'എന്റെ ജീവിതത്തില് ഇന്നുവരെ മറ്റൊരു കാര്യത്തിനും ഞാന് ഇത്രയധികം അധ്വാനിച്ചിട്ടില്ല. ഇതിനുപിന്നിലെ പരിശ്രമവും കണ്ട സ്വപ്നങ്ങളും എത്രത്തോളമുണ്ടെന്ന് വാക്കുകളാല് വിവരിക്കാനാവില്ല,'

സോഷ്യൽ മീഡിയ കാത്തിരുന്ന വിവാഹമായിരുന്നു നടിയും ഇൻഫ്ളുവൻസറുമായ അഹാന കൃഷ്ണയുടെയും ക്യാമറമാൻ നിമിഷ് രവിയുടെയും. ഇവരുടെ വിവാഹചിത്രങ്ങൾ സോഷ്യൽമീഡിയ ആഘോഷിച്ചുവെന്നുതന്നെ പറയാം. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് നാളുകൾക്ക് ശേഷം കോർ മെമ്മറിയെന്ന പേരിൽ പുറത്തുവന്ന ഇവരുടെ വിവാഹ വീഡിയോയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
ഒൻപതുമാസമെടുത്ത് തന്റെ ബിഗ് ഡേയ്ക്കായി അഹാന നടത്തിയ ഒരുക്കങ്ങളും കുടുംബത്തിന്റെ പിന്തുണയും സ്വപ്നം സാക്ഷാത്ക്കരിച്ച സന്തോഷത്തിൽ വിവാഹദിവസം രാത്രി അഹാനയും നിമിഷും ഒന്നിച്ചിരുന്ന് വിവാഹത്തിന്റെ പ്ലാനിങ്ങിനെക്കുറിച്ച് സംസാരിക്കുന്നതുമെല്ലാം ഹൃദയസ്പർശിയായ അനുഭവമാണ് സമ്മാനിക്കുന്നത്.
അഹാനയെക്കുറിച്ച് സഹോദരിമാർ സംസാരിക്കുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്. ചെറുപ്പം മുതലേ ഏതൊരു പ്രതിസന്ധിയിലും കവചമായി ഒപ്പംനിന്ന പ്രിയപ്പെട്ട 'അമ്മു' എന്ന അഹാനയ്ക്ക് അവർ ആശംസകൾ നേരുന്നുണ്ട്, സ്കൂൾ പഠനകാലത്ത് എന്തെങ്കിലും വീഴ്ചകൾ പറ്റി വീട്ടിൽനിന്ന് വഴക്ക് കേൾക്കേണ്ടി വരുമ്പോഴെല്ലാം തന്നെ സംരക്ഷിച്ച് മുൻപിൽ നിന്നിരുന്നത് അഹാനയായിരുന്നു എന്ന് ദിയ കൃഷ്ണ പറഞ്ഞു. 'എല്ലാവരും പറയാറുണ്ട് ഒരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ എന്ന്. എന്നാൽ ഞങ്ങൾക്ക് അതിന്റെ ആവശ്യമേ തോന്നിയിട്ടില്ല. പത്ത് ആങ്ങളമാർക്ക് സമമാണ് ഞങ്ങൾക്ക് അമ്മു. എല്ലാവരുടെയും ജീവിതത്തിൽ അഹാനയെപ്പോലെ ഒരു മൂത്ത സഹോദരി ഉണ്ടായിരിക്കണം' എന്നായിരുന്നു ഇഷാനിയുടെ വാക്കുകൾ. ജീവിതത്തിലെ ഏത് ഘട്ടത്തിലും സുരക്ഷിതത്വം നൽകുന്ന തങ്ങളുടെ 'കംഫർട്ട് സോൺ' ആണ് അഹാനയെന്ന് സഹോദരിമാർ സാക്ഷ്യപ്പെടുത്തുന്നു.
ചടങ്ങിന്റെ സർവ്വകാര്യങ്ങളും കൃത്യമായി പ്ലാൻ ചെയ്തത് അഹാന തന്നെയായിരുന്നു എന്ന് മാതാപിതാക്കളായ സിന്ധുവും കൃഷ്ണകുമാറും പറയുന്നുണ്ട്. കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകി വളർത്തിയെന്ന സിന്ധുവിന്റെ അഭിപ്രായത്തെ, സ്വാതന്ത്ര്യം നമ്മളായി കൊടുക്കുന്ന ഒന്നല്ല എല്ലാവരും ജനിക്കുമ്പോൾ തന്നെ അതോടൊപ്പമാണ് ജനിക്കുന്നത്. അത് തടയാനോ കവർന്നെടുക്കാനോ ഞങ്ങൾ ശ്രമിച്ചില്ല എന്ന് മാത്രം എന്നുപറഞ്ഞ് കൃഷ്ണകുമാർ തിരുത്തുന്നതും കാണാം. മക്കളുടെ വളർച്ചയെക്കുറിച്ചും സ്വയംപര്യാപ്തതയെക്കുറിച്ചും ഇരുവരും വീഡിയോയിൽ സംസാരിക്കുന്നുണ്ട്.
നൂറ്റാണ്ടുകൾക്ക് മുൻപ് ആരോ നിശ്ചയിച്ച ആചാരങ്ങൾക്ക് വഴങ്ങുന്നതിനേക്കാൾ, ഒന്നിച്ച് ജീവിക്കാൻ പോകുന്ന രണ്ട് വ്യക്തികളുടെ ഇഷ്ടങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന ചിന്തയിൽ നിന്നാണ് വിവാഹത്തിന് ഇത്തരമൊരു ആശയം രൂപപ്പെട്ടതെന്ന് അഹാന വീഡിയോയിൽ പറയുന്നുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ടവരായതിനാൽ, വിവാഹത്തിൽനിന്ന് മതം പൂർണ്ണമായും ഒഴിവാക്കാനും ഇരുവർക്കും സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി പൂർണ്ണസ്വാതന്ത്ര്യത്തോടെ ചടങ്ങ് നടത്താനുമായിരുന്നു തീരുമാനം. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ആ സന്ദർഭം നെഞ്ചിലേറ്റാൻ കഴിഞ്ഞുവെന്നതാണ് ഈ വിവാഹത്തിന്റെ ഏറ്റവും വലിയ സവിശേഷത.
'എന്റെ ജീവിതത്തിൽ ഇന്നുവരെ മറ്റൊരു കാര്യത്തിനും ഞാൻ ഇത്രയധികം അധ്വാനിച്ചിട്ടില്ല. ഇതിനുപിന്നിലെ പരിശ്രമവും കണ്ട സ്വപ്നങ്ങളും എത്രത്തോളമുണ്ടെന്ന് വാക്കുകളാൽ വിവരിക്കാനാവില്ല.' വിവാഹശേഷം അഹാന വികാരഭരിതയായി പറയുന്നു. ഓരോ ചെറിയ കാര്യങ്ങൾക്കും പിന്നിലെ അധ്വാനം ഓർക്കുമ്പോൾ എന്തെങ്കിലും പിഴവ് സംഭവിച്ചിരുന്നെങ്കിൽ വലിയ സങ്കടമാകുമായിരുന്നു എന്നും, എന്നാൽ പദ്ധതികളെല്ലാം ഭംഗിയായി പൂർത്തിയായതിൽ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ വ്യക്തി താനാണെന്നും അവർ കൂട്ടിച്ചേർത്തു.
ആയുഷ്കാലം മുഴുവൻ മനസ്സിൽ സൂക്ഷിക്കാനുള്ള മനോഹരമായ ഒരു ഓർമ ലഭിച്ചു എന്ന സന്തോഷത്തോടെയാണ് അഹാന-നിമിഷ് വിവാഹ വീഡിയോ അവസാനിക്കുന്നത്. ഒരു ഫീൽഗുഡ് മൂവി കാണുന്നത് പോലെയാണ് വിവാഹ വീഡിയോ കണ്ടതെന്ന് നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. അതുപോലെ സ്വന്തം സ്വപ്നങ്ങൾക്ക് ചിറകുനൽകിയ പെൺകുട്ടിയെന്ന നിലയിൽ അഹാനയെയും സോഷ്യൽ മീഡിയ പ്രശംസിക്കുന്നുണ്ട്.
Content Highlights: Explore the highlights of Ahaana Krishna and Nimish Ravi's wedding, a celebration of love and freedom, cherished by family and friends on social media.
Published: 15 Oct 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented