ചലച്ചിത്ര പ്രേമികളുടെ ഇഷ്ട താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ ഇരുവരുടേയും മകൾ ദിയ സൂര്യയും സിനിമാ രംഗത്തേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്. അഭിനേതാവായിട്ടല്ല, സംവിധായികയായിട്ടാണെന്നുമാത്രം. 'ലീഡിംഗ് ലൈറ്റ്' എന്ന ഡോക്യു-ഡ്രാമ ഹ്രസ്വചിത്രത്തിലൂടെയാണ് ഈ യുവ സംവിധായിക തൻ്റെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

To advertise here,

 

ബോളിവുഡിലെ വനിതാ ഗാഫർമാരുടെ ജീവിതമാണ് ദിയയുടെ ചിത്രത്തിന് ആധാരം. സിനിമാ നിർമ്മാണത്തിൽ ലൈറ്റിംഗ് ഉപകരണങ്ങളുമായി അണിയറയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ജീവിതം എടുത്തുകാണിക്കുന്നതാണ് ദിയ ഒരുക്കുന്ന ഈ ചിത്രം. പലപ്പോഴും അവഗണിക്കപ്പെടുന്ന ഈ വിഭാഗത്തിൻ്റെ കഥകൾ സ്ക്രീനിൽ അപൂർവ്വമായേ ഇടംപിടിക്കാറുള്ളൂ. ഈ പ്രൊജക്റ്റിലൂടെ, അവരുടെ വെല്ലുവിളികൾക്ക് ശബ്ദം നൽകാനും നേട്ടങ്ങൾ ആഘോഷിക്കാനുമാണ് ദിയ ലക്ഷ്യമിടുന്നത്.

ചിത്രം ലോസ് ഏഞ്ചൽസിലെ റീജൻസി തിയേറ്ററിൽ ഓസ്കാർ യോഗ്യതാ റണ്ണിനായി പ്രദർശിപ്പിച്ചുവരികയാണ്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെയാണ് ചിത്രത്തിന്റെ പ്രദർശനമുള്ളത്.

ചിത്രത്തിൻ്റെ നിർമ്മാതാക്കളും ദിയയുടെ മാതാപിതാക്കളുമായ സൂര്യയും ജ്യോതികയും ഈ സംരംഭത്തിൻ്റെ ആശയത്തിന് പിന്തുണ അറിയിച്ചു. "2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ, ബോളിവുഡിലെ വനിതാ ഗാഫർമാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന, ദിയ സൂര്യ സംവിധാനം ചെയ്ത 'ലീഡിംഗ് ലൈറ്റ്' എന്ന ഡോക്യു-ഡ്രാമയെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു," എന്ന് അരങ്ങേറ്റം പ്രഖ്യാപിച്ചുകൊണ്ട് അവർ പറഞ്ഞു.