രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ജയ് ​ഗണേഷ്' എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. ഉണ്ണി മുകുന്ദന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായിക. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മഹിമയും ഉണ്ണി മുകുന്ദനും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി നായകമായ 'മാസ്റ്റര്‍ പീസി'ലാണ് ആദ്യമായി ഒന്നിച്ചെത്തുന്നത്. അന്ന് മഹിമയും ഉണ്ണി മുകുന്ദനും കാര്യമായി പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഒരു ഫോണ്‍ ചാറ്റിന് തൊട്ടുപിന്നാലെ ഉണ്ണി മുകുന്ദന്‍ തന്നെ ബ്ലോക്ക് ചെയ്തുവെന്നും പിന്നീട് ഏഴ് കൊല്ലത്തിന് ശേഷമാണ് അണ്‍ബ്ലോക്ക് ചെയ്തതെന്നും മഹിമ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 

To advertise here,

തിരക്കഥ കൃത്ത് ഉദയ്കൃഷ്ണയുമായി അടുത്ത സൗഹൃദമുള്ള മഹിമ, 'ഉദയന്‍' എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. വളര്‍ത്തു നായകളുടെ ഒരു കാര്യവുമായി ബന്ധപ്പെട്ട സംശയം ചോദിക്കാന്‍ ഉദയ്കൃഷ്ണയുടെ പക്കല്‍ നിന്ന് മഹിമ ഉണ്ണി മുകുന്ദന്റെ നമ്പര്‍ വാങ്ങി സന്ദേശം അയക്കുകയും ചെയ്തു. വോയ്‌സ് മെസേജില്‍ ഒന്ന് രണ്ടു തവണ ഉദയ്കൃഷ്ണയെ 'ഉദയന്‍' എന്ന് മഹിമ വിശേഷിച്ചപ്പോഴാണ് പ്രകോപിതനായ ഉണ്ണി മുകുന്ദന്‍ ബ്ലോക്ക് ചെയ്യുന്നത്. ഉദയ്കൃഷ്ണയെ ഉദയന്‍ എന്ന് വിളിച്ച മഹിമ അഹങ്കാരിയാണ് എന്ന് കരുതിയാണ് ബ്ലോക്ക് ചെയ്തത്. ആ ബ്ലോക്ക് അണ്‍ബ്ലോക്ക് ആകുന്നത് ജയ് ഗണേഷില്‍ ഒന്നിച്ച് അഭിനയിക്കാന്‍ എത്തിയതോടെയാണെന്ന് മഹിമ പറയുന്നു. 

'മാസ്റ്റര്‍പീസ്' എന്ന സിനിമയിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതില്‍ ഉണ്ണി വില്ലന്‍ ആയിരുന്നു. ആ സിനിമയില്‍ ഞാനുമൊരു കഥാപാത്രം ചെയ്തിരുന്നു. ഉണ്ണി ആ സമയത്ത് ഭയങ്കര ദേഷ്യക്കാരന്‍ ആയിരുന്നു. എന്നോട് പേര് ചോദിക്കുകയോ മറ്റോ ചെയ്തിട്ടുണ്ട്, അത്രേയേ ഉള്ളൂ. എനിക്ക് വളര്‍ത്തുനായ്ക്കകളെ വലിയ ഇഷ്ടമാണ്, ഞാന്‍ വീട്ടില്‍ വളര്‍ത്താറുണ്ട്. ഉണ്ണിക്കും നായ്ക്കകളെ ഇഷ്ടമാണെന്നറിയാം. എന്റെ നായയുടെ ട്രെയിനര്‍ റോട്ട്വീലറിനെ ബ്രീഡ് ചെയ്യുന്നുണ്ട്. ഉണ്ണിമുകുന്ദന് ഒരു നായ്കുട്ടിയെ സമ്മാനം കൊടുക്കാന്‍ താല്‍പര്യം ഉണ്ടെന്ന് അവര്‍ എന്നോട് പറഞ്ഞു. പക്ഷേ എന്റെ കയ്യില്‍ ഉണ്ണിയുടെ നമ്പര്‍ ഇല്ല. 

