ബോളിവുഡ് താരം ഗോവിന്ദയുടെ മകൻ യഷ് വർധൻ അഹൂജയും തമ്മിൽ വിവാഹിതയായി എന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ എ.ഐ. വീഡിയോകൾക്കെതിരെ പ്രതികരണവുമായി നടി ജെയ്മി ലെവർ രംഗത്ത്. വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും യഷ് വർധൻ തനിക്ക് അനിയനെപ്പോലെയാണെന്നും ജെയ്മി ലെവർ വ്യക്തമാക്കി. ഇത്തരം വ്യാജ വീഡിയോകൾ കാരണം തനിക്ക് വരേണ്ട യഥാർഥ വിവാഹാലോചനകൾ വരെ തടസ്സപ്പെടുകയാണെന്ന് താരം തമാശരൂപേണ പറഞ്ഞു.

To advertise here,

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ജെയ്മി പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് മറുപടി നൽകിയത്. 'എന്റെ വിവാഹത്തെക്കുറിച്ച് നിരവധി ആളുകൾ ആശങ്കാകുലരാണെന്ന് എനിക്കറിയാം. വിവാഹം നടക്കുന്നുണ്ടോ, എന്ന് നടക്കും എന്നൊക്കെ അവർ ചിന്തിക്കുകയാണ്. ഇതേത്തുടർന്ന് ചില എ.ഐ. നിർമിത വ്യാജ വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ആദ്യം എനിക്കിത് തമാശയായി തോന്നി, ഞാൻ അത് ആസ്വദിക്കുകയും ചെയ്തു. എന്റെ ബന്ധുക്കളും ഞാനും വീഡിയോകൾ പരസ്പരം അയച്ചുകൊടുത്ത് ഒരുപാട് ചിരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആളുകൾ എന്നെ വിളിച്ച് ആശംസകൾ അറിയിക്കുന്ന ഘട്ടം വരെ കാര്യങ്ങൾ എത്തിനിൽക്കുകയാണ്,' ജെയ്മി പറഞ്ഞു.

വ്യാജ പ്രചാരണങ്ങൾ തന്റെ യഥാർഥ വിവാഹാലോചനകളെ ബാധിച്ചുതുടങ്ങിയെന്നും താരം തമാശരൂപേണ കൂട്ടിച്ചേർത്തു. 'ഇത് ചെറുതായി പ്രശ്‌നമാവാൻ തുടങ്ങിയിട്ടുണ്ട്. കാരണം ആളുകൾ എന്നെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. എനിക്ക് വന്നുകൊണ്ടിരുന്ന യഥാർഥ വിവാഹാലോചനകൾ വരുന്നത് നിന്നു. അതിനാൽ ദയവായി ഇനിയിത് ചെയ്യരുത്,' നടി പറഞ്ഞു.

വീഡിയോകൾ നിർമിച്ചവരുടെ സർഗാത്മകതയെ നടി പരിഹാസരൂപേണ പ്രശംസിച്ചു. 'ആരാണ് ഈ അഭ്യൂഹത്തിന് തുടക്കമിട്ടതെന്ന് എനിക്കറിയില്ല. പക്ഷേ ആളുകൾ ഉണ്ടാക്കിയ എ.ഐ. വീഡിയോകൾ ക്രിയേറ്റീവാണ്. കല്യാണപ്പെണ്ണിന്റെ വസ്ത്രത്തിൽ എന്നെ കാണുന്നത് വളരെ ക്രിയേറ്റീവ് ആണ്. എന്നാൽ നിങ്ങൾക്ക് ഇപ്പോൾ ആവശ്യത്തിന് വ്യൂസ് ലഭിച്ചില്ലേ? ഇനി നിങ്ങൾക്ക് ആ വീഡിയോകൾ നീക്കം ചെയ്യാം. കാരണം നിങ്ങൾക്ക് വ്യൂസ് ലഭിച്ചുകഴിഞ്ഞു', അവർ വ്യക്തമാക്കി.

വീഡിയോയിൽ യഷ് വർധന്റെ പേര് പരാമർശിച്ചില്ലെങ്കിലും അവൻ തന്റെ ഇളയസഹോദരനെപ്പോലെയാണെന്ന് ജെയ്മി പറഞ്ഞു. 'വിവാഹ വാർത്തകളിൽ പ്രചരിക്കുന്ന ആൾ പ്രായത്തിൽ എന്നേക്കാൾ ഇളയതാണ്. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ പ്രവർത്തിക്കുന്നുമുണ്ട്. അവൻ എന്റെ സഹോദരനാണ്, എന്നെക്കാൾ വളരെ ചെറുപ്പമാണ്. അതിനാൽ ദയവായി അനാവശ്യ വീഡിയോകൾ നിർമിക്കരുത്. അത് വളരെ മോശമാണ്,' നടി പറഞ്ഞു.

'ഹീറോ കി ഹീറോയിൻ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് യഷ് വർധൻ അഹൂജ. നീണ്ട ഇടവേളയ്ക്ക് ശേഷം സാജിദ് ഖാൻ സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. നിതാൻഷി ഗോയൽ, സുനിത അഹൂജ, ജെയ്മി ലെവർ, ചങ്കി പാണ്ഡെ, ബ്രിജേന്ദ്ര കല, സിമ്രത് കൗർ രൺധാവ എന്നിവരടങ്ങുന്ന താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.