കൊച്ചി: 'ഹാല്‍' സിനിമ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി. വിവേകമുള്ള മനുഷ്യന്‍ സിനിമയെ കാണേണ്ട രീതിയിലായിരുന്നു 'ഹാല്‍' സിനിമയെ സെന്‍സര്‍ ബോര്‍ഡ് കാണേണ്ടിയിരുന്നതെന്നും എന്നാല്‍ അത്തരമൊരു നടപടിയല്ല സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഹൈക്കോടതി. എ സര്‍ട്ടിഫിക്കറ്റും തിരുത്തലുകളും നിര്‍ദ്ദേശിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി ചോദ്യംചെയ്ത് 'ഹാല്‍' സിനിമ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

To advertise here,

ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം വിവാദമാവുകയും കേസ് കോടതിയിലെത്തുകയും ചെയ്തതോടെ ഹര്‍ജിക്കാരുടെ ആവശ്യപ്രകാരം ജസ്റ്റിസ് വി.ജി. അരുണ്‍ സിനിമ കണ്ടതിന് ശേഷമാണ് വിശദമായ വാദം കേട്ടത്. സിനിമയിലെ കോടതി രംഗത്തില്‍ മതപരിവര്‍ത്തനത്തിന്റെ കണക്ക് പറയുന്ന ഭാഗം, ധ്വജപ്രണാമം തുടങ്ങിയവ സിനിമയില്‍നിന്ന് ഒഴിവാക്കുന്നതിന് തയാറാണെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച മറ്റ് കാര്യങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി കേസ് തീര്‍പ്പാക്കിയത്. സിനിമയെ മതാതീതമായി ആയിരുന്നു സമീപിക്കേണ്ടതെന്നും കോടതി പറഞ്ഞു.

നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷം വീണ്ടും സിനിമ അനുമതിക്കായി സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി.

ബീഫ് ബിരിയാണി കഴിക്കുന്ന സീനുകള്‍ നീക്കണം, ക്രൈസ്തവ വികാരങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ മാറ്റം വരുത്തണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങള്‍ അവ്യക്തമാക്കണം തുടങ്ങി പതിനഞ്ചോളം മാറ്റങ്ങളായിരുന്നു സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ചത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ സംഭാഷണവും നായിക മുസ്ലിം വേഷം ധരിച്ച ദൃശ്യവും ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്. സിനിമയിലെ രംഗങ്ങളും സംഭാഷണങ്ങളും മതവികാരം വ്രണപ്പെടുത്തുന്നതാണെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വാദം.

മുസ്ലിം യുവാവും ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ഹര്‍ജിയെ എതിര്‍ത്ത് കത്തോലിക്കാ കോണ്‍ഗ്രസും കൊച്ചിയിലെ ആര്‍എസ്എസ് നേതാവും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.