ഉപഭോക്താക്കളെ ആകർഷിക്കാനായി വിവിധ വാഹനനിർമാതാക്കൾ സ്പെഷ്യൽ എഡിഷൻ പതിപ്പുകൾ വിപണിയിലെത്തിക്കാറുണ്ട്. ചിലതിന് വലിയ സ്വീകാര്യത ലഭിക്കുമ്പോൾ മറ്റു പല മോഡലുകൾ ശ്രദ്ധിക്കപ്പെടാറുമില്ല. എന്തൊക്കെയാണെങ്കിലും സ്പെഷ്യൽ എഡിഷനുകൾക്ക് വാഹനപ്രേമികൾക്കിടയിൽ പ്രത്യേക സ്ഥാനമുണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ഉത്സവ സീസൺ പ്രമാണിച്ച് മാരുതി സുസുക്കി, ടൊയോട്ട, മഹീന്ദ്ര, ജീപ്പ്, റെനോ എന്നീ കമ്പനികളുടെ വിവിധ മോഡലുകളാണ് പ്രത്യേക പതിപ്പുമായി എത്തിയത്. അവ ഏതെല്ലാമെന്ന് നോക്കാം.
വാഗൺ ആർ വാൾട്സ് എഡിഷൻ
നിലവിലെ മോഡലിനേക്കാൾ ഫീച്ചറുകൾ കൂട്ടിച്ചേർത്താണ് വാൾട്സ് എഡിഷന്റെ വരവ്. LXi, VXi ZXi വേരിയന്റുകളിൽ പ്രത്യേക എഡിഷൻ ലഭ്യമാകും. അലൂമിനിയം ഫിനിഷിങ്ങോടു കൂടിയ ഫോഗ് ലാമ്പ്, വീൽ ആർച്ച് ക്ലാഡിങ്, ബമ്പർ പൊട്ടക്ടർ, സൈഡ് സ്കേട്ടുകൾ, ഡിസൈനർ ഫ്ലോർ മാറ്റ്, ഇന്റീരിയർ സ്റ്റൈലിങ് കിറ്റുകൾ, ഗ്രില്ലിലെ അലൂമിനിയം ഘടകങ്ങൾ, 6.2 ഇഞ്ചിന്റെ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിവേഴ്സ് പാർക്കിങ് ക്യാമറ എന്നിവയാണ് വാൾട്സ് എഡിഷന്റെ സവിശേഷതകൾ. 5.65 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
സ്വിഫ്റ്റ് ബ്ലിറ്റ്സ് എഡിഷൻ
LXi, VXi, VXi AMT, VXi (O), VXi (O) AMT വേരിയന്റുകളിൽ ബ്ലിറ്റ്സ് എഡിഷൻ ലഭിക്കും. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 49,848 രൂപയുടെ അധിക ആക്സസറികളാണ് പ്രത്യേക എഡിഷനിലുള്ളത്. റിയർ അണ്ടർബോഡിയിലും ബൂട്ടിന് മുകളിലും സ്പോയിലർ, ഫോഗ് ലാമ്പ്, ഇല്ലുമിനേറ്റഡ് ഡോർ സിൽ, ഡോർ വൈസർ എന്നിവയാണ് പ്രത്യേകതകൾ.
ഗ്രാന്റ് വിറ്റാര ഡൊമിനിയോൺ എഡിഷൻ
സ്വിഫ്റ്റ് ബ്ലിറ്റ്സ് എഡിഷന് സമാനമായി സ്റ്റാൻഡേർഡ് മോഡലിനേക്കാൾ അധിക ആക്സസറികളാണ് പ്രത്യേക എഡിഷനിലുള്ളത്. 48,599 രൂപ മുതൽ 52,599 വരെയുള്ള ആക്സസറി പാക്കേജാണിത്. Delta, Zeta, Alpha വേരിയന്റുകളിൽ മാത്രമേ ഡൊമിനിയോൺ എഡിഷൻ ലഭിക്കൂ.
ബലേനോ റീഗൽ എഡിഷൻ
എല്ലാ വേരിയന്റുകളിലും പ്രത്യേക പതിപ്പ് ലഭിക്കും. മുൻ അണ്ടർബോഡി സ്പോയിലർ, ഡ്യുവൽ ടോൺ സീറ്റ് കവറുകൾ, 3D മാറ്റ്, മഡ് ഫ്ലാപ്, 3D ബൂട്ട് മാറ്റ്, മുന്നിലെ ഗ്രില്ലിലും പിന്നിലും അലൂമിനിയം ഫിനിഷ്, സ്റ്റിയറിങ് കവർ, ഫോഗ് ലാമ്പ്, വാക്വം ക്ലീനർ, നെക്സ കുഷ്യനുകൾ, ഡോർ വൈസറുകൾ, സിൽ ഗാർഡുകൾ, റിയർ പാർസൽ ട്രേ, വിൻഡോ കർട്ടൻ, ടയർ ഇൻഫ്ലേറ്റർ, ലോഗോ പ്രൊജക്ടർ ലാമ്പ് എന്നിവയാണ് പ്രത്യേകത.
ടൊയോട്ട
ഹൈറൈഡർ, ഗ്ലാൻസ, റൂമിയോൺ, ടൈസർ എന്നിവയുടെ പ്രത്യേക പതിപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ആക്സസറി പാക്കേജുകൾ നൽകി നാല് മോഡലുകളുടെയും വിൽപന ഉയർത്താനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ഈ മാസം മാത്രമേ പ്രത്യേക എഡിഷനുകൾ ലഭിക്കൂ.
മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്ക് 'ബോസ്' എഡിഷൻ
ക്ലാസിക്കിന്റെ ബോസ് എഡിഷൻ കഴിഞ്ഞ ആഴ്ചയാണ് അവതരിപ്പിച്ചത്. കോസ്മെറ്റിക് മാറ്റങ്ങളും ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുമായാണ് പുതിയ എഡിഷന്റെ വരവ്. ബോണറ്റ് സ്കൂപ്പ്, മുൻവശത്തെ ഗ്രിൽ, ഫോഗ് ലാമ്പ്, പിൻവശത്തെ റിഫ്ലക്ടർ, ഡോർ ഹാൻഡിലുകൾ, സൈഡ് ഇൻഡിക്കേറ്ററുകൾ, കോർട്ടർ ഗ്ലാസ്, ഹെഡ് ലൈറ്റ്, ഫ്രണ്ട് ബമ്പർ, റെയിൻ വൈസറുകൾ എന്നിവയ്ക്ക് ഡാർക്ക് ക്രോം ആവരണം നൽകിയിരിക്കുന്നു.
സൈഡ് വ്യൂ മിററുകൾക്ക് കാർബൺ ഫൈബർ കവറുകളും നൽകിയിട്ടുണ്ട്. പൗഡർ കോട്ടിങ് ചെയ്ത റിയർ ഗാർഡ് ആണ് മറ്റൊരു പ്രത്യേകത. റിയർ പാർക്കിങ് ക്യാമറ ബോസ് എഡിഷനിൽ നൽകിയിരിക്കുന്നു. സീറ്റുകൾ കറുപ്പ് നിറത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. നെക്ക് റെസ്റ്റുകൾ ഉൾപ്പെടെയുള്ള മഹീന്ദ്ര കംഫർട്ട് കിറ്റും ഉണ്ട്. മെക്കാനിക്കൽ ഭാഗത്ത് യാതൊരു മാറ്റവുമില്ല. പരിമിത കാലത്തേക്ക് മാത്രമേ വാഹനം ലഭ്യമാകൂ എന്നാണ് വിവരം.
ജീപ്പ് കോമ്പസ് ആനിവേഴ്സറി എഡിഷൻ
ഈ മാസം ആദ്യമാണ് കോമ്പസിന്റെ ആനിവേഴ്സറി എഡിഷൻ ജീപ്പ് പുറത്തിറക്കിയത്. ലോംങിറ്റ്യൂഡ് (O) വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പ്രത്യേക എഡിഷൻ എത്തിയിരിക്കുന്നത്. ബോണറ്റിന്റെ മധ്യത്തിൽ ഡ്യുവൽ ടോൺ നിറം, ഫ്രണ്ട് ഗില്ലിലെ ആറാമത്തെ സ്ലോട്ടിന് വെൽവെറ്റ് റെഡ് നിറം, വെൽവെറ്റ് റെഡ് നിറത്തിലുള്ള സീറ്റ് കവറുകൾ, ഡാഷ് ക്യാം, വൈറ്റ് ആമ്പിയന്റ് ലൈറ്റ് എന്നിവയാണ് സവിശേഷത. മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ പ്രത്യേക പതിപ്പ് ലഭ്യമാകും. 25.26 ലക്ഷം രൂപയാണ് വില.
റെനോ നൈറ്റ് ആന്റ് ഡേ എഡിഷൻ
ക്വിഡ്, ട്രൈബർ, കൈഗർ മോഡലുകളുടെ പ്രത്യേക പതിപ്പ് നൈറ്റ് ആന്റ് ഡേ എഡിഷൻ എന്ന പേരിലാണ് റെനോ പുറത്തിറക്കിയത്. അഞ്ച് ലക്ഷം, 6.75 ലക്ഷം, 7ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം വാഹനങ്ങളുടെ വില. ചില ഫീച്ചറുകൾ കൂട്ടിച്ചേർത്താണ് പ്രത്യേക പതിപ്പ് എത്തിയിരിക്കുന്നത്. എല്ലാ മോഡലുകളിലുമായി വെറും 1600 യൂണിറ്റ് നൈറ്റ് ആന്റ് ഡേ എഡിഷൻ പതിപ്പുകളേ ലഭ്യമാകൂ.
Content Highlights: 13 new special edition cars launched festive season
Published: 25 Oct 2024, 11:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented