കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നത് മലയാളത്തിൽനിന്നുള്ള രണ്ടെണ്ണമടക്കം 14 സിനിമകൾ. ചൈന, ബ്രസീൽ, ഫിലിപ്പീൻസ്, ഇറാൻ, ഉസ്ബെക്കിസ്താൻ, കസാഖ്സ്താൻ, യുറുഗ്വായ്, ബംഗ്ലാദേശ്, മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ചിത്രങ്ങളാണ് സിനിമാപ്രേമികളുടെ മുന്നിലെത്തുന്നത്. അടൂർ ഗോപാലകൃഷ്ണൻ-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ പദയാത്ര, ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത് ദിലീഷ് പോത്തൻ നായകനായ ചെവിട്ടോർമ എന്നിവയാണ് മത്സരത്തിനുള്ള മലയാള ചിത്രങ്ങൾ.

To advertise here,

ഇന്ത്യയിൽനിന്ന് നാല് ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ളത്. രാമലിംഗം ഗൗതം സംവിധാനം ചെയ്ത മെമ്പേഴ്സ് ഓഫ് ദ പ്രോബ്ലമാറ്റിക് ഫാമിലി, സൈലേഷ് രത്നകുമാറിന്റെ സെൽവി, ലിയോ തദ്ദേവൂസ് സംവിധാനംചെയ്ത ചെവിട്ടോർമ, അടൂർ ഗോപാലകൃഷ്ണന്റെ പദയാത്ര എന്നിവ വിദേശ ചിത്രങ്ങളുമായി മാറ്റുരയ്ക്കും. ഇറാനിൽനിന്നും ബ്രസീലിൽനിന്നും രണ്ട് ചിത്രങ്ങൾവീതം മത്സരത്തിനുണ്ട്. മാനി മൊഘദ്ദം സംവിധാനം ചെയ്ത സ്ലംബർ, മഹമൂദ് കരീമി ഒരുക്കിയ പീപ്പിൾസ് ചൈൽഡ് എന്നിവയാണ് മത്സരത്തിനുള്ള ഇറാനിയൻ ചിത്രങ്ങൾ. ഷാരോം ക്ലീൻബർഗിന്റെ അയാം മാരിയോ, സാവി സാലായുടെ ദ സൈലന്റ് വിർജിൻ എന്നിവയാണ് മെക്സിക്കോയിൽനിന്നുള്ള ചിത്രങ്ങൾ.

ഫിലിപ്പീൻസിൽ നിന്നുള്ള സൈലൻസ്ഡ് നൈറ്റ്, ഉസ്ബെക്ക്-കസാഖ്സ്താൻ സംയുക്ത സംരംഭമായ ഓറോബോറോസ്, യുറുഗ്വായ് ചിത്രമായ സ്വീറ്റ് വയലൻസ്, ബംഗ്ലാദേശ് ചിത്രമായ ബൊണോലാറ്റ സെൻ എന്നിവയാണ് ഈ വിഭാഗത്തിൽ മത്സരത്തിനുള്ള മറ്റുചിത്രങ്ങൾ.

മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിൽ 12 ചിത്രങ്ങളാണുള്ളത്. എ ഡക്ക് ടെയ്ൽ (അരുൺ വർഗീസ്), ഒറ്റഞാവൽമരം (ശ്രുതി ശരണ്യം), ഡൊമസ്റ്റിക് സർക്കസ് (അജ്മൽ ഹംസ), മെട്രോ പരാമോ (ഷിനോസ് റഹ്മാൻ-സജാസ് റഹ്മാൻ), എക്കോ (ദിൻജിത്ത് അയ്യത്താൻ), ലെഫ്റ്റ് ഓവർ ( സലിം അഹമ്മദ്), മോസ്കോ (നൈനാൻ ആന്റോ), നോട്ട് എ സിനിമ ( മനു വിശ്വംഭരൻ), ഏകദേശം (ഡോൺ പാലത്തറ), റിവോ റുക്കയാ (ജാച്ചി), കല്ലാളൻ (അജയ് പ്രസാദ്), ട്രെയ്സ് ഓഫ് വിൻഡ് (ഷാരോൺ മാനുവൽ ജോയ്) എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങൾ.

ഏഴ് ചിത്രങ്ങളാണ് 'ഇന്ത്യൻ സിനിമ നൗ' വിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹണ്ടേഴ്സ് മൂൺ, മാസ്റ്റർ ബണ്ടൂ, ആൻ ഈവനിങ് ബാലഡ്, ദ ഇങ്ക് സ്റ്റെയിൻഡ് ഹാൻഡ് ആൻഡ് ദ മിസ്സിങ് തമ്പ്, റഹ്മത്, വിസ്പേഴ്സ് ഓഫ് ദ ഷാഡോ എന്നിവയാണാ ചിത്രങ്ങൾ.

അഞ്ച് ചിത്രങ്ങളാണ് ക്രിട്ടിക്സ് ഡിസ്കവറി വിഭാഗത്തിൽ പ്രദർശിപ്പിക്കുക. ലക്ഷ്മി പുഷ്പ ഒരുക്കിയ വാസര, ദീപേഷ്. ടിയുടെ സുദീപ്തം, പ്രിയനന്ദനൻ സംവിധാനം ചെയ്ത ഏഴ് നിറമുള്ള സ്വപ്നം, സജിൻ ബാബുവിന്റെ തർക്കം, മിഥുൻ നാരായണന്റെ നെബുല എന്നിവയാണ് ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.