ബുക്കിങ് ആരംഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ ഇന്ത്യയിലേക്കുള്ള മുഴുവൻ സ്റ്റോക്കും വിറ്റുതീർന്ന് റോയൽ എൻഫീൽഡിന്റെ എക്‌സ്‌ക്ലൂസീവ് Shotgun 650 X Rough Crafst. തായ്‌വാനീസ് കസ്റ്റം മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റഫ് ക്രാഫ്റ്റ്‌സുമായി സഹകരിച്ച് നിർമ്മിച്ച ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളാണിത്. 5.75 ലക്ഷം രൂപ (എക്‌സ്-ഷോറൂം) ആയിരുന്നു വില. ലോകമെമ്പാടുമുള്ള വിപണികൾക്കായി പ്രത്യേകം നമ്പർ ചെയ്ത 100 മോട്ടോർസൈക്കിളുകൾ മാത്രമാണ് കമ്പനി നിർമ്മിച്ചത്. അതിൽ 25 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കുവേണ്ടി മാറ്റിവെച്ചിരുന്നത്.

To advertise here,

ലോകമെമ്പാടുമുള്ള 9,000-ൽ അധികം ആരാധകർ ഈ മോട്ടോർസൈക്കിൾ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് കമ്പനി പറയുന്നു.

ഡ്യുവൽ-ടോൺ ഗ്ലോസ് ജെറ്റ് ബ്ലാക്ക്, മാറ്റ് സ്റ്റെൽത്ത് ബ്ലാക്ക് പെയിന്റ് സ്‌കീം ആണ് സ്‌പെഷ്യൽ എഡിഷനെ വ്യത്യസ്തമാക്കുന്നത്. ഗോൾഡ് ഫിനിഷുള്ള അപ്സൈഡ്-ഡൗൺ ഫോർക്ക് ട്യൂബുകൾ, കോൺട്രാസ്റ്റ്-കട്ട് അലോയ് വീലുകൾ, ബ്ലാക്ക് ബാർ-എൻഡ് മിററുകൾ, ക്വിൽറ്റഡ് ലെതർ സീറ്റ് എന്നിവയും പ്രത്യേകതകളാണ്. സവിശേഷ ബാഡ്ജും പ്രത്യേകം നമ്പർ ചെയ്ത ഫ്യുവൽ ടാങ്കും മോട്ടോർസൈക്കിളിൽ ഉൾപ്പെടുന്നു. റഫ് ക്രാഫ്റ്റ്‌സ് സ്ഥാപകൻ വിൻസ്റ്റൺ യെഹ് ഒപ്പിട്ട ഒരു നമ്പർ ചെയ്ത കലാസൃഷ്ടിയും വാങ്ങുന്നവർക്ക് ലഭിക്കും.

സ്റ്റാൻഡേർഡ് ഷോട്ഗൺ 650 ന്റെ മെക്കാനിക്കൽ പാക്കേജ് നിലനിർത്തുന്നതാണ് മോട്ടോർസൈക്കിൾ. ഇത് റോയൽ എൻഫീൽഡിന്റെ പരിചിതമായ 648 സിസി പാരലൽ-ട്വിൻ, എയർ/ഓയിൽ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നു. 47 ബിഎച്ച്പി കരുത്തും 52.3 എൻഎം ടോർക്കും എ്ഞ്ചിൻ ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്‌സാണ് ഒപ്പമുള്ളത്. കമ്പനി നിർമിച്ച 100 യൂണിറ്റുകളും ഉടനടി വിറ്റു തീർന്നതോടെ ലോഞ്ചിന് ശേഷം വളരെവേഗം വിറ്റുതീർന്ന റോയൽ എൻഫീൽഡ് സ്‌പെഷ്യൽ എഡിഷനുകളുടെ ലിസ്റ്റിൽ ഇതും ഇടം പിടിച്ചിട്ടുണ്ട്.