
കൊച്ചി: ‘ഹാൽ’ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത് ചോദ്യം ചെയ്ത് കാത്തലിക് കോൺഗ്രസ് നൽകിയ അപ്പീലിൽ തീരുമാനം എടുക്കുന്നതിനു മുന്നോടിയായി ഹൈക്കോടതി ഡിവിഷൻബെഞ്ച് സിനിമ കണ്ടു. ബുധനാഴ്ച വൈകീട്ട് കാക്കനാട്ടെ സ്റ്റുഡിയോയിലാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും സിനിമ കണ്ടത്. ഹർജിക്കാരുടെയടക്കം അഭിഭാഷകരും ഒപ്പം ഉണ്ടായിരുന്നു. നേരത്തേ സിംഗിൾബെഞ്ചും സിനിമ കണ്ടിരുന്നു. അതിനിടെ സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് കേന്ദ്രസർക്കാരും ഫിലിം സർട്ടിഫിക്കേഷൻ ബോർഡും അപ്പീൽ ഫയൽ ചെയ്തു.
ഷെയ്ൻ നിഗം നായകനായ ഹാൽ സിനിമയുടെ ഇതിവൃത്തം മുസ്‌ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ്. ഒരു ഡസനോളം കട്ടുകൾ നിർദേശിച്ച സെൻസർ ബോർഡിന്റെ നിർദേശം ചോദ്യംചെയ്ത് നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിലായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. സെൻസർ ബോർഡ് നിർദേശിച്ച ബീഫ് ബിരിയാണി കഴിക്കുന്ന സീനുകളടക്കം ഒഴിവാക്കാൻ തയ്യാറാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചതും കണക്കിലെടുത്തായിരുന്നു ഉത്തരവ്.
ക്രിസ്ത്യൻ സമുദായത്തെയും താമരശ്ശേരി ബിഷപ്പ് ഹൗസിനെയും പ്രതിപാദിക്കുന്ന സിനിമയിലെ മൂന്ന് സീനുകൾക്ക് സിംഗിൾബെഞ്ച് അനുമതി നൽകിയതിനെയാണ് കാത്തലിക് കോൺഗ്രസ് അപ്പീലിൽ ചോദ്യംചെയ്യുന്നത്. തുടർന്നാണ് ഡിവിഷൻബെഞ്ചും സിനിമ കാണാൻ തീരുമാനിച്ചത്.
ഇതിനുപിന്നാലെയാണ് സെൻസർ ബോർഡും അപ്പീൽ നൽകിയത്. വിഷയം അടുത്ത ദിവസം കോടതി വീണ്ടും പരിഗണിക്കും.
Content Highlights: Kerala High Court`s Division Bench watches `Haal` film following single bench order
Published: 04 Dec 2025, 08:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented