തിരുവനന്തപുരം: സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യേണ്ട ഫിലിം സൊസൈറ്റി അസോസിയേഷൻ പരിപാടിയിൽ മന്ത്രിയെത്താൻ വൈകിയതിൽ നീരസം പ്രകടിപ്പിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. രണ്ടുമണിക്ക് ആരംഭിക്കേണ്ട പരിപാടിക്ക് രണ്ടുമണിക്കൂർ കഴിഞ്ഞിട്ടും മന്ത്രി എത്തിയില്ല. അടൂർ ഗോപാലകൃഷ്ണൻ വേദിയിൽ സംസാരിക്കാതെ മന്ത്രിക്കായി കാത്തിരുന്നു. പിന്നാലെ പ്രസംഗിച്ച അദ്ദേഹം നീരസം പരസ്യമാക്കി.

To advertise here,

നേരത്തെ ഒരു സാംസ്‌കാരിക വകുപ്പ് മന്ത്രി ചർച്ചയ്ക്കായി വിളിച്ച് ഒന്നര മണിക്കൂർ കാത്തിരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ പോകേണ്ടതില്ലെന്ന് അന്ന് തീരുമാനിച്ചതാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അവർക്ക് വലിയ തിരക്കുകളുണ്ട്, നമുക്കും ചെറിയ തിരക്കുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.എഫ്.എഫ്.കെയുടെ നടത്തിപ്പിനെപ്പറ്റിയുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

'ഐ.എഫ്.എഫ്.കെ. അന്താരാഷ്ട്രതലത്തിൽ ഇതുവരെ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര ജൂറി വേണം. ആരെയെങ്കിലും കൊണ്ടുവന്ന് ജൂറിയെ വെക്കുകയല്ല വേണ്ടത്. ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ ഉത്തരവാദിത്തപ്പെട്ട ആരെയും ഏർപ്പെടുത്തിയിട്ടില്ല', അടൂർ പറഞ്ഞു.

'ചെയർമാൻ എന്ന നിലയിൽ ഉത്തരവാദിത്തമുള്ള ഒരാളെ വേണം. വിവരവും അനുഭവവുമുള്ള ഒരാളെ അക്കാദമി ചെയർമാനാക്കണം. അല്ലെങ്കിൽ അത് പേരുദോഷമുണ്ടാക്കും. ഐ.എഫ്.എഫ്.കെയുടെ വെബ്‌സൈറ്റ് കണ്ടാൽ സങ്കടകരമാണ്. പ്രധാന പ്രശ്‌നം, താത്പര്യമില്ലാത്തവരാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നതാണ്', അടൂർ കുറ്റപ്പെടുത്തി.

മന്ത്രി വേദിയിലിരിക്കെയായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം. രണ്ട് മണിക്കൂറായപ്പോൾ താൻ പോകുന്നതിനെപ്പറ്റി ചിന്തിച്ചുവെന്നും നീരസം ഉണ്ടാക്കണ്ട എന്നുകരുതിയാണ് പോകാതെയിരുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

എല്ലാ പ്രശ്‌നങ്ങളും മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്ന് പരിപാടിക്ക് പിന്നാലെ അടൂർ ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പേര് നിർദേശിച്ചിട്ടുണ്ടെന്നും പക്ഷേ അത് വെളിപ്പെടുത്താൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.