ഗെയിം ഓഫ് ത്രോൺസ് എന്ന വെബ് സീരീസിലെ ഡേനെറിസ് ടാർഗേറിയൻ എന്ന കഥാപാത്രം അവതരിപ്പിച്ച് ലോകപ്രശസ്തയായ നടിയാണ് എമിലിയ ക്ലാർക്ക്. ഹേലി ലൂ റിച്ചാർഡ്‌സണൊപ്പമുള്ള പോണീസ് ആണ് അവരുടേതായി വന്ന പുതിയ സീരീസ്. ഈ ഷോയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ വാരിയെല്ലിന് പരിക്കേറ്റെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. ദ റാപ് എന്ന മാധ്യമത്തോടായിരുന്നു എമിലി ഇക്കാര്യം പറഞ്ഞത്.

To advertise here,

മൂന്നുപേരുടെ കൂടെയുള്ള ഒരു കിടപ്പറരംഗം ചിത്രീകരിക്കുന്നതിനിടെയാണ് വാരിയെല്ല് ഒടിഞ്ഞതെന്ന് എമിലി തുറന്നുപറഞ്ഞു. കുറച്ച് മണിക്കൂറുകളെടുത്താണ് ആ രംഗങ്ങൾ ചിത്രീകരിച്ചത്. പരിക്കുപറ്റിയതെങ്ങനെയെന്ന് മടിച്ചുകൊണ്ടായിരുന്നു ഡോക്ടറോട് വിശദീകരിച്ചതെന്നും എമിലി ക്ലാർക്ക് പറഞ്ഞു. "അന്ന് എന്റെ വാരിയെല്ല് ഒടിഞ്ഞു.... മൂന്ന് പുരുഷന്മാർ, കുറച്ച് മണിക്കൂറിനുള്ളിൽ" ഇതായിരുന്നു സംഭവത്തെക്കുറിച്ച് എമിലിയുടെ വാക്കുകൾ.

ശീതയുദ്ധകാലത്ത് ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന രണ്ട് സിഐഎ ഏജന്റുമാരുടെ ഭാര്യമാരായാണ് പോണീസിൽ എമിലിയും ഹേലിയും വേഷമിടുന്നത്. തങ്ങളുടെ ഭർത്താക്കന്മാരുടെ മരണത്തിനുപിന്നിലെ രഹസ്യം കണ്ടെത്താനായി രണ്ടുപേരും റഷ്യയിലേക്ക് പോകുന്നതാണ് സീരീസിന്റെ പശ്ചാത്തലം.

ഗെയിം ഓഫ് ത്രോൺസ് നൽകിയ പ്രശസ്തിയെക്കുറിച്ച് നേരത്തേ എമിലി പറഞ്ഞ കാര്യങ്ങൾ വാർത്തയായിരുന്നു. ഒരു നിശ്ചിത കാലയളവിലാണ് താൻ ഗെയിം ഓഫ് ത്രോൺസിലൂടെ വന്ന പ്രശസ്തി അനുഭവിച്ചത്. സീരീസിലെ വിഗ് ധരിച്ച തൻ്റെ കഥാപാത്രത്തിന്റെ രൂപം യഥാർഥ ജീവിതത്തിലെ സ്വന്തം രൂപത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ഷോയുടെ അവസാന സീസണുകളിൽ, തനിക്ക് പാനിക് അറ്റാക്ക് വന്നിരുന്നുവെന്നും എമിലി പറഞ്ഞിരുന്നു.