പ്രതിബന്ധങ്ങളെ അതിജീവിച്ച് ഒരു അണ്ടർഡോഗ് വിജയത്തിലെത്തുമ്പോൾ ലഭിക്കുന്ന ആവേശം വേറെയാണെന്നും, കൊടുങ്കാറ്റിലും അണയാത്ത തീപ്പന്തങ്ങളെപ്പോലെയാണ് തന്റെ ആരാധകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിലൂടെ താൻ നേരിടുന്ന ട്രോളുകളെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ ധനുഷ്. പുതിയ ചിത്രമായ O.M- ഓപ്പറേഷൻ മോൾ-ന്റെ പ്രീ റിലീസ് ചടങ്ങിലായിരുന്നു ഇത്. ചടങ്ങിൽ തന്നെ ഒരു 'അണ്ടർഡോഗ്' (അർഹമായ പരിഗണന ലഭിക്കാത്തയാൾ) എന്ന് വിശേഷിപ്പിച്ച ധനുഷ്, ജോലിയിലാണ് താൻ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാക്കി. തന്റെ ചിത്രങ്ങളെക്കുറിച്ച് മക്കൾ വളരെ കടുത്ത രീതിയിലാണ് വിമർശനങ്ങൾ ഉന്നയിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
താൻ 'അഹങ്കാരി' എന്ന് മുദ്രകുത്തപ്പെട്ടതിനെക്കുറിച്ച് ധനുഷ് ചടങ്ങിൽ തമാശയോടെ വ്യക്തത വരുത്തി. കഴിഞ്ഞ വർഷം 'തേരെ ഇഷ്‌ക് മേം' എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ വസ്ത്രം ശരിയാക്കിയ സ്റ്റൈലിസ്റ്റിനോട് താരം അഹങ്കാരത്തോടെ പെരുമാറി എന്ന തരത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. വേദിയിലുണ്ടായിരുന്ന സ്റ്റൈലിസ്റ്റ് കാവ്യ ശ്രീരാമിനെ ചൂണ്ടിക്കാട്ടിയാണ് ധനുഷ് ഇതിന് മറുപടി നൽകിയത്. ജോലിയിലുള്ള ആത്മാർത്ഥത കാരണം പൊതുവേദിയിലാണെന്ന് പോലും നോക്കാതെ കാവ്യ തന്റെ വസ്ത്രത്തിലെ ചുളിവുകൾ മാറ്റാൻ ശ്രമിച്ചപ്പോൾ താൻ അത് ശ്രദ്ധിച്ചിരുന്നില്ലെന്നും, എന്നാൽ അതിന്റെ പേരിൽ താൻ അഹങ്കാരിയാണെന്ന പ്രചാരണം നേരിടേണ്ടി വന്നുവെന്നും ധനുഷ് ഓർത്തെടുത്തു.
ജീവിതത്തിൽ എപ്പോഴും താനൊരു 'അണ്ടർഡോഗ്' (Underdog) ആയിട്ടാണ് ജീവിച്ചിട്ടുള്ളതെന്ന് ധനുഷ് വെളിപ്പെടുത്തി. പ്രതിബന്ധങ്ങളെ അതിജീവിച്ച് ഒരു അണ്ടർഡോഗ് വിജയത്തിലെത്തുമ്പോൾ ലഭിക്കുന്ന ആവേശം വേറെയാണെന്നും കൊടുങ്കാറ്റിലും അണയാത്ത തീപ്പന്തങ്ങളെപ്പോലെയാണ് തന്റെ ആരാധകരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അണ്ടർഡോഗ് എന്ന് പറയുന്ന ഒരു ആശയമുണ്ട്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഒരു അണ്ടർഡോഗ് ആയിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഒരു അണ്ടർഡോഗ് വിജയം നേടുമ്പോൾ ലഭിക്കുന്ന സന്തോഷം വേറെയാണ്. എന്റെ ആരാധകർ കാറ്റിനെപ്പോലും പ്രതിരോധിക്കാൻ കഴിയുന്ന കത്തുന്ന പന്തം പോലെയാണ്. അതിനാൽ, ഞാൻ നിശ്ശബ്ദമായി ജോലി തുടർന്നുകൊണ്ടേയിരിക്കും." ധനുഷ് പറഞ്ഞു.
സോഷ്യൽ മീഡിയയിലെ ട്രോളുകളും ഫാൻ വാറുകളും തന്റെ മനസ്സിനെ ബാധിക്കാറുണ്ടെന്ന് ധനുഷ് തുറന്നുസമ്മതിച്ചു. "ബാധിക്കില്ലെന്ന് പറഞ്ഞാൽ അത് നുണയാകും, തീർച്ചയായും അത് വിഷമിപ്പിക്കാറുണ്ട്, എങ്കിലും എനിക്കറിയാവുന്ന ഒരേയൊരു കാര്യം ജോലി മാത്രമാണ്, അതിനാൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഞാൻ മുന്നോട്ട് പോകും. എനിക്ക് മറ്റൊന്നും അറിയില്ല. ആളുകൾ എപ്പോഴും അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കും, അത് ട്രെൻഡ് ആണെങ്കിൽ, ഞാൻ അതിനോട് പൊരുത്തപ്പെടും." ധനുഷ് വ്യക്തമാക്കി.
മക്കളായ യാത്ര, ലിംഗ എന്നിവർ തന്റെ സിനിമകൾക്ക് നൽകുന്ന പ്രതികരണങ്ങളെക്കുറിച്ചും ധനുഷ് സംസാരിച്ചു. തന്റെ സിനിമകളെക്കുറിച്ച് വളരെ കർശനവും നിർദ്ദയവുമായ (brutal) അഭിപ്രായങ്ങളാണ് മക്കൾ പറയാറുള്ളത്. സിനിമ നല്ലതാണെങ്കിൽ താൻ രക്ഷപ്പെടും. മോശമാണെങ്കിൽ അവർ കടുപ്പമേറിയ വിമർശനം ഉന്നയിക്കും. അതിനാൽ മക്കളോട് സിനിമകളെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കാൻ തനിക്ക് ഭയമാണെന്നും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു.
രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിച്ച്, വണ്ടർബാർ ഫിലിംസും ആർ.ടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'O.M: ഓപ്പറേഷൻ മോൾ'. ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, നസറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്. രക്തചന്ദനക്കടത്ത് സംഘത്തിലേക്ക് നുഴഞ്ഞുകയറുന്ന, ഒരു രഹസ്യ ഏജന്റിന്റെ കഥയാണ് O.M പറയുന്നത്. ചിത്രം നവംബർ 20-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Content Highlights: At the pre-release event for his upcoming action thriller O.M: Operation Mole—co-starring Mammootty and Sai Pallavi and releasing on November 20—Tamil star Dhanush candidly addressed online trolling, clarified the viral stylist video controversy, described himself as a lifelong underdog, and joked about his sons Yatra and Linga giving brutally honest reviews of his films.
Published: 15 Nov 2026, 03:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented