വനംവകുപ്പിന്റെ അനുമതിയില്ലാതെ കഴിഞ്ഞ മകരവിളക്കുദിവസം പമ്പ ഹിൽടോപ്പിൽ സിനിമ ചിത്രീകരിച്ചതായാണ് കേസ്.

പത്തനംതിട്ട: പമ്പയിൽ അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ചു എന്ന കേസിൽ സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു. അബദ്ധം പറ്റിയതാണെന്ന് സംവിധായകൻ വനംവകുപ്പിനെ അറിയിച്ചു. ചിത്രീകരണത്തിനുപയോഗിച്ച ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാൻ ബന്ധപ്പെട്ടവർ നിർദേശം നൽകി. വിശദമായ പരിശോധന നടത്താൻ വേണ്ടിയാണിത്.
പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെത്തിയാണ് അനുരാജ് മനോഹർ മൊഴി നൽകിയത്. തെറ്റുപറ്റിയെന്നും പിഴയടയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിൽവെച്ചാണ് ചിത്രീകരണം നടന്നത്. സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് ചിത്രീകരണത്തിനായി എത്തിയതെന്നും അനുരാജ് പറഞ്ഞു.
പമ്പയിലെ ചിത്രീകരണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അനുമതി നിഷേധിച്ചിരുന്ന കാര്യം അനുരാജ് മനോഹർ നേരത്തേ പറഞ്ഞിരുന്നു. എഡിജിപി എസ്. ശ്രീജിത്തിനോടും ചിത്രീകരണത്തിന്റെ കാര്യം പറഞ്ഞിരുന്നു. വനംവകുപ്പിന്റെ റാന്നി ഡിവിഷനുകീഴിൽ വരുന്ന സ്ഥലത്താണ് ചിത്രീകരണം നടന്നത്. മകരവിളക്ക് ദിവസമാണ് അനുരാജ് പമ്പയിൽ ചിത്രീകരണം നടത്തിയത്. അന്നേദിവസം ഷൂട്ടിങ്ങിന് അനുമതിയുണ്ടായിരുന്നില്ലെന്നുകണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.
വനംവകുപ്പിന്റെ അനുമതിയില്ലാതെ കഴിഞ്ഞ മകരവിളക്കുദിവസം പമ്പ ഹിൽടോപ്പിൽ സിനിമ ചിത്രീകരിച്ചതായാണ് കേസ്. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ചിൽപ്പെട്ട പ്ലാപ്പള്ളി സ്റ്റേഷൻ അധികൃതർ കേസെടുത്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് റാന്നി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.
ചിത്രീകരണം സംബന്ധിച്ച് മാധ്യമങ്ങളിൽവന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസെടുത്തത്. മുൻകൂർ അനുമതി വാങ്ങി നിശ്ചിത ഫീസ് നൽകിയിരുന്നെങ്കിൽ കേസെടുക്കില്ലായിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം സിനിമാ ചിത്രീകരണത്തിനായി ഒരുദിവസം 25,000 രൂപ അടയ്ക്കുകയും 25,000 രൂപ സെക്യൂരിറ്റിയായി കെട്ടിവെക്കുകയും ചെയ്താൽ വനമേഖലയിൽ അനുമതിയുള്ളിടത്ത് പ്രവേശിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്യാം. ഇതിന് വനംവകുപ്പ് അനുമതി നൽകുകയും ചെയ്യും.
Content Highlights: Director Anuraj Manohar's Statement on Pampa Film Shoot Without Forest Department Permission
Published: 12 Feb 2026, 05:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented