സിനിമ സംവിധാനം ചെയ്യാനുള്ള അവസരം എനിക്ക് കൈവന്നപ്പോൾ എന്റെ ആദ്യസിനിമയിൽ ശ്രീനി അഭിനയിക്കണമെന്ന് ഞാൻ തീരുമാനിച്ചു. 'പൂച്ചയ്‌ക്കൊരു മൂക്കുത്തി' യുടെ കഥ കേട്ടു കഴിഞ്ഞ് ആ പ്രോജക്ടിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് ശ്രീനിയാണ്. കഥാഗതിയിൽ വന്നുകൊണ്ടിരുന്ന കുരുക്കും കുരുക്കഴിക്കലുമാണ് ശ്രീനിയെ ഏറെ ആകർഷിച്ചത്. ഈ സങ്കേതം പിൽക്കാല സിനിമകളിൽ എനിക്ക് പ്രയോഗിക്കാനുള്ള കരുത്ത് ലഭിച്ചത് ശ്രീനിയുടെ പ്രോത്സാഹനത്തിൽ നിന്നാണ്.

To advertise here,

ആദ്യസിനിമകഴിഞ്ഞശേഷം വീണ്ടുമൊരുസിനിമക്കായി എന്റെ കൈയ്യിലൊന്നുമില്ലെന്ന യാഥാർഥ്യം ഒരു നീറ്റലോടെ എനിക്ക് ബോധ്യമായി. ഏതൊരു ചലച്ചിത്രകാരന്റെയും ജീവിതത്തിലെ നിർണ്ണായകഘട്ടമാണ് അയാളുടെ രണ്ടാം സിനിമ. എന്തുചെയ്യണമെന്നറിയാതെ ഞാൻ മദ്രാസിലെത്തി. കഥയില്ല. മനസ്സ് ശൂന്യം. ഒടുവിൽ കുറെ സിനിമകളുടെ കാസറ്റ് സംഘടിപ്പിച്ച് കണ്ടു. അവയിൽ നിന്നും കുറെ സീനുകൾ മോഷ്ടിച്ചു. എനിക്ക് എന്നോടുതന്നെ കലിതോന്നി. ജോഷിക്കും ഐ.വി. ശശിക്കുമൊക്കെ കഥയെഴുതിക്കൊടുക്കാൻ ആളുണ്ട്. എനിക്ക് കഥയെഴുതി തരാൻ തിരക്കഥാകൃത്തുക്കളില്ല.

Also Read: രജനിയുടെ സഹപാഠി, മമ്മൂട്ടിയുടെ ശബ്ദം | ശ്രീനിവാസന്റെ ജീവിതരേഖ

പക്ഷേ എന്തുതന്നെയായാലും രണ്ടാമത്തെ സിനിമ ചെയ്തില്ലെങ്കിൽ എന്റെ ചലച്ചിത്രജീവിതത്തിന് തിരശീല വീഴും. പെട്ടെന്നെന്റെ മനസ്സിലേക്ക് വീണ്ടും ശ്രീനി കടന്നുവന്നു. ഒരു റോൾ കൊടുത്താൽ ശ്രീനി എഴുത്തിൽ സഹായിക്കുമെന്ന് ഞാൻ നിശ്ചയിച്ചു. യഥാർഥലക്ഷ്യം പറയാതെ ശ്രീനിയെ അഭിനയിക്കാൻ വിളിച്ചു. ശ്രീനി വന്നു. ഷൂട്ടിങ് തുടങ്ങണം. എവിടെ തിരക്കഥ എന്ന് ശ്രീനി ചോദിച്ചപ്പോൾ ഞാൻ ചിരിയൊതുക്കാൻ പാടുപെട്ടു. തിരക്കഥ എഴുതി ശരിയാക്കിയാൽ പടം നടക്കും, ഇല്ലെങ്കിൽ ഷൂട്ടിങ് മുടങ്ങും എന്ന് ഞാൻ ശ്രീനിയോടു പറഞ്ഞു.

ആ അവസ്ഥയിൽ കക്ഷിക്ക് വേറെ പോംവഴിയൊന്നുമുണ്ടായിരുന്നില്ല. റൈറ്റിങ് പാഡും പേനയും കൊടുത്തിട്ട് സീനെഴുതാൻ പറഞ്ഞു. അധികം തർക്കമോ ശണ്ഠയോ കൂടാതെ ഒരു സിനിമയുണ്ടായി. 'ഓടരുതമ്മാവാ ആളറിയാം.' അങ്ങനെ ഒരു സംവധായകന്റെ ജീവിതത്തിലെ നിർണ്ണായക ഘട്ടത്തെ ഞാൻ അധികം പരിക്കുകളൊന്നുമില്ലാതെ അതിജീവിച്ചു.

എനിക്ക് ചില സ്വാർഥതകളുണ്ട്. നമ്മെക്കാൾ അറിവുള്ളവരുടെ കൂടെ നടക്കുക. അവരിൽ നിന്നും ആ അറിവ് നേടിയെടുക്കുക. സ്വന്തമായി അങ്ങനെയൊക്കെ ആവാൻ ഏറെ അധ്വാനിക്കണം. അത്രയ്ക്കങ്ങോട്ട് മെനക്കെടാൻ വയ്യതാനും. ദാമോദരൻ മാസ്റ്റർക്ക് ചരിത്രത്തിലുള്ള ആഴമുള്ള അറിവ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുപോലെയാണ് മറ്റ് ചില സുഹൃത്തുക്കളുടെ കാര്യവും. ഏതെങ്കിലുമൊരു കാര്യത്തിൽ ഒന്നാമനാകുന്ന വ്യക്തിയെ സുഹൃത്താക്കുക എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്.

Also Read: ഇന്നലേയും ഞാൻ സന്ദേശത്തിലെ ഡയലോഗുകൾ പറഞ്ഞു, ബഹുമുഖ പ്രതിഭയ്ക്ക് വിട- വി.ഡി. സതീശൻ

ശ്രീനിയുടെ ജീവിതാനുഭവ വിവരണം പോലെ ഞാൻ രസിക്കുന്ന മറ്റൊന്നില്ല എന്നതാണ് സത്യം. ശ്രീനിയുടെ സംഭാഷണത്തിൽ കടന്നുവരുന്ന പല കഥാപാത്രങ്ങളെയും ഞാൻ നേരിട്ടുകണ്ടിട്ടില്ല. പക്ഷേ അവർ എന്റെ മനസ്സിൽ വല്ലാത്തവിധം ഒരിടം നേടിയിട്ടുള്ളവരാണ്. നാം സ്‌നേഹിക്കുന്ന ഒരാളിൽ നിന്നും നമുക്ക് ചിലത് പഠിക്കാനുണ്ടാവുക. അത് ഞാൻ ഏറ്റവുമധികം അനുഭവിച്ചിട്ടുള്ളത് ശ്രീനിയിൽനിന്നാണ്.

കഥകൾ മോഷ്ടിക്കുന്നതിനോട് ശ്രീനി യോജിക്കാറില്ല. എന്നാൽ ഒരു ഹിന്ദി സിനിമയുടെ കഥ എനിക്ക് സിനിമയാക്കേണ്ടിവന്നു. പക്ഷേ തിരക്കഥ എഴുതുന്ന ശ്രീനിയോട് ഇക്കാര്യം പറഞ്ഞാൽ പടം മുടങ്ങും. അതുകൊണ്ട് ഞാൻ ആ കഥ ബർണാഡ്ഷായുടെ ഒരു നാടകത്തിന്റെ സ്വതന്ത്രവ്യാഖ്യാനമാണെന്നൊരു ബുദ്ധിജീവി നുണ പറഞ്ഞു, അതേറ്റു. പക്ഷേ ഷൂട്ടിങ്ങിന്റെ അവസാനദിവസം സത്യം മനസ്സിലാക്കിയ ശ്രീനി എന്നോട് യാത്ര പറഞ്ഞു. താൻ സിനിമയെ ആത്മാർഥമായി സമീപിക്കുന്ന കാലത്ത് നമുക്ക് വീണ്ടും കാണാം. അതുവരെ ഈ കൂട്ടുചേരൽ വേണ്ട എന്ന് ശ്രീനി എന്നോടു തുറന്നു പറഞ്ഞു.

എന്നാൽ എനിക്കന്നു തോന്നിയ ദേഷ്യം അല്ലെങ്കിൽ പ്രതികാരം എന്റെ പ്രൊഫഷണൽ ലൈഫിന്റെ ഗ്രാഫ് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചതിന് ഏറെ സ്വാധീനിച്ചു എന്നതാണ് സത്യം. നമ്മെ സ്‌നേഹിക്കുന്നവർ നമുക്ക് ചില തിരിച്ചറിവുകൾ കൂടി ജീവിതത്തിൽ നൽകേണ്ടതുണ്ട്. എന്റെ ജീവിതത്തിൽ പല സന്ദർഭങ്ങളിലും ശ്രീനി ആ കടമ നിർവ്വഹിച്ചിട്ടുണ്ട്. കേൾക്കുമ്പോൾ പെട്ടെന്ന് കലിവരുന്ന സംസാരം. പക്ഷേ സാവകാശം നാം കാര്യങ്ങളെ വിശകലനം ചെയ്യുമ്പോൾ അന്ന് ശ്രീനി പറഞ്ഞതാണ് ശരി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.