
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പൊതുവേ സ്വാതന്ത്ര്യസമരമെന്നാൽ ചർക്കയിൽ നൂൽനൂൽപ്പും നിസ്സഹകരണ സമരവും അഹിംസയും സത്യഗ്രഹവുമാണ്. ആയുധമേന്തിയ ദേശാഭിമാനികളെ ചുറ്റിപ്പറ്റി ഒരു പ്രത്യേകതരം നിശ്ശബ്ദതയാണുള്ളത്. രാജ്യത്തിനായി ജീവൻ പണയംവെച്ചു പോരാടിയ വിപ്ലവകാരികൾ നമ്മുടെ പുസ്തകങ്ങളിൽ പലപ്പോഴും അടിക്കുറിപ്പുകൾ മാത്രമാണ്. പ്രശസ്ത ബോളിവുഡ് സംവിധായകനും എഴുത്തുകാരനുമായ നിഖിൽ അദ്വാനിയുടെ 'ദി റെവല്യൂഷനറീസ്' എന്ന വെബ് സീരീസ് ഈ വിടവ് നികത്താനുള്ള ശ്രമമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യപോരാട്ടത്തിലെ ഒരു വീരേതിഹാസത്തിന് ജീവൻ കൊടുക്കുന്നതിൽ എട്ടുഭാഗങ്ങളുള്ള പരമ്പര ഏറെക്കുറെ വിജയിച്ചിരിക്കുന്നു എന്ന് പറയാം. ആമസോൺ പ്രൈമിലാണ് സ്ട്രീമിങ്.
സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സഞ്ജീവ് സാന്യാലിന്റെ 'വിപ്ലവകാരികൾ: 'ഭാരതം സ്വാതന്ത്ര്യം നേടിയ രീതിയുടെ മറുവശം' എന്ന പുസ്തകത്തെ ആസ്പദമാക്കിയ സീരീസ് ഇന്ത്യക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട നാല് പ്രമുഖ വ്യക്തിത്വങ്ങളെ മുന്നിലെത്തിക്കുന്നു: റാഷ് ബിഹാരി ബോസ്, സചീന്ദ്രനാഥ് (സച്ചിൻ) സാന്യാൽ, ബാഘ ജതിൻ എന്ന ജതീന്ദ്രനാഥ് മുഖർജി, പ്രതിഭാ ലാഹിരി എന്നിവരെ. സചീന്ദ്ര സാന്യാലിന്റെ സഹോദരന്റെ പൗത്രനാണ് സഞ്ജീവ് സാന്യാൽ എന്നത് കഥാഗതിയെ നിഷ്പക്ഷമായ അക്കാദമിക് ചരിത്ര വിവരണത്തിനപ്പുറം, എഴുത്തുകാരൻ സ്വന്തം കുടുംബ ചരിത്രം വീണ്ടെടുക്കുന്നതിലെ വൈകാരികമായൊരു യാത്രകൂടിയാക്കുന്നു.
ബോസും ജതിനും സാന്യാലും പ്രതിഭയും
പരമ്പരയിലെ നായകൻ റാഷ് ബിഹാരി ബോസ് ആണ് എന്നു പറയാം. 1912-ൽ ഔദ്യോഗിക ഘോഷയാത്രയ്ക്കിടെ വൈസ്രോയി ഹാർഡിഞ്ച് പ്രഭുവിന് നേരെ റാഷ് ബിഹാരി ബോസ് ബോംബെറിയുന്നു. അനുശീലൻ സമിതി അംഗമായിരുന്ന ബസന്ത് കുമാർ ബിശ്വാസ് ആയിരുന്നു കൂട്ട്. പരിക്കുകളുമായി വൈസ്രോയി രക്ഷപ്പെട്ടു, വധശ്രമം പരാജയപ്പെട്ടു. ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹെഡ് ക്ലർക്കായിരുന്ന (രസതന്ത്രം പ്രൊഫസറെന്ന് പരമ്പരയിൽ) ബോസ് പിന്നീട് ഗദർ പ്രസ്ഥാനത്തിന്റെ നട്ടെല്ലായി മാറുന്നു. ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോൾ ആ സാഹചര്യത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യം നേടാനുള്ള സുവർണാവസരമാക്കിമാറ്റാൻ ഗദർ തീരുമാനിക്കുന്നു. ആ തീരുമാനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭാരതീയർ പിന്തുണയുമായി എത്തുന്നു. പ്രത്യേകിച്ച്, അമേരിക്കയിൽനിന്ന്.
വിദേശത്തുനിന്ന് വിപ്ലവപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയും ബുദ്ധിജീവിയുമായ ലാലാ ഹർദയാൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ വിദേശ ഇന്ത്യക്കാരെ സംഘടിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. 1913-ൽ അമേരിക്കയിൽ സ്ഥാപിക്കപ്പെട്ട ഗദർ പാർട്ടിയുടെ സ്ഥാപക നേതാവായ അദ്ദേഹം 15,000 വിപ്ലവകാരികളെ അയച്ചു നൽകാമെന്ന് ബോസിനെ അറിയിക്കുന്നു. അതിന്റെ ഭാഗമായി 1914-ൽ ഇന്ത്യയിലേക്ക് 376 യാത്രക്കാരുമായി വന്ന ജാപ്പനീസ് കപ്പൽ കോമഗാത മരു തിരിച്ചയക്കപ്പെട്ടു. അത് കൊൽക്കത്തയിലെത്തിയപ്പോൾ ബ്രിട്ടീഷ് പോലീസ് നടത്തിയ വെടിവെപ്പിൽ ഇരുപതോളം യാത്രക്കാർ കൊല്ലപ്പെട്ടു. ഈ സംഭവം വിപ്ലവ സ്ഫുലിംഗങ്ങളെ ജ്വലിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. വിദേശ ഇന്ത്യക്കാരെയും ഗദർ പ്രസ്ഥാനത്തെയും പ്രകോപിപ്പിച്ച ക്രൂരത ഇന്ത്യയിലൊട്ടാകെ ബ്രിട്ടീഷ് വിരുദ്ധവികാരം ആളിക്കത്തിച്ച സംഭവം മിഴിവോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്
കൊൽക്കത്തയിലെ റോഡ കമ്പനിയിൽനിന്ന് തോക്കുകളും വെടിയുണ്ടകളും കവർന്ന സംഭവം വളരെ ഉദ്വേഗജനകമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. കൈയിൽ പണമോ പടക്കോപ്പുകളോ ഇല്ലാതിരുന്ന വിപ്ലവകാരികൾക്ക് ബ്രിട്ടീഷുകാരുടെ ആയുധങ്ങൾ പിടിച്ചെടുക്കുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല. സൈന്യത്തിൽ നുഴഞ്ഞുകയറി 1915 ഫെബ്രുവരിയോടെ വിപ്ലവത്തിന് തിരികൊളുത്താനായിരുന്നു ശ്രമം. പക്ഷേ, പരാജയപ്പെട്ടു, വിപ്ലവകാരികൾ ജയിലിലായി. ജർമനിയിൽനിന്ന് ആയുധങ്ങളെത്തിക്കാനുള്ള നീക്കം ബ്രിട്ടീഷ് ചാരൻമാർ മണത്തറിഞ്ഞ് തീരദേശത്തെ നിരീക്ഷണത്തിലാക്കി. അതിനാൽ കപ്പൽ ഒഡിഷയിലെ ബാലസോറിലെത്തിക്കാൻ പദ്ധതിയിട്ടു. അവിടെ ഒളിവിലായിരുന്ന ബാഗാ ജതിനെയും ഒപ്പമുള്ള നാലു വിപ്ലവകാരികളയും 1915 സെപ്റ്റംബർ ഒമ്പതിന് പട്ടാളം വളഞ്ഞു. 75 മിനിട്ട് നീണ്ട പോരാട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ ജതിൻ ആശുപത്രിയിൽ അന്തരിച്ചു. 35 വയസ്സായിരുന്ന അദ്ദേഹത്തിന്.
യുഗാന്തർ പാർട്ടിയുടെ നേതാവായിരുന്ന ജതിൻ നിരവധി മിന്നലാക്രമണങ്ങൾക്കും ബ്രിട്ടീഷ് ഏജന്റുമാരുടെ രഹസ്യമായ കൊലപാതകങ്ങൾക്കും പിന്നിലുണ്ടായിരുന്നു. കൊൽക്കത്ത ഹൈക്കോടതിയിൽവെച്ച് ബ്രിട്ടീഷ് പോലീസ് ഓഫീസർ ഷംസുൽ ആലമിനെ വെടിവച്ചുകൊന്ന കേസിൽ ജതിൻ അടക്കം 41 വിപ്ലവകാരികളെ പോലീസ് ചോദ്യംചെയ്യുന്ന രംഗമുണ്ട് പരമ്പരയിൽ. ആരാണ് വെടിവെച്ചതെന്ന് പറഞ്ഞാൽ മറ്റുള്ളവരെ വെറുതെവിടാം എന്ന് പോലീസ് പറയുമ്പോഴും 'സാംപിളിന്' ഒരാളെ കൊല്ലുമ്പോഴും സഹപ്രവർത്തകരെ ഒറ്റാതെ അചഞ്ചലരായി നിൽക്കുന്ന വിപ്ലവകാരികൾ. ദേശസ്‌നേഹത്താൽ വീർപ്പുമുട്ടിപ്പോവുന്ന നിമിഷമാണത്. (ആ കൊലപാതകത്തിന്റെ സൂത്രധാരൻ ജതിനായിരുന്നു.)
റാഷ് ബിഹാരി ബോസ് രക്ഷപ്പെട്ട് ജപ്പാനിലേക്ക് പോയി, സ്വാതന്ത്ര്യസമര പോരാട്ടം തുടർന്നു. അദ്ദേഹം നിർമിച്ച അടിത്തറയിലാണ് പിന്നീട് നേതാജി സുഭാഷ് ചന്ദ്രബോസ് വിദേശത്തുനിന്നുള്ള പോരാട്ടങ്ങൾ കെട്ടിപ്പടുത്തത്. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപവത്കരിച്ച റാഷ് ബിഹാരി ബോസ് രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യൻ നാഷണൽ ആർമിയുടെയും (ഐ.എൻ.എ.) ലീഗിന്റെയും നേതൃത്വം പൂർണമനസ്സോടെ നേതാജിക്ക് കൈമാറി. നേതാജിക്കൊപ്പമോ, ഒരുപക്ഷേ, അതിനെക്കാളധികമോ ധീരസാഹസികതകൾ നിറഞ്ഞ ജീവിതമായിരുന്നു റാഷ് ബിഹാരി ബോസിന്റേത്.
യോജിച്ച അഭിനേതാക്കൾ, മികച്ച അഭിനയം
കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുത്തതാണ് സീരീസിന്റെ പ്രധാന ശക്തികളിലൊന്നാണ്. പ്രശസ്ത യൂട്യൂബ് താരം ഭുവൻ ബാം ആണ് ഒളിപ്പോരിലും വേഷംമാറുന്നതിലും മിടുക്കനായ ബോസിനെ അവതരിപ്പിക്കുന്നത്. സങ്കീർണമായ നിരവധി മുഹൂർത്തങ്ങളിലൂടെ കടന്നുപോവുന്ന കഥാപാത്രത്തെ ഭുവൻ മനോഹരമാക്കി. സാന്യാലായി വരുന്ന രോഹിത് സറാഫ് നിഷ്‌കളങ്കനായ ഒരു ചെറുപ്പക്കാരനിൽനിന്ന് ധീരനായ വിപ്ലവകാരിയിലേക്കുള്ള സച്ചിന്റെ മാറ്റം മനോഹരമായി ആവിഷ്‌കരിച്ചു.
പുരുഷന്മാർ മാത്രമുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ സ്വന്തമായ ഇടം കണ്ടെത്തുന്ന പ്രതിഭാ ലാഹിരിക്ക് ജീവൻ നൽകിയ പ്രതിഭാ രന്ത മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഒരുഭാഗത്ത് ഊഷ്മളതയും മറുഭാഗത്ത് ഉറച്ച നിലപാടുകളുടെ കാഠിന്യവും ഒരേപോലെ ഭംഗിയായി ആവിഷ്‌കരിക്കാൻ അവർക്കായി. പ്രതിഭയെപ്പോലെ, ബോസിന്റെ പിതൃസഹോദരി (പിഷിമ)യുടെ വേഷമിട്ട പൗളി ദാമും വിപ്ലവത്തിനു പിന്നിൽ പ്രവർത്തിച്ച സ്ത്രീകളുടെ ധീരവും ത്യാഗപൂർണവുമായ ജീവിതം വെളിച്ചത്തുകൊണ്ടുവരുന്നു. ബാഘ ജതിനായി ഗുർഫത്തേ പീർസാദ ജീവിക്കുന്നു. വില്ലൻ വേഷത്തിൽ ജനറൽ ഡയറായി ജേസൺ ഷാ ഗംഭീരമാക്കി. അയാളെന്തുകൊണ്ട് അങ്ങനെയായി എന്നതിന്റെ സൂചനയുണ്ട് ചിത്രത്തിൽ.
കഥയിലുടനീളം ഉൾപ്പെടുത്തിയിരിക്കുന്ന ചെറിയ ചെറിയ വിശദാംശങ്ങൾ വളരെ ആകർഷകമാണ്. ബോസിൽനിന്ന് സാന്യാലിലേക്കും പിന്നീട് ഭഗത് സിങ്ങിലേക്കും കൈമാറ്റം ചെയ്യപ്പെടുന്ന പോക്കറ്റ് വാച്ച്, ലാലാ ഹർദയാലിന്റെ കത്തുകൾ, 19-ാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട കർത്താർ സിങ് സരാഭയുടെ കവിതകൾ, ഫ്രഞ്ച് അധീന മേഖലയായ ചന്ദർനഗറിൽ വിപ്ലവകാരികളെ പിടികൂടാൻ ചെന്ന ബ്രിട്ടീഷുകാരെ ഫ്രഞ്ച് അധികൃതർ തിരിച്ചയക്കുന്നത്, ബ്രിട്ടീഷുകാരുടെ വലംകൈയായിനിന്ന് വിപ്ലവകാരികളെ സഹായിക്കുന്ന ഉദ്യോഗസ്ഥരും വെള്ളക്കാരെക്കാൾ വലിയ രാജഭക്തി കാട്ടുന്ന ഇന്ത്യക്കാരും, ഒന്നാംലോകയുദ്ധത്തിന് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്ന സമയമായതിനാൽ കാനഡയിൽനിന്ന് കപ്പലിലെത്തിയ സിക്കുകാരെ ഉപദ്രവിക്കേണ്ടെന്നു നിർദ്ദേശിക്കുന്ന ബ്രിട്ടീഷ് കുടിലത എന്നിങ്ങനെ.
ഒരു കാലഘട്ടത്തിന്റെ പുനർജനി
ഗംഭീരമാണ് സീരീസിന്റെ പ്രൊഡക്ഷൻ വാല്യൂ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളെ അതിമനോഹരമായി അദ്വാനിയും കൂട്ടരും പുനസൃഷ്ടിച്ചിരിക്കുന്നു. മുംബൈ, ലാഹോർ, കൊൽക്കത്ത, അമൃതസർ, വാരാണസി, ഡെറാഡൂൺ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ വിശ്വസനീയായി പകർത്തിയിട്ടുണ്ട്. വസ്ത്രധാരണം, അക്കാലത്തെ കെട്ടിടങ്ങൾ തുടങ്ങിയ വിശദാംശങ്ങളെല്ലാം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്നു. ചരിത്രമായിരുന്നിട്ടു കൂടി, അടുത്തഭാഗത്തിലെന്ത് എന്ന ആകാംക്ഷ നിലനിർത്താനും സംവിധായകൻ നിഖിൽ അദ്വാനിക്ക് സാധിച്ചിട്ടുണ്ട്. പരമ്പരയുടെ ആകർഷണങ്ങളിലൊന്ന് പ്രമേയവുമായി ചേർന്നു നിൽക്കുന്ന സംഗീതമാണ്.
അതേസമയം, ചരിത്രത്തിന്റെ വിശാലമായ കാൻവാസിനെ വെള്ളിത്തിരയിലേക്ക് ചുരുക്കുമ്പോൾ വരുന്ന പ്രശ്‌നങ്ങളുണ്ട് പരമ്പരയിൽ. 1857 മുതൽ 1915 വരെ, നിരവധി നഗരങ്ങൾ, സംഭവങ്ങൾ, ചരിത്രപുരുഷൻമാർ... ഈ മഹാജാഥയ്ക്കിടെ കഥാപാത്രങ്ങളോട് വൈകാരിക അടുപ്പം സ്ഥാപിക്കുക പ്രേക്ഷകർക്ക് ബുദ്ധിമുട്ടാവും. ചില എപ്പിസോഡുകളുടെ ദൈർഘ്യവും കുറയ്ക്കാമായിരുന്നു എന്ന് തോന്നി. ആക്ഷൻ രംഗങ്ങൾ കുറച്ച് അതിശയോക്തിപരമാണ്. പ്രണയത്തിന്റെ ട്രാക്കും അതിവൈകാരികതയുമൊക്കെ ചിലപ്പോൾ കൈവിട്ടു പോകുന്നുണ്ട്.
എങ്കിലും, ചരിത്രം മനപ്പൂർവമോ അല്ലാതെയോ മറന്നുപോയ സ്വാതന്ത്ര്യസമര പോരാളികളെ ഒറ്റയടിക്ക് വീണ്ടെടുക്കാനും റാഷ് ബിഹാരി ബോസിനെയും ബാഘ ജതിനെയും സചീന്ദ്രനാഥ് സാന്യാലിനെയും പോലെയുള്ളവരെ മുൻനിരയിലേക്ക് കൊണ്ടുവരാനും ഒരു പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോം തയ്യാറായത് പ്രശംസയർഹിക്കുന്നു. ഈ പരമ്പര കോൺഗ്രസിന്റെയോ ഗാന്ധിയൻ അഹിംസയുടെയോ സംഭാവനകളെ കുറച്ചു കാണിക്കുന്നില്ല. മറിച്ച്, പഠിച്ചതിനേക്കാൾ സങ്കീർണവും അപകടം പിടിച്ചതുമായിരുന്നു നമ്മുടെ ചരിത്രം എന്ന് നമ്മെ ഓർമിപ്പിക്കാൻ ഈ സംരംഭത്തിന് കഴിയുന്നു.
Content Highlights: Amazon Prime Video releases the 8-episode historical drama series 'The Revolutionaries', directed by Nikhil Advani. Based on Sanjeev Sanyal's book, the series highlights forgotten freedom fighters like Rash Behari Bose, Bagha Jatin, and Sachindra Nath Sanyal. Popular creator Bhuvan Bam leads the cast with strong performances from Rohit Saraf, Pratibha Ranta, and Gurfateh Pirzada. The show effectively recreates the early 20th-century era with high production value and engaging historical details. While praised for bringing unsung heroes to light, the series occasionally suffers from melodramatic beats and pacing issues.
Published: 17 Sept 2026, 07:05 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented