മാർച്ച് 8-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ട്വൻറി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യൻ താരങ്ങൾ ലോകകിരീടം നിലനിർത്തിയത്. നാനാഭാഗങ്ങളിൽനിന്ന് അഭിനന്ദന പ്രവാഹമായിരുന്നു. ഷാരുഖ് ഖാൻ, കരീന കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ അഭിനന്ദനക്കുറിപ്പുകൾ പങ്കുവെച്ചു.

To advertise here,

അതേസമയം, ഇന്ത്യയുടെ ഈ ചരിത്രവിജയത്തിൽ അമിതാഭ് ബച്ചന് മറ്റൊരു അഭിപ്രായമാണുണ്ടായിരുന്നത്. താൻ മത്സരം കാണാതിരുന്നതുകൊണ്ടാണ് ഇന്ത്യ കിരീടം നേടിയതെന്നാണ് മുതിർന്ന നടൻ പറയുന്നത്!

‘ഞാൻ പറഞ്ഞിരുന്നു, ഞാൻ കാണുന്നില്ലെങ്കിൽ അവർ ജയിക്കുമെന്ന്! അത് സംഭവിച്ചു!’ തന്റെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

താൻ കളി കണ്ടില്ലെങ്കിൽ ടീം ജയിക്കുമെന്ന് വിശ്വസിക്കുന്ന ചില ആരാധകരുണ്ട്. താൻ ഇന്ത്യൻ ടീമിന് 'നിർഭാഗ്യം' കൊണ്ടുവരുന്ന ആളാണെന്ന് ഇതിനുമുമ്പും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കുറിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പോസ്റ്റിന് രഹസകരമായ കമന്റുകളാണ് വന്നത്. " താങ്കൾ ചെയ്തത് വലിയ ത്യാഗമാണെന്നും ദയവായി തുടരുകയെന്നും ഒരാൾ പറഞ്ഞു. "ഞാനും ഇതുതന്നെയാണ് ചെയ്തത്, ദൈവത്തിന് നന്ദി ഇന്ത്യ ജയിച്ചു!" എന്നായിരുന്നു മറ്റൊരു കമൻ്റ്.

ഇന്ത്യ ട്വൻറി20 ലോകചാമ്പ്യന്മാർ

തുടർച്ചയായി രണ്ട് ട്വൻറി20 ലോകകപ്പുകൾ നേടുന്ന ഏക ടീമായും സ്വന്തം മണ്ണിൽ കിരീടം ചൂടുന്ന ആദ്യ ടീമായും മാറിയ ഇന്ത്യ ഇതോടെ മൂന്ന് തവണ ചാമ്പ്യന്മാരായി. ടോസ് നേടിയ ന്യൂസീലൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തതിനെത്തുടർന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. ട്വൻറി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 159 റൺസിന് എല്ലാവരും പുറത്തായി. 15 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഫൈനലിലെ താരം. ഫൈനലിലും സെമി ഫൈനലിലും നേടിയ തുടർച്ചയായ അർധസെഞ്ചുറികളടക്കം ടൂർണമെൻ്റിൽ 321 റൺസ് നേടിയ സഞ്ജു സാംസണെ ടൂർണമെൻ്റിലെ താരമായി തിരഞ്ഞെടുത്തു.