അഞ്ച് വർഷം മുൻപ് പുറത്തിറങ്ങി ലോകമെമ്പാടും ഹിറ്റായ 'എൻജായ് എൻജാമി' എന്ന ഗാനത്തെച്ചൊല്ലി സംഗീതസംവിധായകൻ സന്തോഷ് നാരായണനും റാപ്പർ അറിവും തമ്മിൽ വീണ്ടും തർക്കം. സന്തോഷ് നാരായണനും മകളും ഗായികയുമായ ധീയും ചേർന്ന് അറിവിന്റെ സംഭാവനകളെ മറച്ചുവെച്ച് പാട്ടിന്റെ ക്രെഡിറ്റ് നേടിയെടുത്തുവെന്ന ഒരു ആരാധകന്റെ സോഷ്യൽ മീഡിയയിലെ ആരോപണമാണ് വീണ്ടും ഈ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇത് സന്തോഷും അറിവും തമ്മിൽ പരസ്യമായ വാഗ്വാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

To advertise here,

ആരാധകന്റെ വാദം തള്ളിക്കളഞ്ഞ സന്തോഷ് നാരായണൻ 'എൻജായ് എൻജാമി'യുടെ ആശയം ധീയുടേതായിരുന്നുവെന്ന് പറഞ്ഞു. ഗാനത്തിന്റെ പ്രധാന കഥയും ആശയവും ഡയറക്ടർ മണികണ്ഠന്റേതായിരുന്നു. അദ്ദേഹം അന്ന് തന്നോടൊപ്പം 'കടൈസി വിവസായി' എന്ന ചിത്രത്തിൽ പ്രവർത്തിക്കുകയായിരുന്നു. അറിവ് മിക്കവാറും വരികൾ എഴുതുകയും ഗാനം അവതരിപ്പിക്കുകയും മാത്രമാണ് ചെയ്തത് പരമ്പരാഗതമായ ചില വായ്പ്പാട്ട് വരികളും അദ്ദേഹം ഉൾപ്പെടുത്തി. എന്നാൽ എൻജാമി എന്ന വാക്ക് ഗാനത്തിൽ ഉൾപ്പെടുത്തണമെന്ന് താനാണ് നിർദേശിച്ചത്. നമ്മൾ ഡിജിറ്റൽ ലോകത്താണ് ജീവിക്കുന്നത്. ഓരോ വാദവും തെളിയിക്കാനാകും, തെളിയിക്കുകയും വേണമെന്നും സന്തോഷ് നാരായണൻ പറഞ്ഞു.

ഇതിന് മറുപടിയുമായി അറിവ് രംഗത്തെത്തി. തന്റെ ഗ്രാമത്തിലെ കഥകളും സ്വന്തം ജീവിതാനുഭവങ്ങളും സംസ്കാരവുമാണ് ഗാനത്തിന് ആധാരമെന്ന് അറിവ് വ്യക്തമാക്കി. എന്നാൽ ഗാനം ഇത്രയും വലിയ വിജയമായിട്ടും തനിക്ക് അർഹമായ പ്രതിഫലമോ ഉടമസ്ഥാവകാശമോ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. അഞ്ച് വർഷമായിട്ടും തനിക്ക് യാതൊരുവിധ റോയൽറ്റിയും ലഭിച്ചിട്ടില്ലെന്നും ഒരു 'ഫീച്ചറിംഗ് ആർട്ടിസ്റ്റ്' എന്ന നിലയിൽ മാത്രമാണ് തന്നെ പരിഗണിച്ചതെന്നും അറിവ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

അറിവിന്റെ ആരോപണങ്ങളെ സത്യസന്ധമല്ലാത്തതും വ്യാമോഹവും എന്നാണ് സന്തോഷ് നാരായണൻ വിശേഷിപ്പിച്ചത്. പ്രശ്നങ്ങൾ നേരിട്ട് ചർച്ച ചെയ്യാൻ അറിവ് തയ്യാറായില്ലെന്നും തന്നെ എല്ലായിടത്തും ബ്ലോക്ക് ചെയ്തുവെന്നും സന്തോഷ് ആരോപിക്കുന്നു. എന്നാൽ താൻ നേരിട്ട് സന്തോഷിന്റെ വീട്ടിൽ ചെന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ ആ ശ്രമങ്ങൾ എങ്ങുമെത്തിയില്ലെന്നുമാണ് അറിവ് ഇതിന് മറുപടി നൽകിയത്. ഇത് ഒരു സോഷ്യൽ മീഡിയ ചർച്ചയല്ലെന്നും വസ്തുതകൾ സംസാരിക്കട്ടെയെന്നും അറിവ് കൂട്ടിച്ചേർത്തു.

സ്വതന്ത്ര കലാകാരന്മാർ തങ്ങളുടെ സൃഷ്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും കൃത്യമായ കരാറുകൾ ഉണ്ടാക്കണമെന്നും അറിവ് ഉപദേശിക്കുന്നു. ഇത് സഹതാപത്തിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും മറിച്ച് തൊഴിലിന്റെ അന്തസ്സിനും അവകാശങ്ങൾക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറയുന്നു. ഗാനം പ്രശസ്തമായതിന് ശേഷം അറിവ് രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം ചേർന്നുവെന്നും നിലപാടുകൾ മാറ്റിയെന്നും സന്തോഷ് നാരായണൻ കുറ്റപ്പെടുത്തുന്നുണ്ട്. ഈ വിവാദം തമിഴ് സംഗീത ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.