ചെന്നൈ: സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് (കൊച്ചിൻ അലക്‌സ്- 82) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ചെന്നൈയിലായിരുന്നു അന്ത്യം. കുണ്ടന്നൂർ നെടുംപറമ്പിൽ കുടുംബാംഗമായ കൊച്ചിൻ അലക്സ് കാലങ്ങളായി ചെന്നൈയിലാണ് താമസം.

To advertise here,

സ്‌നേഹ സമ്മാനം, ലില്ലിപ്പൂക്കൾ ചുവന്നപ്പോൾ, ജൻമശത്രു, നീ അരികിൽ ഞാൻ അകലെ, കാമലോല തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനായിരുന്നു. ഒട്ടേറെ ആൽബങ്ങൾക്കും നാടകഗാനങ്ങൾക്കും ഈണം നൽകുകയും പാടുകയും ചെയ്തിട്ടുണ്ട്.

ചെന്നൈയിൽ മലയാളം, തമിഴ് നാടകവേദിയിൽ ഒരുകാലത്ത് പശ്ചാത്തല സംഗീതത്തിൽ മുൻനിരയിലുണ്ടായിരുന്നത് അലക്‌സായിരുന്നു. ഒട്ടേറെ സിനികമൾക്കുവേണ്ടി ശബ്ദം നൽകിയിട്ടുണ്ട്. കെ.ജെ. യേശുദാസ്, വാണി ജയറാം, എസ്.പി ബാലസുബ്രഹ്മണ്യം, എസ്. ജാനകി, സുജാത മോഹൻ, എം.ജി. ശ്രീകുമാർ തുടങ്ങിയ പ്രമുഖ ഗായകർ അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള കലൈഞ്ജർ കണ്ണദാസന്റെ പ്രമുഖ നാടകട്രൂപ്പിലും ഇദ്ദേഹം ഏറെനാൾ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ലില്ലി (ലളിത). മക്കൾ: എ. വിമൽ ആന്റണി, എൻ.എ. രാജീവ് സോളമൻ. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെന്നൈയിൽ.

ചെന്നൈ നാടകത്തിന്റെ ഈണം

ചെന്നൈയിലെ നാടകരംഗത്ത് ഒരുകാലത്ത് മുഴങ്ങിക്കേട്ട പേരാണ് കൊച്ചിൻ അലക്സ്. സാമൂഹിക നാടകമായാലും ഹാസ്യനാടകമായാലും പ്രൊഫഷണൽ- അമച്വർ നാടകമായാലും കൊച്ചിൻ അലക്‌സിന്റെ സംഗീതം അതിന്റെ ജീവനായിരുന്നു. ആദ്യം ഹാർമോണിയത്തിലായിരുന്നു തുടക്കം. പതുക്കെ കീ ബോർഡിലേക്കു മാറി. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലേക്ക് ആഴ്ന്നിറങ്ങിയായിരുന്നു കൊച്ചിൻ അലക്സ് സംഗീതംപകർന്നത്. അഭിനയം പോരെന്നുകണ്ടാൽ അദ്ദേഹം നടീനടൻമാരെക്കൊണ്ട് അവരുടെ കഴിവുകൾ പരാമവധി പുറത്തെത്തിക്കാനുളള ശ്രമംനടത്തും. തന്റെ സംഗീതത്തിന് അനുസൃതമായിട്ടെങ്കിലും അഭിനയമികവിനെ മെച്ചപ്പെടുത്താനും കൊച്ചിൻ അലക്സിന് അപാര കഴിവുണ്ടായിരുന്നു. മികച്ച നടനായിട്ടും അരങ്ങിലെത്താൻ ശ്രമിക്കാതെ, തിരശീലയ്ക്കു പിന്നിലിരിക്കാനായിരുന്നു താത്‌പര്യം.

ഡബിങ് ആർട്ടിസ്റ്റ് ആയതുകൊണ്ടുതന്നെ അഭിനയ രംഗത്തേക്കു കടന്നുവരുന്നവർക്ക് ശബ്ദംകൊണ്ട് എങ്ങനെ കഥാപാത്രത്തെ മെച്ചപ്പെടുത്താനാവുമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഒട്ടേറെ നാടകങ്ങൾക്കുവേണ്ടി അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. ഡോ. വി.പി. സിദ്ധൻ, ഡോ. ബാലകൃഷ്ണൻ, വി.പി. രാമചന്ദ്രൻ, സഹദേവൻ മാസ്റ്റർ, സി.എൽ. ജോൺ, മാങ്ങാട്ട് ബാലകൃഷ്ണൻ, ആർട്ടിസ്റ്റ് ഗോപാലകൃഷ്ണൻ, അപ്പോളിയൻ, വി. പരമേശ്വരൻനായർ, എ.വി. അനൂപ്, സോമൻ കൈതക്കാട്, കലാ ശശികുമാർ തുടങ്ങി ചെന്നൈയിലെ നാടക, സാംസ്കാരികരംഗത്തെ പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

തമിഴ്നാടകരംഗത്തും കൊച്ചിൻ അലക്സ് അറിയപ്പെടുന്ന സംഗീതസംവിധായകനായിരുന്നു. പിന്നണി ഗാനരംഗത്ത് ഉയരാനുളള എല്ലാകഴിവുകളും ഉള്ള സംഗീതജ്ഞനായിരുന്നു കൊച്ചിൻ അലക്സെന്നും എന്നാൽ വേണ്ടവിധത്തിൽ ആരും പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ സുഹൃത്തും ഗാനരചയിതാവുമായ പുതിയങ്കം മുരളി അനുസ്മരിച്ചു.

സിനിമാ ഡബ്ബിങ് രംഗത്തും ഒരുകാലത്ത് അറിയപ്പെട്ട ആളായിരുന്നു അലക്സ്. ഏതുകഥാപാത്രത്തിനും അദ്ദേഹം ശബ്ദത്തിലൂടെ ജീവൻനൽകും. എത്ര കടുപ്പമേറിയ സംഭാഷണങ്ങളും അനായാസം ഡബ്ബ് ചെയ്യും -പുതിയങ്കം മുരളി പറഞ്ഞു.

മലയാള ചലച്ചിത്രപരിഷദിനുവേണ്ടി പുതിയങ്കം മുരളിയും മുൻകാല തിരക്കഥാകൃത്ത് ശരത്ചന്ദ്രനും റീത്ത് സമർപ്പിച്ചു. ചെന്നൈയിലെ നാടക കാലാകാരൻമാരും ആദരാഞ്ജലിയർപ്പിച്ചു.