ലോകമെങ്ങും ആരാധകരുള്ള ജനപ്രിയ സീരീസാണ് ഗെയിം ഓഫ് ത്രോൺസ്. ഈ സീരീസിൽ ഡനേറിസ് ടാർഗേറിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് എമിലിയ ക്ലാർക്ക്. ഗെയിം ഓഫ് ത്രോൺസിന്റെ ചിത്രീകരണത്തിനിടെ താൻ രണ്ട് തവണ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ടെന്ന് പറയുകയാണ് എമിലി. താൻ മരണത്തെ തോൽപ്പിച്ചുവെന്നും താരം പറഞ്ഞു. ഹൗ ടു ഫെയിൽ വിത്ത് എലിസബത്ത് ഡേ എന്ന പോഡ്കാസ്റ്റിലാണ് നടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

To advertise here,

ആവർത്തിച്ചുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും ചികിത്സയുമെല്ലാം തന്റെ മാനസികാരോഗ്യത്തെ പോലും ബാധിച്ചുവെന്നും എമിലിയ പറഞ്ഞു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് എമിലിയയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നത്. ജിമ്മിൽ പ്ലാങ്ക് വ്യായാമം ചെയ്യുന്നതിനിടെയാണ് ആദ്യമായി ഇതുണ്ടാകുന്നത്. ഗെയിം ഓഫ് ത്രോൺസിന്റെ ആദ്യ സീസൺ അവസാനിച്ച് അധികം വൈകാതെയായിരുന്നു ഇത്. ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയവെ തനിക്കിനി തിരികെ അഭിനയലോകത്തേക്ക് മടങ്ങാൻ കഴിയുമോ എന്ന ഉത്കണ്ഠയായിരുന്നുവെന്നും 39-കാരിയായ എമിലിയ ഓർത്തെടുക്കുന്നു.

'തലേന്ന് രാത്രി എനിക്ക് ഭയങ്കര തലവേദന അനുഭവപ്പെട്ടിരുന്നു. ഒപ്പം വലിയ അസ്വസ്ഥതയും ഉത്കണ്ഠയും. ഒരു ഇലാസ്റ്റിക് ബാൻഡ് തലച്ചോറിന് ചുറ്റും വലിയ ശക്തിയോടെ വലിച്ച് മുറുക്കിയാൽ എങ്ങനെയുണ്ടാകും. അങ്ങനെയാണ് ജിമ്മിൽ വെച്ച് എനിക്ക് തോന്നിയത്. ഞാൻ ഇഴഞ്ഞെന്ന പോലെ ശുചിമുറിയിലേക്ക് പോയി. അസഹനീയമായ തലവേനയോടെ ഞാൻ ഛർദിച്ചു. എന്റെ തലച്ചോറിന് എന്തോ സംഭവിച്ചുവെന്ന് ഞാൻ ആ നിമിഷം തിരിച്ചറിഞ്ഞു.' -എമിലിയ പറഞ്ഞു.

'എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല. പലരും കരുതി ഞാൻ മയക്കുമരുന്ന് ഉപയോഗിച്ചതാണെന്ന്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ചെറുപ്പക്കാരിലാണല്ലോ തലച്ചോറിൽ രക്തസ്രാവവും പക്ഷാഘാതവുമെല്ലാമുണ്ടാകുക. ഒടുവിൽ ബ്രെയിൻ സർജനായ ഒരു ഡോക്ടറുടെ ഭാര്യയായ നേഴ്‌സ് വന്ന് എന്നോട് മുമ്പ് തലച്ചോറ് സ്‌കാൻ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. അതിവേഗം എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.' -താരം തുടർന്നു.

പിന്നീടുള്ള ആഴ്ചകളിൽ താൻ സുഖം പ്രാപിച്ച ശേഷം ചിത്രീകരണത്തിനായി തിരികെവരുമെന്ന് എമിലിയ നിർമാതാക്കൾക്ക് ഉറപ്പുനൽകി. നിർമാതാക്കൾ താൻ ദുർബലയാണെന്ന് ചിന്തിക്കുമോ എന്നാലോചിച്ച് തനിക്ക് ലജ്ജ തോന്നിയെന്നും താരം പറഞ്ഞു. രോഗവിവരം രഹസ്യമായി സൂക്ഷിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടും തലച്ചോറ് സ്‌കാൻ ചെയ്തപ്പോൾ തലച്ചോറിലെ അന്യൂറിസം (രക്തക്കുഴലിലെ വീക്കം) ആദ്യമുണ്ടായതിന്റെ മൂന്നിരട്ടിയായി വളർന്നതായി കണ്ടെത്തി. ലളിതമായ ശസ്ത്രക്രിയയായിരിക്കുമെന്നും ഒറ്റദിവസം മാത്രം ആശുപത്രിയിൽ കഴിഞ്ഞാൽ മതിയെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടായി. ഇതോടെ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ എമിലിയയെ ഉണർത്തി. സാഹചര്യം സങ്കീർണമായതോടെ മറ്റൊരു അടിയന്തര ശസ്ത്രക്രിയ കൂടി നടത്താൻ ഡോക്ടർമാർ കുടുംബത്തിന്റെ സമ്മതം തേടിയെന്നും എമിലിയ പറഞ്ഞു.

ഏത് നിമിഷവും മരിക്കാമെന്ന ഘട്ടത്തിൽ നിന്നാണ് താൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മരണത്തെ താൻ തോൽപ്പിച്ചുവെന്നും അവർ പറഞ്ഞു.