രഹസ്യാന്വേഷണ ചരിത്രത്തിൽ 'ഹണിട്രാപ്പ്' തന്ത്രം പുതുതല്ല. എന്നാൽ ഒരു നൂറ്റാണ്ടിന്റെ ഇടവേളയിൽ ലോകരാഷ്ട്രീയത്തിന്റെയും സാങ്കേതികവിദ്യയുടെയും മുൻനിരയെ ഉലച്ച ചാരവൃത്തിയിൽ ഏർപ്പെട്ട രണ്ട് വനിതകളുടെ കഥകൾ താരതമ്യം ചെയ്യുമ്പോൾ, ചാരപ്പണിയുടെ സ്വഭാവം കാലഘട്ടത്തിനനുസരിച്ച് എങ്ങനെ മാറിയെന്നത് വ്യക്തമാകും.

To advertise here,

ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച്-ജർമ്മൻ അതിർത്തികളിൽ സൈനിക രഹസ്യങ്ങൾ ചോർത്തിയ മാതാ ഹരിയും, 21-ാം നൂറ്റാണ്ടിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പ് വിപ്ലവത്തിന്റെ നടുവിൽ യു.എസ് സാങ്കേതികവിദ്യയുടെ കാതൽ ചോർത്താൻ എത്തിയെന്ന ആരോപണം നേരിടുന്ന ആലിസ് ഹുവാങ്ങും തമ്മിൽ സാമ്യതകളും വ്യത്യാസങ്ങളും നിറഞ്ഞ രണ്ട് ചരിത്ര അധ്യായങ്ങളാണ്.

ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ ചാരവനിതയായി മാതാ ഹരി മാറിയപ്പോൾ, ആധുനിക ലോകത്ത് തോക്കുകൾക്കും ബോംബുകൾക്കും പകരം 'ടെക്നോളജിയും ഡാറ്റയും' എങ്ങനെ യുദ്ധായുധങ്ങളാകുന്നു എന്നതിന്റെ ഉദാഹരണമായി ആലിസ് ഹുവാങ് മാറുന്ന കാഴ്ചയാണ്. സൗന്ദര്യവും തന്ത്രവും ഉപയോഗിച്ച് ലോകചരിത്രത്തിന്റെ ഗതി മാറ്റാൻ ശ്രമിച്ച രണ്ടുപേരും, രണ്ടു കാലഘട്ടങ്ങളിലെ ചാരവൃത്തിയുടെ മുഖമുദ്രകളായി മാറുകയാണ്.

മാദകസുന്ദരി,ലൈംഗിക വഞ്ചനയുടെ ചാരമുഖം; മാതാ ഹരി ആരായിരുന്നു?

സൗന്ദര്യവും വശ്യതയും കൊണ്ട് ലോകത്തെ മയക്കിയ സുന്ദരി, മാർഗരീറ്റാ ടെർടൂഡിയാ സെല്ലാ. യഥാർഥ പേരിനേക്കാൾ മാതാ ഹരി എന്ന പേരാണ് ലോകത്തിന് പരിചയും. മാതാ ഹരി സഞ്ചരിക്കാത്ത നാടുകളുണ്ടായിരുന്നില്ല. ഏഴ് ഭാഷകളിലായിരുന്നു അവൾക്ക് പ്രാവീണ്യം. സൗന്ദര്യവും വശ്യതയും കൊണ്ട് പോയിടങ്ങളെയെല്ലാം അവൾ കീഴ്പ്പെടുത്തി. എന്നാൽ ആ സൗന്ദര്യവും കഴിവും അവളെ കൊണ്ടെത്തിച്ചത് ചാരപ്രവർത്തനങ്ങളുടെ ഇരുണ്ടലോകത്താണ്, ഒന്നാം ലോകമഹായുദ്ധകാലത്ത് പിടിക്കപ്പെട്ടതോടെ തോക്കിൻ കുഴലിലെ വിധിക്ക് മുന്നിൽ കീഴ്പ്പെടേണ്ടി വന്നു അവൾക്ക്. മാതാ ഹരി വാസ്തവത്തിൽ ഒരു ചാരവനിത ആയിരുന്നോ? അതോ അനേകം പുരുഷന്മാരാൽ ചൂഷണം ചെയ്യപ്പെട്ട, എതിർപ്പറിയിക്കാൻ പോലും പറ്റാതെ നിസ്സഹായാവസ്ഥയിലായിരുന്ന ഒരു സാധാരണ സ്ത്രീയോ?

മാതായെ കുറിച്ച് പുറത്തുവന്ന കഥകളിലൊന്നും വ്യക്തതയുണ്ടായിരുന്നില്ല, സ്വയം വ്യക്തമാക്കാൻ അവൾ തയ്യാറായിരുന്നുമില്ല. അതുകൊണ്ടുതന്നെ അവ്യക്തതകളെല്ലാം പലതരം കഥകളായി പുറത്തുവന്നു. നൂറുകണക്കിന് കഥകളാണ് അവളുടേതായി പുറത്തുവന്നിരുന്നത്. മരിച്ച് നൂറുവർഷങ്ങൾക്കിപ്പുറവും ആ കഥകളിങ്ങനെ പ്രചരിക്കുകയാണ്. ചാരവൃത്തികളുടെ നിഗൂഢതകളും ഒരുപാട് ചോദ്യങ്ങളും ബാക്കിയാക്കിക്കൊണ്ട് മാതാ ഹരി അഥവാ മാർഗരീറ്റാ ടെർടൂഡിയാ സെല്ല മരിച്ചിട്ട് ഒക്ടോബർ 15ന് 107 വർഷം പിന്നിട്ടു.

കുട്ടിക്കാലം, കുടുംബം, ജോലി

നെതർലന്റിലെ ലീവാർഡ് ആണ് മാതാ ഹരിയുടെ സ്വദേശം എന്നാണ് പറയപ്പെടുന്നത്. മാതായുടെ പതിമൂന്നാം വയസ്സിൽ അവളും മൂന്ന് സഹോദരമാരും അമ്മയും അടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ച് അച്ഛൻ നാടുവിട്ടു. അതോടെ അവളുടെ അമ്മ മാനസിക രോഗിയായി മാറി. തകർന്ന കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്തം മാതായുടേതായി മാറി. ജീവിക്കാൻ പലതൊഴിൽ നേടി നടന്ന അവൾ 16ആം വയസ്സിൽ സമീപത്തെ ഒരു പ്രി സ്‌കൂളിൽ അധ്യാപികകയായി ജോലി ചെയ്യാൻ ആരംഭിച്ചു. എന്നാൽ സ്‌കൂൾ ഹെഡ്മാസ്റ്ററായ 51 വയസ്സുകാരനുമായുള്ള ബന്ധത്തെ തുടർന്ന് അവൾ സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇത്തരം കേസുകളിൽ തെറ്റ് പെണ്ണിന്റേതായി മാത്രം മാറുന്ന പതിവുകളിൽ അവളും അകപ്പെട്ടു. അവൾക്ക് ജോലി നഷ്ടപ്പെട്ടെങ്കിലും ഒരേ കുറ്റം നേരിടുന്ന ഹെഡ്മാസ്റ്റർ അവിടെ ജോലിയിൽ തുടർന്നു. ജീവിതത്തിൽ നേരിട്ട ആദ്യത്തെ തിരിച്ചടിയായിരുന്നു അത്.

റുഡോൾഫ് മക്ലിയോഡുമായുള്ള വിവാഹം

1895ൽ തന്റെ 19-ാം വയസ്സിലാണ് ഡച്ച് സൈന്യത്തിലെ ഉദ്യോഗസ്ഥനായ 39 വയസ്സുകാരൻ ലെഫ്റ്റനന്റായിരുന്ന റുഡോൾഫ് മക്ലിയോഡുമായി മാതാ ഹരി വിവാഹിതയാവുന്നത്. സൈന്യത്തിലെ റാങ്കിൽ സ്ഥാനക്കയറ്റം ലഭിക്കാൻ റുഡോൾഫിന് വിവാഹം കഴിക്കേണ്ടിയിരുന്നു. എന്നാൽ സിഫിലിസ് രോഗബാധയുള്ളതിനാൽ വിവാഹത്തിന് ആരും സമ്മതം മൂളുകയില്ല. എന്നാൽ ഒരു പ്രാദേശിക പത്രത്തിൽ പരസ്യം നൽകിയതിനെ തുടർന്ന് 18 വയസ്സുകാരിയായ മാർഗരിത വിവാഹത്തിന് സമ്മതം മൂളിക്കൊണ്ട് മറുപടിയെഴുതി. അവളുടെ സാഹചര്യങ്ങളായിരുന്നു ഒരു വിവാഹത്തിലേക്ക് അവളെ എത്തിച്ചത്. അങ്ങനെ റുഡോൾഫിനെ കണ്ടുമുട്ടി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ വിവാഹിതരായി. വൈകാതെ മാർഗരിത മൂന്ന് കുട്ടികളുടെ അമ്മയുമായി.

എന്നാൽ പ്രതീക്ഷത്രയും ശോഭനമായിരുന്നില്ല മാർഗരീതയുടെ വിവാഹജീവിതം. മദ്യപിച്ചെത്തുന്ന ഭർത്താവ് അവളെ നിരന്തരം മർദിച്ചു. ലൈംഗീകമായി ചൂഷണം ചെയ്തു, നിരവധി സ്ത്രീകളേയും വീട്ടിൽ വിളിച്ചുകൂട്ടി രതിയിലേർപ്പെട്ടു. മാർഗരിതയെ ചൂതാട്ടത്തിന് ജാമ്യവസ്തുവായി പോലും അയാൾ ഉപയോഗിച്ചു. തന്റെ പ്രതിസന്ധികളിൽ നിന്ന് താൽക്കാലികമായെങ്കിലും രക്ഷതേടാനാണ് അവൾ ജാവനീസ് നൃത്തം നോക്കിപ്പഠിച്ചത്. മിലിട്ടറി ക്യാമ്പിലെത്തുന്ന വേലക്കാരികളായ സ്ത്രീകൾ നേരമ്പോക്കിന് വേണ്ടി കളിച്ചിരുന്ന നൃത്തം മാർഗരിതയ്ക്ക് അതിവേഗം വഴങ്ങി. അതിനിടെ മാർഗരിതയും കുടുംബവും റുഡോൾഫന്റെ ജോലിസംബന്ധമായി സുമാത്രയിലേക്ക് മാറി. സുമാത്രയിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവളുടെ ഇളയമകൻ രോഗബാധിതനായി മരിച്ചു. മാനസികമായി തളർന്ന അവളെ ഭർത്താവ് നെതർലന്റിലേക്ക് തിരിച്ചയച്ചു. നാട്ടിലെത്തിയ ഉടൻ അവൾ വിവാഹമോചനത്തിനുള്ള കേസ് നൽകി. വിവാഹമോചനം ലഭിച്ചെങ്കിലും സ്വന്തം മക്കളുടെ കസ്റ്റഡി അവൾക്ക് ലഭിച്ചില്ല. അതോടെ അവൾ വീണ്ടും തകർന്നു.

പാരീസിന്റെ മാതാ..

ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിന് അറുതിവരുത്താനായാണ് മാർഗരീത പാരീസിലെത്തിയത്. പാരിസിൽ കാലുകുത്തുമ്പോൾ ജീവിക്കാൻ വകയില്ലാതിരുന്ന ഒരു പെൺകുട്ടിയായിരുന്നു അവളെങ്കിലും പിന്നീടങ്ങോട്ട് അവൾ അനുഭവിച്ചത് സ്വപ്നതുല്യമായ ജീവിതമായിരുന്നു. ഡാൻസറായാണ് മാതാ ഹരി പാരിസിൽ ജോലി ചെയ്യാനാരംഭിച്ചത്. 1903 മുതൽ മാർഗരീറ്റാ പാരിസിൽ നൃത്തപരിപാടികൾ നടത്തി. അക്കാലത്താണ് സ്റ്റേജ് നെയിം ആയി മാതാ ഹരി എന്ന പേര് സ്വീകരിച്ചത്. താൻ ജനിച്ചത് ഇന്ത്യയിലെ ഒരു ക്ഷേത്രത്തിലാണെന്നും അവിടെയുള്ള പുരോഹിതരാണ് തനിക്ക് മാതാ ഹരി എന്ന പേര് നൽകിയതെന്നും അവകാശപ്പെട്ടാണ് അവൾ മാതാ ഹരി എന്ന പേര് സ്വീകരിച്ചത്. ഇന്ത്യൻ ക്ഷേത്രത്തിലെ പുരോഹിതർ തന്നെ പുരാണവും നൃത്തവും പഠിപ്പിച്ചെന്നും മാതാ ഹരി പറഞ്ഞു. അന്ന് പാരീസിലെ വളരെ പ്രശസ്തമായ, ഏഷ്യൻ കലകൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ഒരു മ്യൂസിയത്തിൽ മാതാ ഹരി നൃത്തം അവതരിപ്പിച്ചു. നിരവധി സമ്പന്നർ സമ്മേളിക്കുന്ന വേദിയിൽ നൃത്തം അവതരിപ്പിച്ചതോടെ അവളുടെ പേരും പ്രശസ്തിയും യൂറോപ്പിലാകെ പടരാനും ആരംഭിച്ചു.
അർധനഗ്‌നമായ മേനിയഴക് പ്രദർശിപ്പിച്ച് ആരേയും ആകർഷിക്കുന്ന ചുവടുകളും മെയ് അഴകും മുഖഭാഗങ്ങളും കാണിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന വശ്യസുന്ദരിയായ ജാവനീസ് നർത്തകിയെ കുറിച്ച് അന്ന് മാധ്യമങ്ങളും ആവോളം പുകഴ്ത്തി എഴുതി. അതോടെ പാരിസിലെ ചെറുതും വലുതുമായ നിരവധി വേദികളിൽ മാതാ ഹരിയുടെ നൃത്തം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. 1905 മുതലാണ് മാതാ ഹരി വിദേശരാജ്യങ്ങളിൽ നിന്നുള്ള നൃത്തരൂപങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. ജാവനീസ് രാജകുമാരിയായുള്ള അവളുടെ പരകാശപ്രവേശവും മെയ്വഴക്കവും ആയിരക്കണക്കിന് കാഴ്ചക്കാരേയാണ് അവളിലേക്ക് അടുപ്പിച്ചത്. മാതാ ഹരി എന്ന മാദകസുന്ദരിയിലേക്ക് അവർ ഒന്നടങ്കം ആകൃഷ്ടയായി. അതിനിടെ തന്നെ ഡാൻസർ എന്ന പേരിൽ നിന്ന് വേശ്യ എന്ന വിശേഷണത്തിലേക്ക് അവൾ മാറിയിരുന്നു. നൃത്തത്തിലൂടെ കോടിക്കണക്കിന് രൂപയാണ് അന്ന് മാതാ സമ്പാദിച്ചിരുന്നത്. എന്നാൽ പണം മുഴുവൻ ധൂർത്തടിച്ച് പാഴാക്കുകയായിരുന്നു അവൾ. കിട്ടുന്ന പണം മുഴുവൻ ചൂതാട്ടത്തിനും വസ്ത്രത്തിനും ആഭരണത്തിനും വിലകൂടിയ താമസത്തിനും ആഹാരത്തിനും വേണ്ടി ചെലവഴിച്ചു.
അതിനിടെ മാതാ ഹരിയുടെ മുൻഭർത്താവ് വീണ്ടും വിവാഹമോചിതനായി. ഇതറിഞ്ഞ് കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ട കോടതിയെ സമീപിച്ച അവൾക്ക് അനുകൂല ഉത്തരവല്ല ലഭിച്ചത്. സ്ഥിരവരുമാനം ഇല്ല, സുരക്ഷിതമായ താമസമില്ല തുടങ്ങിയ കാരണങ്ങളായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. കേസ് നടന്ന് ഏറെ കഴിയുന്നതിന് മുൻപ് തന്നെ അവളുടെ ശേഷിക്കുന്ന രണ്ട് മക്കളും സിഫിലിസ് ബാധിച്ച് മരണപ്പെട്ടിരുന്നു.

തെളിവില്ലാതെ അറസ്റ്റ്, വധശിക്ഷ

1914 മുതൽ 1918 വരെയുള്ള കാലത്ത് മാതാ ഹരി നിരവധി യൂറോപ്യൻ രാജ്യങ്ങളിലൂടെ നിരന്തരം യാത്ര ചെയ്തുകൊണ്ടിരുന്നു. എല്ലാ രാജ്യങ്ങളിലും അവൾക്ക് കാമുകന്മാരുണ്ടായിരുന്നു. ഇവരെല്ലാം സൈനികരുമായിരുന്നു. അവരിൽ ഒരു ഡച്ച് കേണലും റഷ്യൻ ക്യാപ്റ്റനും ബെൽജിയൻ കമാൻഡറും ഇറ്റലിയിലെ ക്യാപ്റ്റനും അയർലന്റിലെ രണ്ട് ഉദ്യോഗസ്ഥരും ഫ്രാൻസിൽ നിന്നുള്ള ആറ് ഉദ്യോഗസ്ഥരുമെല്ലാം ഉൾപ്പെട്ടിരുന്നു. യുദ്ധകാലത്തുള്ള യാത്ര അവളെ സംശയത്തിന്റെ നിഴലിലേക്കെത്തിച്ചു. അതിർത്തികളിൽ അവൾ ചോദ്യങ്ങൾക്ക് വിശദീകരണങ്ങൾ നൽകേണ്ടി വന്നു. വീടോ കുടുംബമോ സ്ഥിരമായ മേൽവിലാസമോ ഭർത്താവോ വരുമാനമോ ഇല്ലാതിരുന്ന അവളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിൽ യാതൊരു നിയമപ്രശ്നവും അന്നുണ്ടായിരുന്നില്ല.

1916ൽ ലണ്ടനിൽ വെച്ച് മാതാ ഹരിയെ ഒരു സംഘം പോലീസുകാർ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനെ താനൊരു ഫ്രഞ്ച് ചാര വനിതയാണെന്ന് മാതാ ഹരി സമ്മതിച്ചു. പക്ഷെ അവൾ സത്യം തന്നെയാണോ പറയുന്നത് എന്ന കാര്യത്തിൽ അന്ന് പോലീസുകാരും സംശയത്തിലായിരുന്നു. അതിനിടെ 1917ൽ ജർമൻ സൈന്യം എച്ച്-21 എന്ന കോഡിൽ അറിയപ്പെടുന്ന ഒരു ചാരനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മാതാ ഹരിയാണ് ഈ ചാരയെന്ന് അനുമാനിച്ച് ഫ്രഞ്ച് സൈന്യം മാതാ ഹരിയെ അറസ്റ്റ് ചെയ്ത് സെന്റ് ലസാരേ ജയിലിൽ തടവിലാക്കി. യുദ്ധകാലത്ത് നെതർലന്റിനും ജർമനിക്കും ഫ്രാൻസിനുമടക്കം നിരവധി രാജ്യങ്ങൾക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് മാതാ ഹരി വിചാരണവേളയിൽ ജഡ്ജിയോട് തുറന്നുസമ്മതിച്ചിരുന്നു. ചാരവൃത്തി നടത്തിക്കൊണ്ട് ധാരാളം പണം സമ്പാദിച്ചതായും അവൾ പറഞ്ഞിരുന്നു. എന്നാൽ അന്ന് ഇതിന്റെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. വിചാരണ പൂർത്തിയായപ്പോൾ മാതാ ഹരിയെ വെടിവെച്ച് കൊലപ്പെടുത്താനായിരുന്നു ഉത്തരവ്. അതേവർഷം ഒക്ടോബർ 15ന് മാതാ ഹരിയുടെ വിധി നടപ്പാക്കപ്പെട്ടു. ഫ്രഞ്ച് ഫയറിങ് സ്‌ക്വാഡിന് മുന്നിൽ തലയുയർത്തി അവൾ നിന്നു. വിധി നടപ്പാക്കപ്പെട്ടു. ഒരു തോക്കിൻ തിരയ്ക്ക് മുന്നിൽ അവൾ മരണത്തിന് മുന്നിൽ കീഴടങ്ങി. മരിക്കുന്ന സമയത്ത് 41 വയസ്സായിരുന്നു അവളുടെ പ്രായം. മരണത്തിന് ശേഷം മാതാ ഹരിയുടെ മൃതദേഹം പഠനത്തിനായി വിട്ടുനൽകി. ചാരവൃത്തി സംബന്ധിച്ച ഏതാനും തെളിവുകളും നിർണായക സംഭവങ്ങൾ വിശദീകരിച്ച് സുഹൃത്തുക്കൾക്കും സഹായികൾക്കും അയച്ച അവളുടെ കത്തുകളും പിൽക്കാലത്ത് കണ്ടെടുത്തിട്ടുമുണ്ട്.

ചാരവൃത്തിയുടെ കരിനിഴൽ മാതാഹരിയിൽ വീണില്ലായിരുന്നെങ്കിൽ ലോകം കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന വിശേഷണത്തിൽ അവൾ അവസാനിച്ചേനെ. പക്ഷെ എത്രവർഷം കഴിഞ്ഞാലും കുപ്രസിദ്ധിയോടെയല്ലാതെ ഓർക്കപ്പെടാൻ മാതാ ഹരിക്ക് കഴിയില്ല.

ആരാണ് ചൈനീസ് ‘ചാരവനിത’ ആലിസ് ഹുവാങ്?

ലോകത്തെ ഏറ്റവും മികച്ച എഐ ചിപ്പുകൾ നിർമിക്കുന്ന യുഎസ് കമ്പനിയായ എൻവിഡിയയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. എന്നാൽ അത് സാങ്കേതികരംഗത്തെ ഏതെങ്കിലും മുന്നേറ്റത്തിന്റെ പേരിലല്ല. മറിച്ച് കമ്പനിയുടെ സിഇഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതരബന്ധത്തിന്റെ പേരിലാണ്. ചൈനീസ് വനിതയായ ആലിസ് ഹുവാങ്ങുമായുള്ള ജെൻസന്റെ ബന്ധമാണ് വിവാദമായത്. ആലിസിന് ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന സംശയം കൂടി ഉയർന്നതോടെ കേവലം വിവാഹേതരബന്ധം എന്നതിനപ്പുറം ഗൗരവതരമായ വിഷയമായിരിക്കുകയാണ് ഇത്.

വിവാദം അന്താരാഷ്ട്രതലത്തിൽ വളർന്നതോടെ എൻവിഡിയ ഡയറക്ടർ ബോർഡ്, ജെൻസൻ ഹുവാങ്ങും ആലിസ് ഹുവാങ്ങും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെ വിവാഹേതര ബന്ധമുണ്ടായിരുന്ന കാര്യം ജെൻസൻ ഹുവാങ് സമ്മതിച്ചതായി ന്യൂയോർക്ക് ടൈംസ് പറയുന്നു. കമ്പനി ജീവനക്കാർക്കയച്ച വൈകാരികമായ ഇമെയിൽ സന്ദേശത്തിലാണ് ഹുവാങ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

ജെൻസൻ ഹുവാങ്ങും ആലിസ് ഹുവാങും തമ്മിലെന്ത്?

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഗാസ്പീഡ് എന്ന കമ്പനിയുടെ മുൻ സീനിയർ എക്‌സിക്യൂട്ടീവും മാനേജിങ് ഡയറക്ടറുമാണ് ആലിസ് ഹുവാങ്. ഒരേ സർനെയിം ആണെങ്കിലും 63-കാരനായ ജെൻസൻ ഹുവാങ്ങുമായി ആലിസ് ഹുവാങ്ങിന് കുടുംബബന്ധമൊന്നുമില്ല. ചൈനീസ് പൗരത്വമുള്ള ഇവർ ഹുവാങ് ലെ എന്ന പേരിലും അറിയപ്പെടുന്നു. ജെൻസൻ ഹുവാങ്ങും ആലിസ് ഹുവാങും ആദ്യമായി കണ്ടുമുട്ടിയത് എപ്പോഴാണെന്നോ ഇവരുടെ ബന്ധം എത്രകാലം മുന്നേ തുടങ്ങിയതാണെന്നോ വ്യക്തമല്ല.

2024 ജൂണിലാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം ആദ്യമായി പുറത്തുവന്നത്. തായ്‌വാനിലെ ഒരു ബാറിൽ വെച്ച് ഇവർ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഗിഗാബൈറ്റ്, നെറ്റ്തണ്ടർ കമ്പനികളിലെ എക്‌സിക്യൂട്ടീവുകളും അന്ന് ഇവർക്കൊപ്പമുണ്ടായിരുന്നു. ഇതേ കാലയളവിലാണ് മെഗാസ്പീഡ് കോടിക്കണക്കിന് ഡോളറിന്റെ അത്യാധുനിക എഐ ചിപ്പുകൾ വാങ്ങാൻ തുടങ്ങിയത്.