
ഒരിടവേളയ്ക്ക് ശേഷം മീരാജാസ്മിൻ നായികാവേഷത്തിൽ തിരിച്ചെത്തുന്ന സിനിമയായതിനാൽ നേരത്തെ തന്നെ പ്രേക്ഷകചർച്ചകളിൽ ഇടംപിടിച്ച സിനിമയാണ് സത്യൻ അന്തിക്കാടിന്റെ 'മകൾ'. 11 വർഷത്തിന് ശേഷം സത്യൻ അന്തിക്കാട് -ജയറാം കൂട്ടുകെട്ടിൽ പിറന്ന, കുടുംബസമേതം കാണാവുന്ന ഒരു കൊച്ചുസിനിമ. കുടുംബസിനിമകളുടെ സംവിധായകൻ എന്ന ട്രേഡ് മാർക്ക് ഈ സിനിമയിലും സംവിധായകൻ നിലനിർത്തിയെന്ന് വേണം പറയാൻ. ഏറെ കാലിക പ്രസക്തിയുള്ള വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. മക്കൾക്ക് രക്ഷിതാക്കളേയും രക്ഷിതാക്കൾക്ക് മക്കളേയും മനസ്സിലാക്കാൻ പ്രേരിപ്പിക്കുന്ന ചിത്രം.
വ്യത്യസ്ത മതത്തിൽപ്പെട്ട ജൂലിയും നന്ദകുമാറും ഇവരുടെ മകൾ അപർണയും ഈ കുടുംബത്തിന്റെ കഥയാണ് മകൾ. പേരുപോലെ തന്നെ ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ സ്ഥാനം പിടിക്കുന്നതും ചിത്രത്തിൽ മകളായി അഭിനയിച്ച ദേവിക സഞ്ജയ് തന്നെ ആയിരിക്കും. കാരണം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് അപർണയെന്ന കഥാപാത്രമാണ്. ഈ ടീനേജുകാരിയുടെ റോൾ ദേവിക സഞ്ജയ് ഭദ്രമായി ചെയ്തു എന്നുവേണം പറയാൻ. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശനിലൂടെ സിനിമയിലെത്തിയ ദേവികയുടെ രണ്ടാമത്തെ സിനിമയാണ് മകൾ.
ഒരു പ്രത്യേക സാഹചര്യത്തിൽ കൗമാരക്കാരിയായ മകളുടെ കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കേണ്ടി വരുന്ന അച്ഛന്റെ വേഷം ജയറാമും ഇവർക്കിടയിൽപ്പെട്ടുപോകുന്ന ജൂലിയെന്ന അമ്മയായി മീരാജാസ്മിനും തന്മയത്വത്തോടെ തന്നെ അഭിനയിച്ചു എന്ന് വേണം പറയാൻ. സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള കാലഘട്ടത്തിന്റെ പ്രതിനിധിയാണ് നന്ദൻ. മകളെ സുഹൃത്തായി കാണുന്ന അമ്മയാണ് മീരാജാസ്മിൻ. പക്ഷെ സിനിമയുടെ രണ്ടാം ഭാഗത്ത് മീരാജാസ്മിന്റെ പ്രധാന്യം അൽപം കുറഞ്ഞു പോയി എന്നുമാത്രം.
അപർണയെ പ്രണയിക്കുന്ന നസ്ലിന്റെ രോഹിത്താണ് ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപാത്രം. ബാലാജി മനോഹർ, സിദ്ദിഖ്, എന്നിവരും കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. സത്യൻ അന്തിക്കാടിന്റെ സിനിമകളിലെ പതിവുമുഖങ്ങളിൽ ഇന്നസെന്റ് മാത്രമാണ് ഈ സിനിമയിൽ ഉള്ളത്. അതിഥി വേഷത്തിൽ ശ്രീനിവാസനും എത്തുന്നു. ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.
ഇമ്പമുള്ള ഒരുപിടി ഗാനങ്ങളും സത്യൻ അന്തിക്കാടിന്റെ സിനിമയിലുണ്ടാവാറുണ്ടെങ്കിലും ഇക്കുറി പാട്ടുകളുടെ എണ്ണം കുറഞ്ഞു. പക്ഷെ കഥയോടും മകൾ എന്ന പേരിനോടും ഏറ്റവും ചേർന്ന് നിൽക്കുന്നതാണ് കൺമണിയെന്ന ഗാനം. ബി. കെ. ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്. വിഷ്‍ണു വിജയന്റെ സംഗീതസംവിധാനത്തിൽ പ്രദീപ് കുമാർ, കാർത്തിക വൈദ്യനാഥൻ എന്നിവർ പാടിയിരിക്കുന്നു. രാഹുൽ രാജിന്റെ പശ്ചാത്തല സംഗീതവും 'മകൾ' എന്ന ചിത്രത്തെ മനോഹരമാക്കുന്നു. അന്തിക്കാട് സിനിമകളുടെ സ്ഥിരം ഛായാഗ്രാഹകൻ എസ്. കുമാർ വീണ്ടും ഇക്കുറിയും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
Content Highlights: Makal Movie Review
Published: 30 Apr 2022, 09:23 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented