നടനായും സംവിധായകനായും മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് 'ഈ തനിനിറം'. ധനുഷ് ഫിലിംസിന്റെ ബാനറില്‍ എസ്. മോഹന്‍ നിര്‍മിക്കുന്ന ചിത്രം രതീഷ് നെടുമങ്ങാട് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ത്രില്ലിങ് പാറ്റേണിലൂടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മലയാളത്തിലെ തന്നെ സൂപ്പര്‍ ഹിറ്റ് സംവിധായകരായ കെ. മധു, ഭദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുടക്കം കുറിച്ചത്.

To advertise here,

കെ. മധു സ്വിച്ചോണ്‍ കര്‍മവും, ഭദ്രന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ട് ലളിതമായ ചടങ്ങില്‍ ആരംഭിച്ച ചിത്രം ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷം റിലീസിന് തയ്യാറെടുക്കുകയാണ്. 'മഹാരാജാ ടാക്കീസ്', 'അഡ്വ. ലഷ്മണന്‍ ലേഡീസ് ഒണ്‍ലി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ധനുഷ് ഫിലിംസിന്റെ ബാനറില്‍ എസ്. മോഹനന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

കെ. മധു, ഹരികുമാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട്, 'ഗുഡ് ബാഡ് അഗ്ലി', 'ഡയല്‍ 100' എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് 'ഈ തനിനിറം' എന്ന അനൂപ് മേനോന്‍ ചിത്രം ഒരുക്കുന്നത്. പതിവായി ക്യാമ്പ് വിത്ത് സ്‌ട്രെയിഞ്ചേഴ്‌സ് പ്രോഗ്രാമുകള്‍ നടന്നു വരുന്ന ഒരു റിസോര്‍ട്ട്. ക്യാമ്പില്‍ പങ്കെടുക്കാനായി നാടിന്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാര്‍ റിസോര്‍ട്ടില്‍ എത്തുന്നു. ഇവിടെ പ്രോഗാമുകള്‍ നടക്കുന്നതിനിടയിലാണ് കഥയ്ക്ക് ആസ്പദമായ വഴിത്തിരിവ് ഉണ്ടാകുന്നത്. പിന്നീട് ഇതിന്റെ ദുരൂഹതയും സസ്‌പെന്‍സും ചേര്‍ന്ന അന്വേഷണമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഏറെ ട്വിസ്റ്റുകള്‍ നിറഞ്ഞ കഥാ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രത്തില്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ ഫെലിക്‌സ് ലോപ്പസ് ആയി അനൂപ് മേനോന്‍ അവതരിക്കുന്നു.

അനൂപ് മേനോനെ കൂടാതെ ഇന്ദ്രന്‍സ്, രമേഷ് പിഷാരടി, നോബി പ്രസാദ് കണ്ണന്‍, ജി. സുരേഷ് കുമാര്‍, ദീപക് ശിവരാജന്‍ (അറബിക്കഥ ഫെയിം) അജിത്, രമ്യാ മനോജ്, അനഘാ രോഹന്‍, ആദര്‍ശ് ഷേണായ്, ബാലു ശ്രീധര്‍, ആദര്‍ശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപന്‍, ആതിര എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ഓശാന മൗണ്ട്, വാഗമണ്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ പ്രേക്ഷകരില്‍ എത്തും.

തിരക്കഥ: അംബികാ കണ്ണന്‍ ബായ്, ഗാനങ്ങള്‍: അനൂപ് മേനോന്‍, രാജീവ് ആലുങ്കല്‍, വിഷ്ണു, സംഗീതം: ബിനോയ് രാജ് കുമാര്‍, സിനിമറ്റോഗ്രാഫി: പ്രദീപ് നായര്‍, എഡിറ്റിങ്: അജു അജയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ആനന്ദ് പയ്യന്നൂര്‍, ആര്‍ട്ട്: അശോക് നാരായണ്‍, കോസ്റ്റ്യും ഡിസൈനര്‍: റാണ, മേക്കപ്പ്: രാജേഷ് രവി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: രാജു സമഞ്ജ്‌സ, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്‌സ്: ഷാജി വിന്‍സന്റ്, സൂര്യ, ഫിനാന്‍സ് കണ്‍ട്രോളര്‍: ദില്ലി ഗോപന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: മഹേഷ് തിടനാട്, സുജിത് അയണിക്കല്‍, പി ആര്‍ഒ: മനു ശിവന്‍.