ഒരു ബീഫ് കൊതിയനാ; ബീഫ് ഇല്ലാതെ ഒരു ദിവസം പോലും ഭക്ഷണം കഴിക്കരുതേ എന്ന് പ്രാർഥിക്കുന്ന ഒരാൾ! അങ്ങനെയുള്ള എന്നെക്കൊണ്ട് ഒരാഴ്ചയോളം ബീഫ് കഴിപ്പിക്കാതിരുന്ന ആളാണ് സലിമേട്ടൻ. 'ചാന്തുപൊട്ട്' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. കടപ്പുറത്തുവെച്ചാണ് ഷൂട്ട്. സലിമേട്ടന് അവിടെ ചായക്കടയാണ്, ഞാൻ ഐസ്ക്രീമൊക്കെ വിറ്റുനടക്കുന്ന ഒരു ചെറിയ ക്യാരക്ടറും. ഞാൻ ബീഫ് ഭയങ്കരമായി ഇഷ്ടപ്പെടുന്ന ആളാണെന്ന് സലിമേട്ടന് അറിയാമായിരുന്നു.
ഒരു ദിവസം ഇടവേളയിൽ ഞങ്ങൾ കടല കഴിച്ചുകൊണ്ടിരുന്നപ്പോൾ സലിമേട്ടൻ എന്നോട് പറഞ്ഞു, ‘‘കടല ഒരുപാട് കഴിക്കരുത്, ഇത് കൊളസ്ട്രോളിന്റെ പ്രശ്നമാണ്.’’ അപ്പോൾ ഞാൻ പറഞ്ഞു, ‘‘സലിമേട്ടാ എനിക്ക് കൊളസ്ട്രോളില്ല.’’ നീ ഇങ്ങോട്ട് നടന്നു വന്നപ്പോൾ കിതക്കുന്നത് കണ്ടല്ലോ, അതുകൊണ്ട് സൂക്ഷിക്കണം എന്നായി അദ്ദേഹം. എനിക്ക് കൊളസ്ട്രോൾ ഇല്ലെന്ന് നല്ല ഉറപ്പായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ഞങ്ങളെല്ലാം കൂടിയിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ബീഫ് വിളമ്പി. കൂടെയുണ്ടായിരുന്ന നിർമാതാവ് ലാലേട്ടൻ പെട്ടെന്ന് പറഞ്ഞു, "ബീഫ് കൊളസ്ട്രോളിന് കുഴപ്പമാണ് കേട്ടോ." എനിക്ക് കൊളസ്ട്രോൾ ഇല്ലെന്ന് ഞാൻ ആവർത്തിച്ചപ്പോൾ, ഇല്ലെങ്കിൽ കഴിച്ചോ എന്ന് പറഞ്ഞ് ഞാൻ വീണ്ടും കഴിച്ചു.
വൈകുന്നേരം ചായയുടെ കൂടെ സ്നാക്സ് വന്നപ്പോൾ ഞാൻ രണ്ട് ഉഴുന്നുവട എടുത്തു. ആ പ്രായത്തിൽ എന്തുവേണമെങ്കിലും കഴിക്കാമല്ലോ. എന്നാൽ ഞാൻ ഉഴുന്നുവട എടുത്തതും ഡയറക്ടർ ലാൽ ജോസ് പറഞ്ഞു, ‘‘കൊളസ്ട്രോൾ ഉണ്ടെങ്കിൽ നീ അത് കഴിക്കല്ലേ, അവിടെ വെച്ചേക്ക്.’’ അവിടം മുതൽ എനിക്ക് ശരിക്കും പേടിയായിത്തുടങ്ങി. അടുത്ത ഒരാഴ്ചത്തേക്ക് ഉച്ചയ്ക്ക് ബീഫ് തരുമ്പോൾ 'വേണ്ട' എന്നും, വൈകുന്നേരം എണ്ണപ്പലഹാരങ്ങൾ കൊണ്ടുവരുമ്പോൾ 'വേണ്ട' എന്നും ഞാൻ പറഞ്ഞുതുടങ്ങി. ഒരാഴ്ചത്തെ ഷൂട്ട് കഴിഞ്ഞപ്പോഴേ ഞാൻ നേരെ കോട്ടയത്ത് പോയി ഫുൾ ബോഡി ചെക്കപ്പ് നടത്തി. റിസൾട്ട് വന്നപ്പോൾ കൊളസ്ട്രോളുമില്ല, ഷുഗറുമില്ല, പ്രഷറുമില്ല, ഒന്നുമില്ല!
അടുത്ത ദിവസം ഷൂട്ടിംഗിന് ചെന്നപ്പോൾ ഞാൻ സലിമേട്ടനോട് ചെന്ന് പറഞ്ഞു, ‘‘സലിമേട്ടാ എനിക്ക് കൊളസ്ട്രോളും പ്രഷറും ഷുഗറുമൊന്നുമില്ല.’’ ഇതുകേട്ടതും നമ്മളെല്ലാവരും കേട്ടുപരിചയിച്ചിട്ടുള്ള, അദ്ദേഹത്തിന്റെ ആ പ്രസിദ്ധമായ ഒറ്റ പൊട്ടിച്ചിരിയായിരുന്നു മറുപടി. എന്നിട്ട് അദ്ദേഹം ലാലേട്ടനെയും ലാൽ ജോസ് സാറിനെയുമെല്ലാം വിളിച്ചു. യഥാർഥത്തിൽ ഇതെല്ലാം സലിമേട്ടന്റെ തന്നെ സ്ക്രിപ്റ്റ് ആയിരുന്നു! എന്നെ ഒന്ന് വിരട്ടാനും, ഒരാഴ്ചത്തേക്ക് എന്നെക്കൊണ്ട് ബീഫ് കഴിപ്പിക്കാതിരിക്കാനും അവർ നോക്കിയതായിരുന്നു. ഇത് എനിക്ക് ഇന്നും ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാര്യമാണ്.
ഞാൻ ആദ്യം പറഞ്ഞതുപോലെ, സലിമേട്ടൻ നമ്മളിൽ നിന്ന് വേർപിരിഞ്ഞുപോയി എന്ന കാര്യം ഓർക്കുമ്പോഴുള്ള ഒരു വിഷമം ഒഴിച്ചാൽ, ബാക്കി അദ്ദേഹത്തോടൊപ്പമുള്ള എല്ലാ നിമിഷങ്ങളും എന്നെ ചിരിപ്പിക്കുന്ന കാര്യംതന്നെയാണ്. ആ ചിരികൾ എന്നും എന്റെ മനസ്സിലുണ്ടാകും; ആ ചിരികളിലൂടെ സലിമേട്ടനും എന്റെ മനസ്സിൽ എന്നും ഉണ്ടാകും.’’– കലാഭവൻ ഷാജോൺ പറഞ്ഞു.
Content Highlights: Actor Kalabhavan Shajohn shared a hilarious behind-the-scenes prank orchestrated by the late actor Salim Kumar on the sets of the movie Chanthupottu that successfully scared him into giving up eating beef for an entire week.
Published: 15 Jun 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented