ഹീന്ദ്രയുടെ ലൈഫ് സ്റ്റൈൽ എസ്‌യുവി മോഡലായ ഥാർ റോക്‌സിന്റെ പ്രത്യേക പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ച് നിർമാതാക്കളായ മഹീന്ദ്ര. ഥാർ റോക്‌സ് സ്റ്റാർ എഡിഷൻ എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന ഈ വാഹനത്തിന് 16.85 ലക്ഷം രൂപ മുതൽ 18.45 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഥാർ റോക്‌സിന്റെ റിയർ വീൽ ഡ്രൈവ് പതിപ്പിന്റെ ഉയർന്ന വകഭേദത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള സ്റ്റാർ എഡിഷനിൽ കോസ്‌മെറ്റിക് മാറ്റങ്ങൾക്കാണ് പ്രധാന്യം നൽകിയിരിക്കുന്നത്.

To advertise here,

പെട്രോൾ എൻജിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഡീസൽ എൻജിനൊപ്പം ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളും നൽകിയാണ് ഥാർ റോക്‌സിന്റെ ഈ പ്രത്യേക പതിപ്പ് എത്തിയിട്ടുള്ളത്. സിട്രൈൻ യെല്ലോ, സ്‌റ്റെൽത്ത് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, ടാംഗോ റെഡ് എന്നീ നാല് നിറങ്ങളിലാണ് സ്റ്റാർ എഡിഷൻ എത്തിയിട്ടുള്ളത്. പിയാനോ ബ്ലാക്ക് നിറത്തിൽ ഒരുങ്ങിയിട്ടുള്ള ഗ്രില്ലും ഈ നിറത്തിൽ തന്നെ ഒരുങ്ങിയിട്ടുള്ള 19 ഇഞ്ച് അലോയി വീലും ഈ പ്രത്യേക പതിപ്പിന്റെ സവിശേഷതയാണ്.

എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പിനൊപ്പം നൽകിയിട്ടുള്ള എൽഇഡി ഡിആർഎൽ, എൽഇഡി ഫോഗ്‌ലാമ്പുകളും ടെയ്ൽലാമ്പുകളും, പനോരമിക് സൺറൂഫ് എന്നീ എക്സ്റ്റീരിയർ ഫീച്ചറുകൾ റെഗുലർ ഥാർ റോക്‌സിൽ നിന്ന് കടംകൊണ്ടവയാണ്. രണ്ടാം നിരയിലെ ഡോർ ഹാൻഡിലിന് സമീപത്തായി സ്റ്റാർ എഡിഷൻ എന്ന ബാഡ്ജിങ് ക്രോമിയം അക്ഷരത്തിൽ പതിപ്പിച്ചിട്ടുമുണ്ട്. സിട്രൈൻ യെല്ലോ നിറം ഥാർ റോക്‌സ് നിരയിൽ പുതുമയാണ്. മറ്റ് ഡിസൈനുകളെല്ലാം ഥാർ റോക്‌സിൽ നിന്ന് പകർത്തിയവയാണ്.

റെഗുലർ ഥാർ റോക്‌സിന് രണ്ട് നിറത്തിലുള്ള ഇന്റീരിയർ കളർ ഓപ്ഷനുകൾ നൽകുന്നുണ്ടെങ്കിൽ സ്റ്റാർ എഡിഷന്റെ അകത്തളത്തിന് സ്‌പോർട്ടി ബ്ലാക്ക് നിറമാണ് നിർമാതാക്കൾ നൽകിയിരിക്കുന്നത്. ഡാഷ് ബോർഡ് മുതൽ സീറ്റുകൾക്ക് വരെ ഈ നിറം നൽകിയിട്ടുണ്ട്. സീറ്റുകളിലും ബാഡ്ജിങ് പതിപ്പിച്ചിരിക്കുന്നത് കാണാം. 10.25 ഇഞ്ച് വലിപ്പത്തിലെ ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ സ്‌ക്രീനുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുടെ നീണ്ട നിര അകത്തളത്തിലുമുണ്ട്.

റെഗുലർ ഥാർ റോക്‌സിൽ നിന്നുള്ള മെക്കാനിക്കൽ ഫീച്ചറുകളാണ് സ്റ്റാർ എഡിഷനും കരുത്തേകുന്നത്. 177 എച്ച്പി പവറും 380 എൻഎം ടോർക്കുമേകുന്ന 2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ എൻജിനും 175 എച്ച്പി പവറും 400 എൻഎം ടോർക്കുമേകുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എൻജിനുമാണ് ഈ വാഹനത്തിൽ പ്രവർത്തിക്കുന്നത്. റിയർ വീൽ ഡ്രൈവ് ഓപ്ഷനിൽ മാത്രമാണ് ഈ പ്രത്യേക പതിപ്പ് എത്തുന്നത്. പെട്രോൾ എൻജിനിൽ ഓട്ടോമാറ്റിക്കും ഡീസലിനൊപ്പം രണ്ട് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്.