ഐഎഫ്എഫ്‌ഐയും ഐഎഫ്എഫ്കെ (IFFK)യുമാണ് എന്റെ ഫിലിം മേക്കിങ്ങിന്റെ മാസ്റ്റര്‍ ക്ലാസ്സും പ്രിപ്പറേഷനും നടന്ന വേദി. ആദ്യകാലങ്ങളില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമയങ്ങളില്‍, സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ഗ്രൂപ്പായി യാത്ര ചെയ്യുകയും ചെലവുകള്‍ ഷെയര്‍ ചെയ്യുകയുമായിരുന്നു.

സംവിധായകൻ ജിതിൻ ലാൽ | ഫോട്ടോ: അറേഞ്ച്ഡ്
ആദ്യ സിനിമതന്നെ ഇൻഡസ്ട്രി ഹിറ്റാവുക. സിനിമയുമായി ലോകമെമ്പാടും സഞ്ചരിക്കുക. നടനും ഗായകനുമുൾപ്പെടെ സംസ്ഥാന പുരസ്കാരം ലഭിക്കുക. പറഞ്ഞുവരുന്നത് ARM എന്ന ചിത്രത്തേക്കുറിച്ചാണ്. ഇക്കഴിഞ്ഞ സംസ്ഥാന പുരസ്കാരങ്ങളിൽ മൂന്ന് പുരസ്കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. പിന്നാലെ സംവിധായകൻ ജിതിൻലാലിനെത്തേടി മറ്റൊരു സുവർണാവസരവും എത്തിയിരിക്കുകയാണ്. നടക്കാനിരിക്കുന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ മികച്ച നവാഗത സംവിധായകനാകാൻ മത്സരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഗോവൻ ചലച്ചിത്രമേളയിൽ ഡെലിഗേറ്റ് ആയി പോയിരുന്നു അതേ ചെറുപ്പക്കാരനാണ് ഈ മത്സരിക്കുന്നത് എന്നതാണ് ഇതിലെ കൗതുകകരമായ കാര്യം. തന്റെയുള്ളിലെ ചലച്ചിത്രകാരനെ വളർത്തിയത് ഐഎഫ്എഫ്ഐയാണെന്ന് പറയുകയാണ് ജിതിൻ. ഈ ഒരുവർഷത്തിനിടെ ജിവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും, യാത്രകളെക്കുറിച്ചും പുതിയ ചിത്രങ്ങളെക്കുറിച്ചും ജിതിൻലാൽ സംസാരിക്കുന്നു.
ഐഎഫ്എഫ്‌ഐ എങ്ങനെയാണ് ജിതിൻലാലിനുള്ളിലെ സംവിധായകനെ വളർത്തിയത്?
ഐഎഫ്എഫ്‌ഐയുടെ ഇന്ത്യന്‍ പനോരമയിലെ മത്സര വിഭാഗത്തില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനു വേണ്ടിയാണ് മത്സരിക്കുന്നത്. 2012-2014 കാലഘട്ടം മുതല്‍ ഐഎഫ്എഫ്‌ഐയില്‍ പങ്കെടുക്കുന്ന ഒരാളാണ്. ഐഎഫ്എഫ്‌ഐയും ഐഎഫ്എഫ്കെ (IFFK)യുമാണ് എന്റെ ഫിലിം മേക്കിങ്ങിന്റെ മാസ്റ്റര്‍ ക്ലാസ്സും പ്രിപ്പറേഷനും നടന്ന വേദി. ആദ്യകാലങ്ങളില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള സമയങ്ങളില്‍, സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ഗ്രൂപ്പായി യാത്ര ചെയ്യുകയും ചെലവുകള്‍ ഷെയര്‍ ചെയ്യുകയുമായിരുന്നു.
ഐഎഫ്എഫ്‌ഐക്ക് പോയിരുന്ന ആ കാലത്തെ ഒരനുഭവം പറയാമോ?
എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഒരിക്കൽ കുറച്ച് സുഹൃത്തുക്കൾ ട്രെയിൻ ഒക്കെ ബുക്ക് ചെയ്തുപോയപ്പോൾ ഞാനും എന്റെ ഒരു സുഹൃത്തും കൂടി ഇവിടുന്ന് ലോക്കൽ ട്രെയിനിൽ മംഗലാപുരത്തേക്ക് പോയി. അവിടെനിന്ന് കുന്ദാപുരയെത്തി, വേറൊരു ലോക്കൽ ബസ്സിൽ കുംട്ട, അവിടെനിന്ന് അടുത്ത ബസ്സിൽ കാർവാർ, പിന്നെ പഞ്ചിം. ചലച്ചിത്രമേളയുടെ സമയമാവുമ്പോൾ നമ്മൾ പഞ്ചിമിൽ എങ്ങനെയെങ്കിലും എത്തും. ഒരുപാട് ആൾക്കാരെ പരിചയപ്പെടുകയും കാണുകയും ഒക്കെ ചെയ്യുന്നുണ്ട്. പിന്നെ ഒരു ഘട്ടമെത്തിയപ്പോൾ ഒറ്റയ്ക്ക് ആണെങ്കിലും ഞാൻ മേളയ്ക്ക് പോകും. അവിടെ ഒരു യൂത്ത് ഹോസ്റ്റലുണ്ട്. അവിടെ 200 രൂപയ്ക്ക് സാധാരണ ഡോർമെറ്ററിയിൽ നിൽക്കും. അത് കഴിഞ്ഞ് സാമ്പത്തികം കുറച്ചുകൂടി മെച്ചപ്പെട്ടപ്പോൾ 500 രൂപ കൊടുത്ത് എസി ഡോർമെറ്ററിയിൽ നിന്നിട്ടുണ്ട്. പിന്നീട് 1500 രൂപ കൊടുത്തും നിന്നിട്ടുണ്ട്.
IFFI-യിലേക്കുള്ള ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് ARM തിരക്കഥാകൃത്ത് സുജിത് നമ്പ്യാർ പ്രതികരിച്ചതെങ്ങനെയാണ്?
സുജിത്ത് ഏട്ടനും ഭയങ്കര ഹാപ്പിയാണ്. കാരണം ഐഎഫ്എഫ്ഐ എന്തുമാത്രം എന്റെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് അറിയുന്ന ഒരാൾ സുജിത്ത് ഏട്ടനാണ്. കഴിഞ്ഞ തവണ ARM ചലച്ചിത്രമേളയ്ക്ക് അയയ്ക്കാൻ പറ്റിയില്ലെങ്കിലും ഇത്തവണത്തെ അറിയിപ്പ് വന്നപ്പോൾതന്നെ സിനിമ മത്സരത്തിന് സമർപ്പിച്ചു. ഞാൻ അതിന്റെ റിസൾട്ടിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നുള്ളത് അദ്ദേഹത്തിന് അറിയാം.
കഴിഞ്ഞവർഷം ഫിലിം മേക്കിംഗിനെക്കുറിച്ചുള്ള സെഷനിൽ പങ്കെടുത്തിരുന്നല്ലോ?
അതെ, കഴിഞ്ഞ വർഷം IFFI- യിൽ ഐടി മിഷന്റെ ഒരു സെഷൻ ഉണ്ടായിരുന്നു. വിഎഫ്എക്സ്, എഐ ഫിലിം മേക്കിംഗിനെക്കുറിച്ചുള്ളതായിരുന്നു അത്. എനിക്ക് ഒരു ഗസ്റ്റ് പാസ് ഉണ്ടായിരുന്നു. കഴിഞ്ഞവർഷം എന്നെ സംബന്ധിച്ച് ഡെലിഗേറ്റ് അല്ലെങ്കിൽ ഫിലിം പ്രൊഫഷണൽ എന്നുള്ളതിൽനിന്ന് ഗസ്റ്റ് എന്ന രീതിയിലേക്ക് അപ്ഡേഷൻ വന്നു. അന്ന് സെപ്റ്റംബറിൽ ARM റിലീസ് ആയി. പക്ഷേ നമുക്ക് ആ വർഷത്തെ മേളയ്ക്ക് സിനിമ അയയ്ക്കാൻ പറ്റില്ലായിരുന്നു. കാരണം ഓഗസ്റ്റ് വരെയുള്ള സിനിമകളാണ് പരിഗണിച്ചിരുന്നത്. അന്ന് അറിയുന്ന ഒരാൾ മുഖേനയാണ് ഗസ്റ്റ് പാസ് വാങ്ങിയത്. അന്ന് ഞാൻ അവിടെ വെച്ച് അദ്ദേഹത്തോട് തമാശയായി പറഞ്ഞിരുന്നു, അടുത്ത പ്രാവശ്യം സിനിമ ഉണ്ടെങ്കിൽ ഞാൻ ഇങ്ങനെ ബുദ്ധിമുട്ടിക്കില്ലെന്ന്. തമാശയ്ക്ക് പറഞ്ഞു കഴിഞ്ഞാൽ ഡോർമെട്രിയിൽ നിന്ന് താജിലേക്കുള്ള ഒരു ജേർണി ആണ് ഈ ചലച്ചിത്രമേള എന്നുപറയാം.
ഇത്തവണത്തെ സംസ്ഥാനപുരസ്കാരങ്ങളിൽ ARM-ന് മൂന്ന് അവാർഡുകൾ കിട്ടിയല്ലോ? മൂന്നുപേർക്കും ആദ്യത്തെ സംസ്ഥാന പുരസ്കാരമാണ്...
അതെ. എനിക്ക് വിഎഫ്എക്സ് സൂപ്പർവൈസർക്കുള്ള പുരസ്കാരമാണ് കിട്ടിയത്. ടൊവിനോക്ക് പ്രത്യേക ജൂറി പരാമർശവും ഹരിശങ്കറിന് ഗായകനുള്ള അവാർഡും. ആദ്യത്തെ സിനിമയ്ക്കുതന്നെ സ്റ്റേറ്റ് അവാർഡ് കിട്ടുക എന്നത് സന്തോഷമുള്ള കാര്യമാണ്. പിന്നെ ടോവിയുടെ ആദ്യത്തെ സ്റ്റേറ്റ് അവാർഡും ഹരിശങ്കറിന്റെ ആദ്യത്തെ സ്റ്റേറ്റ് അവാർഡും എആർഎം-ലൂടെ കിട്ടിയതിൽ ഭയങ്കര സന്തോഷമുണ്ട്. പിന്നെ IFFI-യിൽ ഈ പറയുന്ന വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളിൽ ഏക മലയാള സിനിമ എആർഎം ആണ്. അപ്പോൾ അത് തന്നെ ഒരു വലിയ അംഗീകാരമാണ്. ലാലേട്ടന്റെ തുടരും സിനിമ സെലക്ട് ആയിട്ടുണ്ട്. മത്സരവിഭാഗത്തിൽ ആസിഫിന്റെ പടമുണ്ട്. ഒരുപാട് റെഡ് കാർപെറ്റും ഒരുപാട് താരങ്ങളെയും നമ്മൾ ബാരിക്കേഡിന്റെ അപ്പുറത്ത് ഇരുന്ന് കണ്ടിട്ടുണ്ട്. ഇനി ആ കാർപെറ്റിലൂടെ നടക്കാൻപോകുന്നു എന്നുള്ളതിന്റെ ഒരു എക്സൈറ്റ്മെന്റ് ഉണ്ട്.
ARMന്റെ വിജയത്തിനുശേഷം ജീവിതത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
എആർഎമ്മിന്റെ വിജയം നടക്കുന്ന സമയത്തുതന്നെ ആ വിജയത്തിലേക്ക് കൂടുതൽ ശ്രദ്ധകൊടുക്കാതെ അടുത്ത പരിപാടിയുടെ കാര്യങ്ങളായിട്ടും ഒരു സിനിമാ വർക്ക്ഷോപ്പ് എന്നുള്ള രീതിയിലും ഞാൻ ഒരുപാട് വിദേശയാത്ര ചെയ്യുകയായിരുന്നു. അടുത്ത സിനിമയെ പറ്റിയുള്ള ചിന്തയും തയ്യാറെടുപ്പുകളിലുമായിരുന്നു കൂടുതൽ ശ്രദ്ധ ചെലുത്തിയത്.
തായ്പേയ് ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള അനുഭവങ്ങൾ എന്തെല്ലാമാണ്?
എനിക്ക് ജീവിതത്തിൽ ഏറ്റവും വലിയ ഒരു ഭാഗ്യമായിരുന്നു അത്. നാട്ടിലുള്ളതുപോലെ ആരാധകർ തായ്‌വാനിൽ ഉണ്ടാകുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. എയർപോർട്ടിൽ നിന്ന് വന്നപ്പോൾ തന്നെ എആർഎമ്മിന്റെ അണിയറക്കാർ വരുന്നു എന്നറിഞ്ഞിട്ട് ഒരു കൂട്ടം ആൾക്കാർ, ഇന്ത്യൻ ഫിലിംസ് ഇഷ്ടമുള്ള ആളുകൾ കാത്തുനിന്നിരുന്നു. അവർക്ക് ഇംഗ്ലീഷ് പോലും അറിയില്ല. അത്രയും ആൾക്കാൾ നമുക്ക് വേണ്ടി സമ്മാനങ്ങളുമായി വന്നു. അങ്ങുവാനക്കോണിൽ എന്ന ഗാനത്തിന്റെ വരികൾ മാൻഡരിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് പ്രിന്റ് എടുത്ത് വന്നവരുമുണ്ടായിരുന്നു. അവിടെ പരിചയപ്പെട്ട ഒരു ഫാമിലി ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. ഫെസ്റ്റിവൽ കഴിഞ്ഞിട്ട് അവരുടെ വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഞങ്ങൾ അവിടെ കുറച്ചു ദിവസം നിന്നു. അവർക്കൊപ്പം യാത്ര പോയി. അപ്പോഴും ഞാനും ടൊവിനോയും വരുന്നതറിഞ്ഞ് ഓട്ടോഗ്രാഫ് വാങ്ങാൻ ഒരുപാട് പേർ കാത്തുനിന്നിരുന്നു. ഇപ്പോൾ രാജമൗലി സാർ ഒക്കെ ചൈനയിലും ജപ്പാനിലും കൊറിയയിലും ഒക്കെ പോകുമ്പോൾ ലഭിക്കുന്ന സ്വീകരണം കണ്ട് നമ്മൾ കൊതിച്ചിട്ടുണ്ട്. പക്ഷേ അത് എആർഎമ്മിന് ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ആയിരത്തോളം ആളുകൾക്ക് ഇരിക്കാൻപറ്റുന്ന ഒരു തിയേറ്ററിലായിരുന്നു സ്ക്രീനിങ് നടന്നത്. 800 പേരുണ്ടായിരുന്നു. ആക്ഷന് മാത്രമല്ല, കോമഡിക്ക് വരെ അവർ ചിരിക്കുന്നു, കൈയ്യടിക്കുന്നു. ARM-ന് അവിടെ ഒരു വൈഡ് റിലീസ് കിട്ടിയിരുന്നെങ്കിൽ എന്നുപോലും ആഗ്രഹിച്ചിരുന്നു.
നേരത്തേ പറഞ്ഞ വർക്ക്ഷോപ്പിന്റെ ഭാഗമായിട്ടാണോ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ പോയത്?
അല്ല. വർക്ക്‌ഷോപ്പിന്റെ ഭാഗമായി ദുബായിലും മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലും അയർലൻഡിലും ലണ്ടനിലുമാണ് പോയത്. സംവിധാനവുമായി ബന്ധപ്പെട്ട വർക്ക്‌ഷോപ്പ് ആയിരുന്നു അത്. മലയാളികൾ തന്നെയാണ് ക്ഷണിച്ചത്.
അയർലൻഡിലെ കിങ്സ്റോഡിൽ പോയിരുന്നല്ലോ, ആ അനുഭവം എങ്ങനെയായിരുന്നു?
ഗെയിം ഓഫ് ത്രോൺസ് ചിത്രീകരിച്ച സ്ഥലങ്ങളിലൊന്നാണ് കിങ്സ്റോഡ്. ഗെയിം ഓഫ് ത്രോൺസ് അല്ലെങ്കിൽ ലോഡ് ഓഫ് റിംഗ്സ്, ഹാരി പോട്ടർ പോലുള്ള സിനിമകളിലും സീരീസുകളിലും കാണിച്ചിട്ടുള്ള ഒരുപാട് ഐക്കോണിക് സ്ഥലങ്ങൾ യുകെയിൽ ഇഷ്ടം പോലെ ഉണ്ട്. ഇവിടെ എല്ലാം പോകാൻ പറ്റി. പിന്നെ സ്റ്റോൺ ഹെഞ്ച് ഭയങ്കര ഒരു ഫാസിനേറ്റഡ് ആയിട്ടുള്ള ഒരു യുനെസ്കോ സൈറ്റ് ആണ്. അവിടെ പോകാൻ പറ്റി. ഞാൻ ഒരുപാട് ടർക്കിഷ് സീരീസ് കാണുന്ന ആളാണ്. ഇസ്താംബുളും ടർക്കിയും പോയപ്പോൾ ഇതേപോലെ സീരീസിൽ കാണുന്ന സ്ഥലങ്ങൾ കാണാൻ സാധിച്ചു. കാരണം ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒരുപാട് സറിയൽ ലൊക്കേഷൻസ് നമുക്ക് രജിസ്റ്റർ ആകും. കാരണം ഞാൻ ഒരു ഫാന്റസി സിനിമ ചെയ്യുമ്പോൾ ഇതെല്ലാം എനിക്ക് എന്റെ സിനിമയുടെ വേൾഡ് ബിൽഡിങ്ങിന് വേണ്ടി എനിക്ക് ഉപകാരമാകും. ഒരു റഫറൻസ് ആകും, ഉറപ്പായിട്ടും. നമുക്ക് എന്തായാലും നമ്മുടെ ബഡ്ജറ്റ് വെച്ചിട്ട് അവിടെ പോയി ഷൂട്ട് ചെയ്യാൻ പറ്റില്ലല്ലോ. അപ്പോൾ ഞാൻ അത് വിഎഫ്എക്സിൽ എങ്കിലും കൊണ്ടുവരും.
എപ്പോഴാണ് ഹൃതിക് റോഷനെ കണ്ടത്?
അത് ജനുവരി ഒന്നിനാണ്. ലണ്ടനിൽ സോഹോ എന്ന ഒരു ഫുഡ് സ്ട്രീറ്റ് ഉണ്ട്. അവിടെ ഒരു തരം പോർച്ചുഗീസ് ഡെസേർട്ട് കിട്ടുന്ന ഒരു ഭക്ഷണശാലയിൽ ഹൃതിക്കും ഗേൾഫ്രണ്ടും ഉണ്ടായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ സ്വകാര്യ സന്ദർശനം ആയതുകൊണ്ട് നമ്മൾ പോയി ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ. എന്നിട്ടും ഞാൻ അടുത്ത് ചെന്ന് റിക്വസ്റ്റ് ചെയ്തിട്ടാണ് പുള്ളിയുടെ പെർമിഷൻ കിട്ടിയത്. അതിനുശേഷം മാത്രമാണ് ഞാൻ ബാക്കി സംസാരിച്ചത്. അങ്ങനെ കുറെ നേരം സംസാരിച്ചു. പുള്ളിയുടെ ഗേൾഫ്രണ്ടിനെ ഒക്കെ പരിചയപ്പെടുത്തി. എന്റെ സുഹൃത്തുക്കളേയും പരിചയപ്പെടുത്തി. അദ്ദേഹത്തിന് എന്നെ മനസ്സിലായി എന്നുള്ളതാണ് ഏറ്റവും വലിയ സർപ്രൈസ്. കാരണം എആർഎം-ന്റെ ഹിന്ദി ട്രെയിലർ ലോഞ്ച് ചെയ്തത് ഹൃതിക് ആയിരുന്നു. ഞാൻ അടുത്തതായി ചെയ്യുന്നത് ഒരു വില്ലേജ് ഏലിയൻ സിനിമയാണ്. അപ്പോൾ നമുക്ക് അറിയുന്ന, ഇഷ്ടമുള്ള ഒരു ഏലിയൻ പടം കോയി മിൽ ഗയ ആണല്ലോ. ഞാൻ എന്റെ അടുത്ത സിനിമയേക്കുറിച്ച് പറഞ്ഞു. അപ്പോൾ അദ്ദേഹം തിരിച്ച് ഇങ്ങോട്ട് പറഞ്ഞു താൻ അടുത്തതായി ചെയ്യുന്നത് ക്രിഷ് എന്ന സിനിമയുടെ തുടർച്ചയാണെന്നും അത് സംവിധാനം ചെയ്യുമെന്നുമാണ്. ക്രിഷ് 4 അപ്പോൾ പ്രഖ്യാപിച്ചിട്ടുപോലുമില്ലായിരുന്നു. പക്ഷേ അതിനുമുമ്പ് എന്നോട് ഇക്കാര്യം പറഞ്ഞപ്പോൾ അഭിമാനംതോന്നി. അദ്ദേഹം ARM കണ്ടിട്ടുണ്ടെന്ന് തോന്നുന്നു.
അന്നെടുത്ത ഫോട്ടോയ്ക്ക് ഹൃതിക് റോഷൻ കമന്റ് ചെയ്തിരുന്നല്ലോ...
ഹൃതിക്കിനെ കണ്ട ആ എക്സൈറ്റ്മെന്റിൽ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തിന്റെ കയ്യിലെ ആ ആറാമത്തെ വിരലിലേക്കാണ് എന്റെ മുഴുവൻ ശ്രദ്ധയും പോയത്. ഹൃതിക്കിനെ ഒരു സൂപ്പർ ഹീറോ ആയിട്ടാണല്ലോ നമ്മൾ നോക്കുന്നത്. ഫോട്ടോ എടുത്തുകഴിഞ്ഞ് അവിടെനിന്നിറങ്ങി ഞാൻ അപ്പോൾ തന്നെ ഫോട്ടോ പോസ്റ്റ് ചെയ്തു. ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ തുടർച്ചയായി നോട്ടിഫിക്കേഷൻ വരാൻ തുടങ്ങി. നോക്കിയപ്പോൾ ഫോട്ടോയ്ക്ക് ഹൃതിക്കിന്റെ പ്രതികരണം വന്നിരിക്കുന്നു. അപ്പോൾത്തന്നെ ഞാൻ വേറേതോ ലോകത്തായി. ഞാൻ വിചാരിച്ചു നമ്മൾ ഏതോ ഒരു ഫിലിംമേക്കർ. ഇൻസ്റ്റാഗ്രാമിൽ ഒരുപാടുപേർ അദ്ദേഹത്തിനൊപ്പംനിന്ന് ഫോട്ടോയിടുന്നു. അദ്ദേഹം എല്ലാത്തിനും കമന്റ് ചെയ്യുന്നില്ലല്ലോ. ഞാൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് അദ്ദേഹത്തെപ്പോലൊരു വലിയ താരം കമന്റ് ചെയ്തത് വലിയ കാര്യമാണ്.
പുതിയ സിനിമകൾ ഏതെല്ലാമാണ്? ARM സ്പിൻ ഓഫ് ഉണ്ടാകുമോ?
ഏലിയൻ സബ്ജെക്റ്റ് ആണ് അടുത്തത്. അതിന്റെ എഴുത്ത് കഴിഞ്ഞു. അത് വലിയ മുടക്കുമുതൽ വരുന്ന സിനിമയാണ്. നിർമാതാക്കളുമായുള്ള ചർച്ചകൾ നടന്നുവരികയാണ്. മലയാളത്തിലെതന്നെ വലിയ മുതൽമുടക്കുള്ള സിനിമയാണത്. ARM-ന്റെ സ്പിൻ ഓഫ് ആയി മണിയൻ എന്ന കഥാപാത്രത്തെ നായകനാക്കിയുള്ള ഒരു ചിത്രവും വരുന്നുണ്ട്.
Content Highlights: Discover ARM director Jithinlaal`s inspiring journey from IFFI delegate to nominee. Learn about his global film festival experiences, meeting Hrithik Roshan, and future projects.
Published: 10 Nov 2025, 11:00 am IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്‍.ടി
anjaydas@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented