ഹൃതിക്കിനെ കണ്ട ആ എക്സൈറ്റ്മെന്റിൽ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തിന്റെ കയ്യിലെ ആ ആറാമത്തെ വിരലിലേക്കാണ് എന്റെ മുഴുവൻ ശ്രദ്ധയും പോയത്.

ഹൃതിക് റോഷനും ജിതിൻ ലാലും | ഫോട്ടോ: Instagram, Screengrab
ലണ്ടനിൽവെച്ച് ബോളിവുഡ് താരം ഹൃതിക് റോഷനെ കണ്ടുമുട്ടിയ കഥ പറഞ്ഞ് സംവിധായകൻ ജിതിൻ ലാൽ. എആർഎം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജിതിൻ ലാൽ. ഹൃതിക് റോഷന് തന്നെ മനസിലായി എന്നറിഞ്ഞപ്പോൾ ആശ്ചര്യപ്പെട്ടുവെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ക്രിഷ് 4 എന്ന ചിത്രം താൻ സംവിധാനം ചെയ്യുമെന്ന് ഹൃതിക് അന്നുപറഞ്ഞിരുന്നു. ക്രിഷ് 4 വരുന്നുണ്ടെന്ന് അന്നേ മനസിലായി. ഹൃതിക്കിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ അദ്ദേഹം കമന്റ് ചെയ്തത് വലിയ സന്തോഷം നൽകിയ കാര്യമാണെന്നും ജിതിൻ പറഞ്ഞു.
"അത് ജനുവരി ഒന്നിനാണ്. ലണ്ടനിൽ സോഹോ എന്ന ഒരു ഫുഡ് സ്ട്രീറ്റ് ഉണ്ട്. അവിടെ ഒരു തരം പോർച്ചുഗീസ് ഡെസേർട്ട് കിട്ടുന്ന ഒരു ഭക്ഷണശാലയിൽ ഹൃതിക്കും ഗേൾഫ്രണ്ടും ഉണ്ടായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ സ്വകാര്യ സന്ദർശനം ആയതുകൊണ്ട് നമ്മൾ പോയി ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ. എന്നിട്ടും ഞാൻ അടുത്ത് ചെന്ന് റിക്വസ്റ്റ് ചെയ്തിട്ടാണ് പുള്ളിയുടെ പെർമിഷൻ കിട്ടിയത്. അതിനുശേഷം മാത്രമാണ് ഞാൻ ബാക്കി സംസാരിച്ചത്. അങ്ങനെ കുറെ നേരം സംസാരിച്ചു. പുള്ളിയുടെ ഗേൾഫ്രണ്ടിനെ ഒക്കെ പരിചയപ്പെടുത്തി. എന്റെ സുഹൃത്തുക്കളേയും പരിചയപ്പെടുത്തി. അദ്ദേഹത്തിന് എന്നെ മനസ്സിലായി എന്നുള്ളതാണ് ഏറ്റവും വലിയ സർപ്രൈസ്. കാരണം എആർഎം-ന്റെ ഹിന്ദി ട്രെയിലർ ലോഞ്ച് ചെയ്തത് ഹൃതിക് ആയിരുന്നു.
ഞാൻ അടുത്തതായി ചെയ്യുന്നത് ഒരു വില്ലേജ് ഏലിയൻ സിനിമയാണ്. അപ്പോൾ നമുക്ക് അറിയുന്ന, ഇഷ്ടമുള്ള ഒരു ഏലിയൻ പടം കോയി മിൽ ഗയ ആണല്ലോ. ഞാൻ എന്റെ അടുത്ത സിനിമയേക്കുറിച്ച് പറഞ്ഞു. അപ്പോൾ അദ്ദേഹം തിരിച്ച് ഇങ്ങോട്ട് പറഞ്ഞു താൻ അടുത്തതായി ചെയ്യുന്നത് ക്രിഷ് എന്ന സിനിമയുടെ തുടർച്ചയാണെന്നും അത് സംവിധാനം ചെയ്യുമെന്നുമാണ്. ക്രിഷ് 4 അപ്പോൾ പ്രഖ്യാപിച്ചിട്ടുപോലുമില്ലായിരുന്നു. പക്ഷേ അതിനുമുമ്പ് എന്നോട് ഇക്കാര്യം പറഞ്ഞപ്പോൾ അഭിമാനംതോന്നി. അദ്ദേഹം ARM കണ്ടിട്ടുണ്ടെന്ന് തോന്നുന്നു.
ഹൃതിക്കിനെ കണ്ട ആ എക്സൈറ്റ്മെന്റിൽ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തിന്റെ കയ്യിലെ ആ ആറാമത്തെ വിരലിലേക്കാണ് എന്റെ മുഴുവൻ ശ്രദ്ധയും പോയത്. ഹൃതിക്കിനെ ഒരു സൂപ്പർ ഹീറോ ആയിട്ടാണല്ലോ നമ്മൾ നോക്കുന്നത്. ഫോട്ടോ എടുത്തുകഴിഞ്ഞ് അവിടെനിന്നിറങ്ങി ഞാൻ അപ്പോൾ തന്നെ ഫോട്ടോ പോസ്റ്റ് ചെയ്തു. ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ തുടർച്ചയായി നോട്ടിഫിക്കേഷൻ വരാൻ തുടങ്ങി. നോക്കിയപ്പോൾ ഫോട്ടോയ്ക്ക് ഹൃതിക്കിന്റെ പ്രതികരണം വന്നിരിക്കുന്നു. അപ്പോൾത്തന്നെ ഞാൻ വേറേതോ ലോകത്തായി.
ഞാൻ വിചാരിച്ചു നമ്മൾ ഏതോ ഒരു ഫിലിംമേക്കർ. ഇൻസ്റ്റാഗ്രാമിൽ ഒരുപാടുപേർ അദ്ദേഹത്തിനൊപ്പംനിന്ന് ഫോട്ടോയിടുന്നു. അദ്ദേഹം എല്ലാത്തിനും കമന്റ് ചെയ്യുന്നില്ലല്ലോ. ഞാൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് അദ്ദേഹത്തെപ്പോലൊരു വലിയ താരം കമന്റ് ചെയ്തത് വലിയ കാര്യമാണ്." ജിതിൻലാലിന്റെ വാക്കുകൾ.
ഏലിയൻ ആശയം അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ജിതിൻലാലിന്റേതായി വരാനുള്ളത്. എആർഎം എച്ച ചിത്രത്തിന്റെ സ്പിൻ ഓഫ് ആയി മണിയൻ എന്ന കഥാപാത്രത്തെ നായകനാക്കിയുള്ള ഒരു ചിത്രവും ജിതിൻലാലിന്റെ സംവിധാനത്തിൽ വരുന്നുണ്ട്.
Content Highlights: Director Jithinlal's Astonishing Encounter with Hrithik Roshan: A Tale of Sixth Fingers and Future Films
Published: 28 Nov 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented