കലാഭവൻ മണി എന്ന മനുഷ്യനെ താൻ ഏറ്റവും കൂടുതൽ അളന്നതും ബഹുമാനിക്കാൻ തുടങ്ങിയതും അന്നുമുതലാണെന്ന് അനൂപ് പറയുന്നു.

കലാഭവൻ മണിയെ അനുസ്മരിച്ച് നടൻ അനൂപ് ചന്ദ്രൻ. കലാഭവൻ മണി വിടപറഞ്ഞ് പത്തുവർഷം പിന്നിട്ട അവസരത്തിലാണ് അനൂപ് ഒരു വീഡിയോയിലൂടെ മണിയെ ഓർക്കുന്നത്. വർഷങ്ങൾക്കുമുൻപ് കലാഭവൻ മണിക്കൊപ്പം അട്ടപ്പാടിയിലെ ഒരു ആദിവാസി ഊരിൽ ഓണസദ്യയും ഓണക്കോടിയും നൽകാൻ പോയ അനുഭവമാണ് അനൂപ് ചന്ദ്രൻ പങ്കുവെച്ചിരിക്കുന്നത്. കലാഭവൻ മണി എന്ന മനുഷ്യനെ താൻ ഏറ്റവും കൂടുതൽ അളന്നതും ബഹുമാനിക്കാൻ തുടങ്ങിയതും അന്നുമുതലാണെന്ന് അനൂപ് പറയുന്നു.
അനൂപ് ചന്ദ്രന്റെ വാക്കുകൾ:
"പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു ആറാം തീയതി മലയാളിക്കര മുഴുവൻ കരഞ്ഞ ഒരു ദിവസമാണ്. പ്രിയങ്കരനായ കലാഭവൻ മണി എന്ന മണികിലുക്കം ഇല്ലാതായിട്ട് പത്ത് വർഷം തികയുകയാണ്. ഞാൻ അദ്ദേഹത്തോടൊപ്പം വളരെ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. ഒരുപക്ഷേ, അദ്ദേഹത്തിന്റെ പാഡിയിൽ പോകാത്ത സിനിമാ നടന്മാരിൽ ഒരാളായിരിക്കാം ഞാൻ. എങ്കിലും, കലാഭവൻ മണി എന്ന മനുഷ്യനെ ഞാൻ ഏറ്റവും കൂടുതൽ അളന്നത്, ബഹുമാനിക്കാൻ തുടങ്ങിയത് അട്ടപ്പാടിയിലെ ഒരു സംഭവത്തോടെയാണ്.
അട്ടപ്പാടിയിൽ അദ്ദേഹം ആദിവാസികൾക്കെല്ലാം ഒരു ഓണസദ്യ നൽകി. അതിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു. ഞാൻ പോയി. എല്ലാവർക്കും ഓണക്കോടിയും സദ്യയും കൊടുത്തപ്പോൾ ഒരു ആദിവാസി സഹോദരൻ മാത്രം ഓണക്കോടി ധരിക്കാതെ നിൽക്കുന്നു. അപ്പോൾ മണി അദ്ദേഹത്തോട് ചോദിച്ചു, "എന്തുപറ്റി? ഓണക്കോടിയൊക്കെ വീട്ടിൽ കൊണ്ട് വച്ചിട്ട് വന്നതാണോ?" തനിക്ക് കോടി കിട്ടിയില്ലെന്ന് ആ മനുഷ്യൻ മറുപടി പറഞ്ഞു. തൽക്ഷണം മണിച്ചേട്ടൻ തന്റെ ഉടുപ്പും മുണ്ടും അഴിച്ച് ആ മനുഷ്യന് നൽകി. പകരം അദ്ദേഹത്തിന്റെ ഉടുപ്പും മുണ്ടും വാങ്ങി മണിച്ചേട്ടൻ ധരിച്ചു. ശേഷം വീണ്ടും വേദിയിൽ കയറി പാടാനും ആടാനും തുടങ്ങി.
പരിപാടികളെല്ലാം കഴിഞ്ഞ് മടങ്ങാൻ നേരത്ത് മണിച്ചേട്ടൻ തന്റെ ജഗ്വാർ കാറിൽ എന്നെ കയറ്റി. "അനുവേ, നീ ഇതിനകത്ത് കേറിക്കോ, ഞാൻ ചാലക്കുടിയിൽ വിട്ടുതരാം" എന്ന് പറഞ്ഞു. യാത്രയ്ക്കിടയിൽ കാറിനകത്ത് ഒരു പ്രത്യേക മണം. അദ്ദേഹം ആ മണത്തിന്റെ ഉറവിടം തേടി മണം പിടിച്ചുകൊണ്ടിരുന്നു. ഒടുവിൽ താൻ ധരിച്ചിരിക്കുന്ന ആ ഉടുപ്പിൽ നിന്നാണ് ആ മണം വരുന്നതെന്ന് അദ്ദേഹം കണ്ടെത്തി. ആ ഉടുപ്പ് മൂക്കോട് ചേർത്ത് കൂട്ടിപ്പിടിച്ച്, ആ മണം ശക്തമായി ശ്വസിച്ചുകൊണ്ട് അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞ ഒരു വാചകമുണ്ട്, ഞാനദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ട ഒരു വാചകം; "ഡാ അനൂപേ, എന്റെ അച്ഛന്റെ മണം!" എന്ന്.
മണ്ണിൽ പണിയെടുക്കുന്ന ഒരു ആദിവാസിയുടെ വിയർപ്പിന്റെ ഗന്ധത്തിന് തന്റെ അച്ഛന്റെ ഗന്ധമാണെന്ന് തിരിച്ചറിയാനുള്ള ആ മനുഷ്യന്റെ ശേഷിയാണ് മണിയെ മലയാളക്കരയുടെ 'മണികിലുക്കമായി' മാറ്റിയത്. ഏറെ വേദനയോടെ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകണമേ എന്ന് ഈ പ്രപഞ്ചത്തോട് പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ."
Content Highlights: Anoop Chandran shares a tribute on Kalabhavan Mani's 10th death anniversary., Details a selfless act where Mani gave his own clothes to a tribal man in Attapadi., Highlights Mani's humble nature and deep empathy for the underprivileged., Recalls a poignant moment where Mani identified the scent of a tribal worker as his father's scent.
Published: 07 Mar 2026, 12:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented