2008-ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ കസബ് വിചാരണയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വൽ നികം 'കോൻ ബനേഗാ ക്രോർപതി 18' റിയാലിറ്റി ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലിനോടായിരുന്നു ബച്ചന്റെ പ്രതികരണം.

To advertise here,

'പ്രഹാർ-ദി അൺടോൾഡ് സ്റ്റോറി' എന്ന സിനിമയുടെ പ്രചാരണത്തിനായി ഉജ്ജ്വൽ നികമിനൊപ്പം അഭിനേതാക്കളായ രാജ്കുമാർ റാവു, വാമിക ഗബ്ബി എന്നിവരും റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. സംഭാഷണത്തിനിടെ, മുംബൈ ഭീകരാക്രമണത്തിന് നാല് വർഷത്തിന് ശേഷവും എന്തുകൊണ്ടാണ് കസബിന്റെ വധശിക്ഷ നടപ്പാക്കാൻ വൈകിയതെന്ന് ബച്ചൻ ഉജ്ജ്വൽ നികമിനോട് ചോദിച്ചു. 'അവനെ അവിടെവെച്ച് തന്നെ കുഴിച്ചുമൂടേണ്ടതായിരുന്നു, എന്തുകൊണ്ടാണ് ഇത്രയും സമയമെടുത്തത്?' എന്നായിരുന്നു ബച്ചന്റെ ചോദ്യം.

തുടർന്ന് കോടതിമുറിയിൽ കസബുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് നികം വിശദീകരിച്ചു. ചോദ്യം ചെയ്യലിനിടെ, താൻ അമിതാഭ് ബച്ചനെ കാണാനാണ് മുംബൈയിലേക്ക് വന്നതെന്ന് കസബ് തന്നോട് പറഞ്ഞതായി നികം ഷോയിൽ വെളിപ്പെടുത്തി. ഇത് കേട്ട ഉടൻ, 'ഇല്ല സർ, അവൻ വന്നാൽ നമ്മുടെ വീട്ടിൽനിന്ന് തിരികെ പോകില്ലായിരുന്നു. അവിടെവെച്ച് തന്നെ ഞങ്ങൾ അവനെ വെടിവെച്ചു കൊന്നേനെ' എന്നായിരുന്നു ബച്ചന്റെ പ്രതികരണം.

വിചാരണ നീണ്ടുപോകാനുണ്ടായ കാരണങ്ങളും ഉജ്ജ്വൽ നികം വ്യക്തമാക്കി. കുറ്റം തെളിയുന്നത് വരെ പ്രതിയെ നിരപരാധിയായി കരുതുന്നതും പ്രതിഭാഗത്തിന് വാദിക്കാൻ അവസരം നൽകുന്നതുമായ നിയമവ്യവസ്ഥയാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വെടിവെപ്പ് നടത്തിയത് തന്റെ ഒപ്പമുണ്ടായിരുന്ന ഇസ്മായിൽ ആണെന്നും തനിക്ക് അതിൽ പങ്കില്ലെന്നുമായിരുന്നു കസബിന്റെ വാദം. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രോസിക്യൂഷൻ ഈ വാദത്തെ എതിർത്തു. ഒരു കൊച്ചുപെൺകുട്ടിയെ വെടിവെച്ചു കൊലപ്പെടുത്തുമ്പോൾ കസബ് ചിരിക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമായിരുന്നെന്നും വിചാരണവേളയിൽ ഈ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നെന്നും നികം പറഞ്ഞു.