51-ാം വയസ്സിൽ ഒരാൾ അറിയപ്പെടുന്ന ഡോക്ടറായാൽ അതിൽ അത്ഭുതത്തിന് വകയില്ലെന്നു പറയാം. എന്നാൽ ആ പ്രായത്തിൽ ഒരാൾ മെഡിക്കൽ പഠനം ആരംഭിച്ചാൽ തെല്ലൊന്ന് ഞെട്ടാത്തവർ വിരളമായിരിക്കും. തമിഴ്‌നാട് സ്വദേശിയായ എ. സുരേഷ് കുമാറിന്റെ കഥയും ഇത്തരത്തിൽ ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. നാഗപട്ടണം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയ സുരേഷ് കുമാർ, തന്റെ അമ്പതുകളിൽ രണ്ടാം കരിയറിന് തുടക്കമിടുകയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ഡയഗ്നോസ്റ്റിക് കമ്പനിയിൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന സുരേഷ് കുമാർ, ബിബിഎയും പിഎച്ച്ഡിയും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. 1996-ൽ ഫാർമസി ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ റെപ്രസന്റേറ്റീവായാണ് അദ്ദേഹം കരിയർ തുടങ്ങിയത്. ഡോക്ടറാവുക എന്ന കുട്ടിക്കാലത്തെ മോഹം പൂർത്തിയാകാത്ത ഒന്നായി അവശേഷിച്ചിരുന്നു. 2022 മാർച്ചിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ പ്രായപരിധി നീക്കം ചെയ്തതാണ് സുരേഷിന് വഴിത്തിരിവായത്.
മക്കളുടെ ബയോളജി പാഠപുസ്തകങ്ങളും പഴയ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ്. ഇത്തവണ നടന്ന പരീക്ഷയിൽ 192 മാർക്ക് നേടിയ സുരേഷ്, ശാരീരിക വൈകല്യമുള്ളവരുടെ (PwD) വിഭാഗത്തിലാണ് സീറ്റ് ഉറപ്പിച്ചത്. 2019-ൽ ഉണ്ടായ വാഹനാപകടത്തിൽ അദ്ദേഹത്തിന് 40 ശതമാനം ശാരീരിക വൈകല്യം സംഭവിച്ചിരുന്നു.
51-ാം വയസ്സിൽ പഠനം തുടങ്ങുമ്പോഴുള്ള ശാരീരിക അധ്വാനവും ഉറക്കമില്ലായ്മയും വലിയ വെല്ലുവിളിയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പഠനശേഷം ട്രാൻസ്പ്ലാന്റ് മെഡിസിനിൽ ഉപരിപഠനം നടത്താനാണ് സുരേഷ് ആഗ്രഹിക്കുന്നത്.
തന്റെ കരിയറും കുടുംബവും സുരക്ഷിതമാക്കിയെന്നും ഇനി ശമ്പളമില്ലാതെയാണെങ്കിൽ പോലും പിന്നാക്ക മേഖലകളിലോ മലയോര പ്രദേശങ്ങളിലോ സേവനം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
Content Highlights: A 51-year-old corporate executive from Tamil Nadu, Suresh Kumar, cleared NEET using his children's biology textbooks to secure an MBBS seat at Nagapattinam Government Medical College, fulfilling a lifelong dream.
Published: 14 Aug 2026, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented