കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സർവകലാശാല ഹൈക്കോടതിയിൽ. ചെയ്ത തെറ്റിന് വിദ്യാർത്ഥികൾ മാപ്പ് പറയണമെന്നും പെരുമാറ്റദൂഷ്യമാണ് നടപടിക്ക് കാരണമെന്നും സർവകലാശാല വ്യക്തമാക്കി. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ 44 പേജുള്ള വിശദമായ എതിർസത്യവാങ്മൂലമാണ് സർവകലാശാല കോടതിയിൽ സമർപ്പിച്ചത്.

To advertise here,

സിൻഡിക്കേറ്റിന്റെ തീരുമാനപ്രകാരം വിദ്യാർത്ഥികൾ മാപ്പ് പറയുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യാതെ നടപടി പിൻവലിക്കില്ലെന്ന നിലപാട് സർവകലാശാല ആവർത്തിച്ചു. സസ്പെൻഷൻ ശിക്ഷാനടപടിയല്ലെന്നും വൈസ് ചാൻസലറെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർത്ഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

വിദ്യാർത്ഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങൾ കാരണമാണ് അവർക്ക് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായതെന്നാണ് സർവകലാശാലയുടെ വാദം. അക്കാദമിക് അന്തരീക്ഷം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാലാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തതെന്നും സസ്പെൻഷനിലായ വിദ്യാർത്ഥികൾക്കെതിരെ മുൻപും അച്ചടക്കനടപടികളും പോലീസ് കേസുകളും ഉണ്ടായിട്ടുണ്ടെന്നും സർവകലാശാല കോടതിയെ അറിയിച്ചു.

സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെയെന്നും എതിർസത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 60 ദിവസത്തിലേറെയായി വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കേണ്ടിവരുന്ന സാഹചര്യം പരിഗണിച്ച് അവരോട് ദയ കാണിക്കണമെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നേരത്തെ സർവകലാശാലയോട് നിർദേശിച്ചിരുന്നു.