ചെന്നൈ: ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനും കൈയാങ്കളിക്കുമിടെ തമിഴ്‌നാട്ടിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കടലൂർ ജില്ലയിലെ പൺറുട്ടിയിലും തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്തുമാണ് സംഭവം.
പൺറുട്ടിയിലെ സെമ്മേട് അണ്ണാനഗറിൽ സൂര്യമൂർത്തിയുടെ മകൻ പാർഥിപൻ (26) ആണ് മരിച്ചത്. അയൽവാസികളായ വേലു (24), രാമ (30) എന്നിവർ പടക്കംപൊട്ടിച്ച് എറിഞ്ഞപ്പോൾ സൂര്യമൂർത്തിയുടെ വീട്ടിലെ കന്നുകാലികളുടെ ദേഹത്തുപതിച്ചു. കന്നുകാലികൾ ഭയന്നോടിയപ്പോൾ സൂര്യമൂർത്തിയും പാർഥിപനും ചോദ്യംചെയ്തു. ഇതേച്ചൊല്ലിയുള്ള വഴക്കിലാണ് പാർഥിപൻ കൊല്ലപ്പെട്ടത്. വേലുവിനെയും രാമയെയും അറസ്റ്റു ചെയ്തു.
അൽവാസിയായ ഗായത്രി (32)യുമായുള്ള വഴക്കിനിടെയാണ് കുംഭകോണം സ്വദേശിയായ കെ. നാഗലിംഗം (55) കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി നാഗലിംഗം വീട്ടിൽനിന്നു പുറത്തിങ്ങിയപ്പോൾ ഗായത്രിയുടെ മകൻ വഴിയരികിൽനിന്ന് പടക്കം പൊട്ടിക്കുന്നതുകണ്ടു. ബാലനെ ശാസിച്ച നാഗലിംഗം ഒരടിയുംകൊടുത്തു.
വിവരമറിഞ്ഞെത്തിയ ഗായത്രിയും നാഗലിംഗവും തമ്മിൽ ഇതെച്ചൊല്ലി വഴക്കായി. ഗായത്രി പിടിച്ചുതള്ളിയപ്പോൾ താഴെവീണ നാഗലിംഗതലയിടിച്ചു മരിക്കുകയായിരുന്നു. ഗായത്രിയെ പോലീസ് അറസ്റ്റുചെയ്തു.
തമിഴ്നാട്ടിൽ പടക്കം പൊട്ടിക്കുമ്പോൾ പൊള്ളലേറ്റത് 908 പേർക്ക്
ചെന്നൈ: ഇത്തവണത്തെ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റത് 908 പേർക്ക്. ആംബുലൻസ് സേവനംതേടി വന്നത് 4,635 കോളുകൾ. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം പടക്കം പൊട്ടിക്കുമ്പോൾ പൊള്ളലോ പരിക്കുകളോ ഏറ്റ 584 പേരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
ഇതിൽ 344 പുരുഷൻമാരും 54 സ്ത്രീകളും 116 ആൺകുട്ടികളും 70 പെൺകുട്ടികളും ഉൾപ്പെടുന്നു. 324 പേരെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടിവന്നു. ഇതിൽ 248 പുരുഷൻമാരും 21 സ്ത്രീകളും 42 ആൺകുട്ടികളും 13 പെൺകുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റ 85 പേരെ പ്രധാന ശസ്ത്രക്രിയക്കും വിധേയരാക്കേണ്ടിവന്നു.
പടക്കങ്ങളുടെ പുകപടലം 15 വിമാനസർവീസിനെ ബാധിച്ചു
ദീപാവലി ആഘോഷത്തിന് പടക്കംപൊട്ടിച്ചതിന്റെ പുകപടലങ്ങൾ ചെന്നൈയിൽ വിമാനസർവീസുകളെ ബാധിച്ചു. പുകപടലങ്ങൾമൂലം ചെന്നൈ വിമാനത്താവള റൺവേക്കുസമീപം മൂടിക്കെട്ടിയനിലയിലായി. ഇത് ടെയ്‌ക്ക് ഓഫിനും ലാൻഡിങ്ങിനും പ്രയാസമുണ്ടാക്കി.
15 വിമാനത്തെയാണ് ഇത് ബാധിച്ചത്. പുകപടലംകാരണം വിമാനങ്ങൾക്ക് ഉടനടി ഇറങ്ങാൻ അനുമതിലഭിച്ചില്ല. റൺവേ വ്യക്തമായി കാണാമെങ്കിൽമാത്രം ഇറങ്ങിയാൽമതിയെന്നായിരുന്നു പൈലറ്റുമാർക്ക് നിർദേശംനൽകിയത്. അതുവരെ ചിലവിമാനങ്ങൾ ആകാശത്ത് വട്ടമിട്ടുപറന്നു. ചെന്നൈയിൽനിന്ന് ടെയ്‌ക്ക് ഓഫ് ചെയ്യേണ്ട വിമാനങ്ങൾക്കും അനുമതി നൽകിയില്ല. ചെന്നൈ വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എട്ടുവിമാനവും ഇവിടെ ഇറങ്ങേണ്ട ഏഴുവിമാനവുമാണ് പുകപടലത്താൽ പ്രയാസത്തിലായത്. ഇതുമൂലം സർവീസ് റദ്ദാക്കിയിട്ടില്ലെങ്കിലും ഒട്ടേറെ വിമാനങ്ങൾ പുറപ്പെടാനും ലാൻഡ് ചെയ്യാനും വൈകി. ഇത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി.
Content Highlights: diwali celebration fire crackers tamilnadu 908 injury
Published: 22 Oct 2025, 08:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented