അനുരാഗ് കശ്യപിനോടും അദ്ദേഹത്തിന്റെ സിനിമാ നിർമ്മാണത്തോടും തനിക്ക് വലിയ ബഹുമാനമുണ്ടെന്ന് ദവാഖർ വ്യക്തമാക്കി.

ഓസ്കർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചിത്രമായ 'ഗോന്ധൽ' (Gondhal) തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സിനിമാലോകത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ 33 സിനിമകളിൽ നിന്നാണ് സന്തോഷ് ദവാഖർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം 99-ാമത് അക്കാദമി അവാർഡിന്റെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. എന്നാൽ ഇന്ത്യ സാധാരണയായി തെറ്റായ ചിത്രങ്ങളാണ് ഓസ്കറിലേക്ക് അയക്കുന്നതെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് വിമർശിക്കുകയും അതിന് മറുപടിയുമായി സന്തോഷ് ദവാഖർ രംഗത്തെത്തുകയും ചെയ്തതോടെ വിഷയം കൂടുതൽ ശ്രദ്ധനേടുകയാണ്.
വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ ഓസ്കർ തെരഞ്ഞെടുപ്പ് രീതിക്കെതിരെ അനുരാഗ് കശ്യപ് രൂക്ഷമായി പ്രതികരിച്ചത്. 'ദി ലഞ്ച് ബോക്സ്' (The Lunchbox), 'ഓൾ വീ ഇമേജിൻ ആസ് ലൈറ്റ്' (All We Imagine As Light) തുടങ്ങിയ മികച്ച ചിത്രങ്ങളെ സെലക്ഷൻ കമ്മിറ്റികൾ മനഃപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷത്തെ എൻട്രിയായ 'ഹോംബൗണ്ട്' (Homebound) ഫൈനൽ 15 ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ച കാര്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇത്തവണത്തെ എൻട്രിയായ 'ഗോന്ധലി'ന്റെ കാര്യത്തിൽ ഇനി എന്താണ് സംഭവിക്കുന്നതെന്ന് കാണാമെന്നും ചിത്രം അവാർഡ് ക്യാമ്പെയിനുകൾക്ക് മുമ്പ് വിവിധ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.
Also Read: ഓസ്‌കർ എൻട്രിക്കായി പരിഗണിച്ചത് 33 ചിത്രങ്ങൾ; പട്ടികയിൽ മലയാളത്തിൽനിന്ന് 'ബാലൻ'
അനുരാഗ് കശ്യപിന്റെ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി 'ഗോന്ധൽ' സംവിധായകൻ സന്തോഷ് ദവാഖർ രംഗത്തെത്തി. അനുരാഗ് കശ്യപിനോടും അദ്ദേഹത്തിന്റെ സിനിമാ നിർമ്മാണത്തോടും തനിക്ക് വലിയ ബഹുമാനമുണ്ടെന്ന് ദവാഖർ വ്യക്തമാക്കി. ഏപ്രിൽ 26-ന് രാത്രി ബെംഗളൂരു-മുംബൈ വിമാനയാത്രയ്ക്കിടെ കശ്യപിനെ കണ്ടുമുട്ടുകയും 'ഗോന്ധലി'നെക്കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്തിരുന്നതായി ദവാഖർ വെളിപ്പെടുത്തി. അന്ന് ചിത്രത്തെക്കുറിച്ച് കേട്ടിട്ടില്ലെന്നും എന്നാൽ തീർച്ചയായും കാണുമെന്നും കശ്യപ് പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തെയോ അതിന്റെ തെരഞ്ഞെടുപ്പിനെയോ കുറിച്ച് വിധി പറയുന്നതിന് മുൻപ് പ്രേക്ഷകരും നിരൂപകരും ചിത്രം കണ്ടുനോക്കണമെന്ന് സന്തോഷ് ദവാഖർ അഭ്യർത്ഥിച്ചു. "എല്ലാ പ്രേക്ഷകരോടുമുള്ള എന്റെ വിനീതമായ അഭ്യർത്ഥന, ഒരു വിധി പ്രസ്താവിക്കുന്നതിന് മുൻപ് ദയവായി ചിത്രം കാണുക. സിനിമാ പാരമ്പര്യത്തിന് പുറത്തുനിന്നുള്ള ഒരു നവാഗത സംവിധായകൻ നിർമ്മിച്ച 'ഗോന്ധൽ', മറാഠി സംസ്കാരത്തെ ആഗോളതലത്തിലുള്ള സ്വീകാര്യതയുമായി സംയോജിപ്പിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ഇത് ഒടിടിക്ക് വേണ്ടിയല്ല, വലിയ സ്ക്രീനിന് വേണ്ടി നിർമിച്ചതാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിന്റെ ഉത്തരവാദിത്തം ഞങ്ങൾ മനസ്സിലാക്കുന്നു, നമ്മുടെ രാജ്യത്തിന് അപകീർത്തി വരുത്തില്ല. വരാനിരിക്കുന്ന റീ-റിലീസിൽ തിയേറ്ററുകളിൽ പോയി ചിത്രം കാണുക, ലോകവേദിയിൽ ഞങ്ങൾക്കൊപ്പം നിൽക്കുക," അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമീണ മഹാരാഷ്ട്രയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ മറാഠി ത്രില്ലർ ചിത്രം, പരമ്പരാഗത 'ഗോന്ധൽ' ആചാരത്തിൽ നിന്നും അവിടത്തെ നാടൻ കലാരൂപങ്ങളുടെ പാരമ്പര്യത്തിൽ നിന്നുമാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
Content Highlights: Director Santosh Davakhar of Gondhal, India's official entry for the 99th Academy Awards, responded to filmmaker Anurag Kashyap's critical remarks regarding India's Oscar selection process, requesting audiences and critics to watch the Marathi psychological thriller before passing judgment on its selection.
Published: 24 Sept 2026, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented