ഹോളിവുഡിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ചിത്രമായിരുന്ന അവതാറില്‍ തനിക്കൊരു റോളുണ്ടെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നതായി ബോളിവുഡ് നടന്‍ ഗോവിന്ദ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവകാശപ്പെട്ടിരുന്നു. ഒരു ടിവി ചാനലിലെ ടോക് ഷോയിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.  ഗോവിന്ദയുടെ അവകാശവാദത്തെ തള്ളിപ്പറയുകയാണ് നിര്‍മാതാവ് പഹ്‌ലജ് നിഹ്‌ലാനി. ഗോവിന്ദയുടെ മനസ്സിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടാണെന്നും അവതാര്‍ എന്ന ഹിന്ദി സിനിമയില്‍ ഗോവിന്ദ അഭിനയിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയായില്ലെന്നും നിഹ്‌ലാനി പറഞ്ഞു. 

To advertise here,

അവതാര്‍ എന്ന പേരില്‍ ഞാന്‍ ഹിന്ദിയില്‍ ഒരു സിനിമ എടുത്തിരുന്നു. ഗോവിന്ദയായിരുന്നു നായകന്‍. എന്നാല്‍ നാല്‍പ്പത് മിനിറ്റോളം ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് അത് മുടങ്ങിപ്പോയി. രണ്ടു സിനിമകളുടെ ടൈറ്റിലും ഒന്നായ് കൊണ്ടാണോ ഗോവിന്ദയുടെ മനസ്സിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടത് എന്ന് എനിക്കറിയില്ല- പഹ്‌ലജ് നിഹ്‌ലാനി

ഗോവിന്ദയുടെ അന്ധവിശ്വാസങ്ങളും അലസതയുമാണ് അദ്ദേഹത്തിന്റെ കരിയര്‍ ഇല്ലാതാക്കിയെന്നും പഹ്‌ലജ് നിഹ്‌ലാനി കൂട്ടിച്ചേര്‍ത്തു. 

''ഗോവിന്ദ നല്ല മനുഷ്യനും നടനുമാണ്. പക്ഷേ അന്ധവിശ്വാസങ്ങളോടുള്ള താല്‍പര്യം അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ വലിയ വെല്ലുവിളിയായി തീര്‍ന്നു. അദ്ദേഹത്തെ സെറ്റില്‍ ഓരോ കാര്യങ്ങള്‍ പ്രവചിക്കുമായിരുന്നു. ചില സമയങ്ങളില്‍ ആളുകളോട് വസ്ത്രം മാറി വരാന്‍ ആവശ്യപ്പെടും. ചില വസ്ത്രങ്ങള്‍ അശുഭമാണെന്ന് പറയും. അന്ധവിശ്വാസത്താല്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ വിസമ്മതിക്കും''-പഹ്‌ലജ് നിഹ്‌ലാനി കൂട്ടിച്ചേര്‍ത്തു. 

ജെയിംസ് കാമറൂണിനോട് അവതാര്‍ എന്ന പേര് നിര്‍ദേശിച്ചത് താനാണെന്നും ഗോവിന്ദ പറഞ്ഞിരുന്നു. ദേഹത്തു മുഴുവന്‍ പെയ്ന്റ് തേച്ച് 410 ദിവസം ഷൂട്ട് ചെയ്യേണ്ടിയിരുന്നതിനാല്‍ താന്‍ പറ്റില്ലെന്ന് പറഞ്ഞതായും ഗോവിന്ദ കൂട്ടിച്ചേര്‍ത്തു. 

''ഏഴു വര്‍ഷമെടുക്കും ഈ പ്രൊജക്ട് പൂര്‍ത്തിയാക്കാനെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് അദ്ദേഹത്തെ ചൊടിപ്പിച്ചു. അതെങ്ങനെ താങ്കള്‍ക്ക് ഉറപ്പിച്ചു പറയാനാകുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അവസാനം ഞാന്‍ പറഞ്ഞപോലെ എട്ട്-ഒന്‍പത് വര്‍ഷം കൊണ്ടാണ് അത് റിലീസ് ചെയ്തതും സൂപ്പര്‍ഹിറ്റായതും.സിനിമയില്‍ എനിക്കൊരു റോളും കാമറൂണ്‍ ഓഫര്‍ ചെയ്തിരുന്നു. പക്ഷേ അതിനുവേണ്ടി ദേഹത്തു മുഴുവന്‍ പെയ്ന്റ് തേച്ച് 410 ദിവസം ഷൂട്ട് ചെയ്യണമായിരുന്നു. എനിക്കു പറ്റില്ലെന്നു പറഞ്ഞു.''- ഇതായിരുന്നു ഗോവിന്ദ അവകാശപ്പെട്ടത്. 

ഗോവിന്ദയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മീമുകളും ട്രോളുകളുമായി താരത്തിന്റെ വാചകങ്ങള്‍ ഏറ്റു പിടിക്കുകയും ചെയ്തു.  ചുംബനരംഗമുള്ളതിനാല്‍ രാഖി സാവന്ത് ഗ്ലാഡിയേറ്റര്‍ നിരസിച്ചുവെന്നും സല്‍മാന്‍ ഖാന് ഫിസിക്‌സിന് നോബല്‍ സമ്മാനം ലഭിച്ചുവെന്നുമൊക്കെ പറയുന്നതുപോലെയാണ് ഗോവിന്ദയുടെ വെളിപ്പെടുത്തല്‍ എന്നെല്ലാമാണ് ട്വിറ്ററില്‍ അക്കാലത്ത് പ്രചരിച്ച ട്രോളുകള്‍. ബോളിവുഡ് കണ്ട സൂപ്പര്‍താരങ്ങളിലൊരാളായിരുന്ന ഗോവിന്ദയ്ക്ക് ഇപ്പോള്‍ സിനിമകളില്ലെന്നും പഴയ പ്രശസ്തിയും താരപദവിയും തിരികെ വേണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാവണം ഇങ്ങനെയുള്ള പ്രസ്താവനകളുമായി രംഗത്തു വരുന്നതെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.