അതിശയിപ്പിക്കുന്ന അടരുകളാൽ തുന്നിച്ചേർത്ത കുപ്പായമാണ് ഇന്ദ്രൻസിന് ജീവിതം. വിചിത്രവും വിസ്മയകരവുമായി തുടരുന്ന യാത്ര. കുമാരപുരത്ത് പാലവിളവീട്ടിൽ സുരേന്ദ്രൻ നാലാംക്ലാസിൽ പഠനം അവസാനിപ്പിച്ച് തയ്യൽപരിശീലനത്തിന് ഇറങ്ങുമ്പോൾ കാലം കാത്തുവെച്ച തിരക്കഥയെക്കുറിച്ച് സൂചനകളില്ലായിരുന്നു. കനലുപോലെ പൊള്ളിച്ച അനുഭവങ്ങൾ വിവരിക്കവേ ഒരിക്കൽ ഇന്ദ്രൻസ് പറഞ്ഞു, 'ജീവിതം പലപ്പോഴും സിനിമാക്കഥകളെക്കാൾ ട്വിസ്റ്റുകൾ നിറഞ്ഞതാകും, ഭാവനകൾക്ക് മുകളിൽ ഉയർന്നുനിൽക്കും'.

To advertise here,

തയ്യൽക്കടക്കാരനിൽനിന്ന് സിനിമയുടെ വസ്ത്രാലങ്കാരകനായുള്ള മാറ്റം പ്രാരബ്ധങ്ങൾ നിറഞ്ഞ കാലത്തായിരുന്നു. കഥാപാത്രങ്ങൾക്ക് വേഷങ്ങളൊരുക്കുമ്പോഴും വേഷങ്ങളണിയാൻ കൊതിച്ച മനസ് ഉള്ളിൽ തുടിച്ചു. അമെച്ചർ നാടകരംഗത്തുള്ള പരിചയമാണ് സിനിമാഭിനയത്തിന് തുണയായത്. കെ. സുരേന്ദ്രൻ എന്നപേരിൽ തുടങ്ങിയ സിനിമയിലെ വസ്ത്രാലങ്കാരം, ഇന്ദ്രൻസ് എന്ന പേരിലേക്ക് മാറാൻ അധികകാലം വേണ്ടിവന്നില്ല. തയ്യൽക്കടയുടെ പേര് സ്വന്തം പേരായി എടുത്തണിയുകയായിരുന്നു. ചെറുതും വലുതുമായ വേഷങ്ങളിലൂടെ അയാൾ ടെലിസീരിയലുകളിലും സിനിമയിലും സ്വന്തമായൊരു ഇടം കണ്ടെത്തി.

'ചൂതാട്ടം' സിനിമയിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി. പത്മരാജൻ ചിത്രങ്ങളിലൂടെ കോസ്റ്റ്യൂമറായും അഭിനേതാവായും വളർന്നു. ആർ. സുകുമാരൻ, ലോഹിതദാസ്, സിബി മലയിൽ, അടൂർ ഗോപാലകൃഷ്ണൻ, ടി.വി. ചന്ദ്രൻ തുടങ്ങി പേരെടുത്ത സംവിധായകർ സമ്മാനിച്ച വേഷങ്ങൾ പകർന്നാടി. രാജസേനൻ സിനിമകളിലൂടെ ഇന്ദ്രൻസ് ചിരിയുടെ പുതിയ മുഖം സ്വന്തമാക്കി. നീർക്കോലിയും കൊടക്കമ്പിയും ഡ്രൈവർ പൊന്നപ്പനും... പ്രേക്ഷകർ ആഘോഷിച്ച കഥാപാത്രങ്ങൾ പിറന്നു. പുതുകാലത്തിൽ പല വേഷങ്ങളിലൂടെ സ്വയം നവീകരിച്ച് ഇന്ദ്രൻസ് ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.

'ഹോം', 'പട', 'മാലിക്', 'മേപ്പടിയാൻ', 'അഞ്ചാംപാതിര', 'ഉടൽ', 'ആശാൻ'... ഓരോ സിനിമ കഴിയുമ്പോഴും സ്വയം നവീകരിച്ച് ഇന്ദ്രൻസ് പ്രേക്ഷകരെ നിരന്തരം അദ്ഭുതപ്പെടുത്തി. സിനിമയ്ക്കകത്തും പുറത്തും നാട്യങ്ങളില്ലാതെ മുന്നോട്ടുപോകുന്ന നടൻ, മലയാളത്തിന്റെ മുറ്റം കടന്ന് തമിഴിലും സജീവമാകാൻ ഒരുങ്ങുകയാണ്... സിനിമ സമ്മാനിച്ച സന്തോഷങ്ങളും അതിശയങ്ങളും വിവരിച്ച്, മാതൃഭൂമി ബുക്ക്സ് പുറത്തിറക്കാനൊരുങ്ങുന്ന ആത്മകഥയിലെ വിശേഷങ്ങൾ പങ്കുവച്ച് ഇന്ദ്രൻസ് സംസാരിക്കുകയാണ്. ദീർഘസംഭാഷണവും ചലച്ചിത്രജീവിതവും പുത്തൻലുക്കിലുള്ള ഫോട്ടോഷൂട്ടും ഭാര്യയുടേയും സഹോദരന്റേയും സഹപ്രവർത്തകരുടെയുമെല്ലാം കുറിപ്പുകളും ചേർത്തുവച്ച ഇന്ദ്രൻസ് സമ്പൂർണ്ണപതിപ്പാണ് സ്റ്റാർ ആന്റ് സ്‌റ്റൈലിന്റെ മാർച്ച് ലക്കം.