ഉണ്ണി മുകുന്ദന്റെ നമ്പര്‍ ലഭിക്കാന്‍ ഞാന്‍ ഉദയേട്ടനെ വിളിച്ചു. ഉദയേട്ടന്‍ എന്നാല്‍ ഉദയ്കൃഷ്ണ. അദ്ദേഹമാണ് എന്റെ ഗോഡ്ഫാദര്‍. ഉദയേട്ടന്‍ എന്റെ എല്ലാമെല്ലാമാണ്. ഞാന്‍ ഉദയേട്ടനെ ഉദയന്‍ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തോട് കാര്യം പറഞ്ഞ് ഉണ്ണി മുകുന്ദന്റെ നമ്പര്‍ വാങ്ങി. എന്നിട്ട് ഉണ്ണിക്ക് വാട്‌സാപ്പില്‍ ഒരു വോയ്സ് മെസ്സേജ് അയച്ചു. 'ഉണ്ണി, ഞാന്‍ മഹിമ ആണ്. എന്നെ പരിചയം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. ഉദയന്‍ ആണ് എനിക്ക് ഉണ്ണിയുടെ നമ്പര്‍ തന്നത്'. ഈ പറയുന്നതിനിടയില്‍ ഉദയന്‍, ഉദയന്‍ എന്ന് രണ്ടുമൂന്നു തവണ പറയുന്നുണ്ട്. ഉണ്ണി വോയ്‌സ്‌മെസേജ് കേട്ടു. രണ്ടാമത്തെ മെസേജ് അയയ്ക്കാന്‍ നോക്കുമ്പോള്‍ ഉണ്ണി എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു.

എന്തിനാണ് ഉണ്ണി അങ്ങനെ ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല. 'നീ ഉണ്ണിയോട് ഉദയന്‍ എന്ന് പറഞ്ഞോ ?' ഞാന്‍ പറഞ്ഞു, പറഞ്ഞു, അറിയാതെ വന്നുപോയി. ഉണ്ണി, ഉദയനെ വിളിച്ചിട്ടു പറഞ്ഞത്രേ 'അവള്‍ എന്തൊരു അഹങ്കാരിയാണ്, അവള്‍ ഉദയേട്ടനെ ഉദയാ എന്ന് വിളിക്കുന്നു . മുതിര്‍ന്നവരെ ഇങ്ങനെയാണോ വിളിക്കേണ്ടത്'എന്ന്. ഇതു കേട്ട് ചൂടായിട്ടാണ് എന്നെ ഉണ്ണി ബ്ലോക്ക് ചെയ്യുന്നത്. പിന്നെ ആ ബ്ലോക്ക് ഏഴുവര്‍ഷം അങ്ങനെ കിടന്നു. മാറിയില്ല.- മഹിമ കൂട്ടിച്ചേര്‍ത്തു.

ബ്ലോക്ക് ചെയ്ത ശേഷം പിന്നീട് ഞാന്‍ ഈ സംഭവമേ മറന്നു. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കാണുന്നത് മഹിമയെ കാണുന്നത് ആര്‍ഡിഎക്സില്‍ അഭിനയിച്ച് ഹിറ്റ് ആയി നില്‍ക്കുമ്പോഴാണ്. അതിനു ശേഷം രഞ്ജിത് ശങ്കര്‍ എന്നോട് ഈ സിനിമയുടെ കഥ പറഞ്ഞു. മഹിമയാണ് നായിക എന്ന് പറഞ്ഞപ്പോള്‍ പണ്ട് ബ്ലോക്ക് ചെയ്ത സംഭവം ഓര്‍മ വന്നു. ഉടനെ അണ്‍ബ്ലോക്ക് ചെയ്ത് മഹിമയ്ക്ക് മെസേജ് അയച്ചു. 'ഞാന്‍ ഉണ്ണിയാണ്. ഈ സിനിമയില്‍ മഹിമ അഭിനയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്' എന്നൊക്കെ. ഞാന്‍ ജയ് ഗണേഷിന്റെ കോ പ്രൊഡ്യൂസര്‍ കൂടി ആണല്ലോ, നമുക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകരുതല്ലോ.അപ്പോഴത്തെ ദേഷ്യത്തില്‍ മഹിമയെ ബ്ലോക്ക് ചെയ്തതാണ്. പിന്നെ അതൊക്കെ മറന്നു.''-ഉണ്ണി മുകുന്ദന്‍ പറഞ്ഞു.