സത്യൻ അ‌ന്തിക്കാടും താനും ഒന്നിക്കുന്ന 'മകൾ' എന്ന പുതിയ ചിത്രത്തിന് പേരിട്ട കഥ വെളിപ്പെടുത്തി നടൻ ജയറാം. തന്റെ മകൾ മാളവികയാണ് പേരിനുള്ള കാരണക്കാരിയെന്ന് ജയറാം പറഞ്ഞു.

To advertise here,

'സാധാരണ സത്യൻ അ‌ന്തിക്കാട് ചിത്രങ്ങൾക്ക് വൈകിയാണ് പേരിടാറ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ അ‌വസാന ദിവസം എന്റെ മകൾ മാളവിക  ലൊക്കേഷനിൽ എത്തിയിരുന്നു. അ‌ന്ന് ഷൂട്ടിങ് കാണാൻ കുറച്ച് കുടുംബങ്ങള്‍ എത്തിയിരുന്നു. അ‌വർ കൂടെയാരാണെന്ന് ചോദിച്ചപ്പോൾ, 'എന്റെ മകളാണ്' എന്ന് പറഞ്ഞു. ഇതുകേട്ട് സത്യൻ അ‌ന്തിക്കാട് എന്നെ വിളിച്ചിട്ട് പറഞ്ഞു -ഇതാണ് നമ്മുടെ സിനിമയുടെ ടൈറ്റിൽ!'

'മകൾ, മകൾ, മകൾ.. എന്ന് ഒരു ആൾക്കൂട്ടത്തിനു മുന്നിൽ നിന്ന് അ‌ഭിമാനത്തോടെ പറയുന്നത് കേട്ടപ്പോൾ അ‌ദ്ദേഹത്തിനു തോന്നി ഇതാണ് ഈ സിനിമയ്ക്ക് യോജിക്കുന്ന പേരെന്ന്. ഈ വനിതാദിനത്തിൽ ഇത് പറയാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്' -ജയറാം കൂട്ടിച്ചേർത്തു.

കൊച്ചിയിൽ പ്രഭാസിനൊപ്പം 'രാധേ ശ്യാം' എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്. രാധേ ശ്യാം മാർച്ച് 11ന് തിയറ്ററുകളിലെത്തും. ഏപ്രിൽ 29നാണ് മകൾ റിലീസ് ചെയ്യുന്നത്.