മകള്‍ ദുവയുടെ മുഖം വെളിപ്പെടുത്തി താരദമ്പതിമാരായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ദീപാവലിയോട് അനുബന്ധിച്ച് പങ്കുവെച്ച കുടുംബചിത്രത്തിലാണ് മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തിയത്. ഇരുവരും ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.

To advertise here,

പരമ്പരാഗത വേഷത്തിലുള്ള ചിത്രമാണ് ഇരുവരും പങ്കുവെച്ചത്. ഓഫ് വൈറ്റ് കുര്‍ത്തയും കോട്ടും ആഭരണങ്ങളും ധരിച്ചാണ് രണ്‍വീര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചുവപ്പ് സ്യൂട്ടും അതിനോട് ചേര്‍ന്ന ആഭരണങ്ങളുമാണ് ദീപിക ധരിച്ചിരിക്കുന്നത്. ദീപികയുടേതിന് സാമ്യമുള്ള വേഷത്തിലാണ് ദുവയും.

ദുവയെ കൈയിലെടുത്തുനില്‍ക്കുന്ന ദീപികയെ ചേര്‍ത്തുപിടിച്ച രണ്‍വീറിനെ ചിത്രങ്ങളില്‍ കാണാം. ദീപികയും ദുവയും ചേര്‍ന്ന് ദീപാവലി പൂജ ചടങ്ങില്‍ പങ്കാളിയാവുന്ന ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

സൗബിന്‍ ഷാഹിര്‍ അടക്കം നിരവധി സെലിബ്രിറ്റികളും നെറ്റ്ഫ്‌ളിക്‌സിന്റെ ഔദ്യോഗിക ഹാന്‍ഡിലും ഫോട്ടോയില്‍ കമന്റുമായി എത്തിയിട്ടുണ്ട്. 'ദുവ വാലി ദീപാവലി', എന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ കമന്റ്.

2018 നവംബറില്‍ ഇറ്റലിയില്‍ നടന്ന ചടങ്ങിലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ മുഖം ആദ്യമായാണ് ദമ്പതിമാർ വെളിപ്പെടുത്തുന്നത്. നേരത്തെ, കുഞ്ഞിന്റെ മുഖം അബദ്ധത്തില്‍ വെളിപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. നീല നിറത്തിലുള്ള ഉടുപ്പ് ധരിച്ച് അമ്മയായ ദീപികാ പദുക്കോണിന്റെ മടിയിലിരിക്കുന്ന ദുവയുടെ ദൃശ്യമാണ് പുറത്തുവന്നത്. കൗതുകത്തോടെ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന കുഞ്ഞുദുവയാണ് വീഡിയോയിലുണ്ടായിരുന്നത്.