
രഞ്ജിത്ത് ശങ്കർ-ഉണ്ണി മുകുന്ദൻ ചിത്രമായ ജയ് ഗണേഷ് തിയേറ്ററുകളിൽ കൈയടി നേടിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ അണിയറയിൽ പ്രവർത്തിക്കാനായതിന്റെ സന്തോഷത്തിലാണ് തേഞ്ഞിപ്പലം സ്വദേശിയായ ആർട്ടിസ്റ്റ് ബാലു.
ഈ ചിത്രത്തിൽ ജയ് ഗണേഷ് എന്ന സൂപ്പർ ഹീറോയെ ഡിസൈൻ ചെയ്തതും സിനിമയുടെ പ്രധാന ഭാഗത്ത് വരുന്ന ജയ് ഗണേഷിന്റെ അനിമേഷൻ തയ്യാറാക്കിയതും ‘മാതൃഭൂമി’യുടെ ബാലപ്രസിദ്ധീകരണങ്ങളിലെ ചിത്രകാരൻ കൂടിയായ ബാലു വി. ആണ്.
അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു അവസരവുമായി സംവിധായകന്റെ കോൾ വരുന്നതെന്നും അത് പരമാവധി നന്നായി ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ബാലു പറഞ്ഞു.
കോളേജ് പഠനകാലത്ത് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട ഗണേഷ് കലയിലും കുറ്റാന്വേഷണത്തിലുമുള്ള കഴിവ് തിരിച്ചറിഞ്ഞ് തന്റെ തകർച്ചയെ അതിജീവിക്കുന്നതാണ് സിനിമയുടെ പ്രമേയം. വരയിലും കഥാസൃഷ്ടിയിലും മിടുക്കനായ ഗണേഷ് പിന്നീട് സ്വയം വരച്ച് ഒരുക്കിയ കോമിക് കഥയിലെ ഹീറോ ആണ് ജയ് ഗണേഷ്. സിനിമയിൽ കാണിക്കുന്ന ആ കോമിക് പുസ്തകത്തിലെ വരകളെല്ലാം ബാലുവിന്റെ പ്രതിഭയാണ്.

ബ്ലാക്ക് ആൻഡ് വൈറ്റിൽ ചില പ്രത്യേകതരം ഷെയ്ഡുകളുപയോഗിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ശൈലിയിലാണിത് വരച്ചിരിക്കുന്നത്. കുട്ടികൾക്കിഷ്ടപ്പെടുന്ന രീതിയിൽ ഇവയെല്ലാം ചെയ്യാൻ ബാലഭൂമിയിലെ അനുഭവങ്ങൾ ഗുണംചെയ്തിട്ടുണ്ടെന്ന് ബാലു പറഞ്ഞു. രാത്രി ഉറക്കമൊഴിച്ചും ജോലികഴിഞ്ഞുള്ള സമയങ്ങളിലുമാണിവ പൂർത്തിയാക്കിയത്.
അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നപോലെ ശ്രമകരമായ കാര്യമായിരുന്നു ജയ് ഗണേഷിലെ കോമിക് ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു. അതിനുവേണ്ടി ഒരുപാടുപേരെ പരീക്ഷിച്ചെങ്കിലും ബാലുവാണത് ഗംഭീരമാക്കിയത്. ബാലുവിന്റെ പ്രതിഭ ഈ ചിത്രത്തെ ആകമാനം മെച്ചപ്പെട്ടതാക്കാൻ സഹായിട്ടുണ്ട്- രഞ്ജിത് ശങ്കറിന്റെ അഭിനന്ദനം ഇങ്ങനെ.
സിനിമയിൽ ജയ് ഗണേഷിന്റെ റൂംമേറ്റായി ഒരു അതിഥിവേഷം ചെയ്യാനും ബാലുവിന് അവസരം ലഭിച്ചു. തേഞ്ഞിപ്പലം പാണമ്പ്ര ‘മഹീന്ദ്ര’യിലെ ബാലകൃഷ്ണൻ നായരുടെയും ഉഷയുടെയും മകനാണ് ബാലു. ഭാര്യ: മീര. മക്കൾ: അതുൽകൃഷ്ണ, തൻവി.
Content Highlights: artist balu designed jai ganesh comic character in movie
Published: 18 Apr 2024, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented