
മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുന്‍ സെന്‍സര്‍ ബോര്‍ഡ് അംഗം എം.ബി. പത്മകുമാര്‍. ചിത്രത്തിന്റെ സെന്‍സറിങ്ങില്‍ വീഴ്ച സംഭവിച്ചുവെന്നും ഇത് സെന്‍സര്‍ ബോര്‍ഡിന് മാനക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പത്മകുമാറിന്റെ പ്രതികരണം. നടൻ, സംവിധായകൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിൽ അറിയപ്പെടുന്നയാളാണ് പത്മകുമാർ.
'മറ്റുള്ളവരെ പോലെ ഞാനും ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് 'എമ്പുരാന്‍'. അതുകൊണ്ട് തന്നെ ആദ്യദിവസം മൂന്നാമത്തെ ഷോയ്ക്ക് സിനിമ കണ്ടു. പാന്‍ വേള്‍ഡ് സിനിമയാണ്, പൃഥ്വിരാജിന്റെ കുറേ വര്‍ഷത്തെ കഠിനാധ്വാനം അതിന്റെ പുറകിലുണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ഒരു നിലപാട് ഉണ്ട്. ഇതൊക്കെയാണ് എന്നെ തിയറ്ററിലേക്ക് വിളിച്ചത്.' -പത്മകുമാര്‍ പറഞ്ഞു.
'പ്രദര്‍ശനാനുമതി കൊടുത്ത ഒരു സിനിമ തിയറ്ററില്‍ എത്തിയപ്പോള്‍ ജനങ്ങള്‍ പറയുന്നു ദേശവിരുദ്ധ സിനിമയാണ്, ഇത് പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന്. അത് മനസ്സിലാക്കിയ പ്രൊഡ്യൂസര്‍മാര്‍ സ്വമേധയാ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ച് ഇന്ന ഭാഗങ്ങള്‍ വെട്ടിമാറ്റൂ എന്നു പറയുന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡിന്റെ മുംബൈയിലെ അംഗങ്ങള്‍ക്ക് എന്താ ഇത്ര വിവരമില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നെയും പലരും വിളിച്ചു ചോദിച്ചു, ഞാനും സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു കഴിഞ്ഞ മാസം വരെ. സെന്‍സര്‍ ബോര്‍ഡ് മെംബര്‍ ആയിരിക്കുന്ന സമയത്ത് നമുക്കൊരു അഭിപ്രായം പറയാനുള്ള അധികാരം ഇല്ല. 'മാര്‍ക്കോ' പോലുള്ള പല സിനിമകള്‍ക്കും സെന്‍സര്‍ അനുമതി കിട്ടി സമൂഹത്തില്‍ എത്തിയ ശേഷം വളരെയധികം പ്രശ്‌നം ഉണ്ടായപ്പോഴും എല്ലാവരും വിരല്‍ ചൂണ്ടുന്നത് സെന്‍സര്‍ ബോര്‍ഡിനെതിരെയാണ്.' -അദ്ദേഹം തുടര്‍ന്നു.
ഇതില്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് കുറ്റമുള്ളതായി തോന്നിയിട്ടില്ല എന്ന് വ്യക്തമാക്കിയ എം.ബി. പത്മകുമാര്‍ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിന്റെ ഘടനയും ഒരു സിനിമ സെന്‍സര്‍ ചെയ്യുന്ന നടപടിക്രമങ്ങളും വീഡിയോയില്‍ വിശദീകരിച്ചു.
'ഞാന്‍ ചില സിനിമകളെ വളരെ ശക്തമായിട്ട് എതിര്‍ത്തിട്ടുണ്ട്. പക്ഷേ ബോര്‍ഡ് അംഗങ്ങളായ അഞ്ചു പേരില്‍ നമുക്ക് ഭൂരിപക്ഷമില്ലെന്നുണ്ടെങ്കില്‍ നമ്മുടെ അഭിപ്രായം തള്ളി പോകുന്ന പല സാഹചര്യങ്ങളും ഉണ്ടാകും. അപ്പോഴൊക്കെ സിസ്റ്റത്തെ ബഹുമാനിച്ച് നമ്മള്‍ മിണ്ടാതിരിക്കുകയാണ് ചെയ്യാറുള്ളത്. ഒരു നഗ്നതാ പ്രദര്‍ശന ഭാഗങ്ങള്‍ വെട്ടിമുറിക്കാന്‍ കാണിക്കുന്ന വ്യഗ്രത ഈ പറയുന്ന 'ലൂസിഫര്‍' പോലുള്ള സിനിമകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ഇമ്പാക്ടിനെ മനസ്സിലാക്കി വെട്ടിമുറിക്കാനുള്ള വ്യഗ്രത പലപ്പോഴും ഇവര്‍ കാണിക്കാതെ പോകുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതൊന്നും ബോധപൂര്‍വം ഏതെങ്കിലും വിഭാഗത്തെ തൃപ്തിപ്പെടുത്താന്‍ ഒന്നുമല്ലെന്നും എനിക്കു തോന്നിയിട്ടുണ്ട്.' -പത്മകുമാര്‍ പറഞ്ഞു.
'എന്തായാലും ഈ 'എമ്പുരാനി'ല്‍ വന്ന വീഴ്ച സെന്‍സര്‍ ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം വലിയൊരു മാനക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. അതില്‍ സെന്‍സര്‍ ബോര്‍ഡ് മെംബേഴ്‌സിനു നേരെ വിരല്‍ ചൂണ്ടാതെ നമ്മള്‍ അതിന്റെ പുറകിലുള്ള ഒരു പ്രോസസ്സിനെ കുറിച്ച് ചിന്തിക്കണം. സെന്‍സര്‍ ബോര്‍ഡ് മെംബറെ തിരഞ്ഞെടുക്കുന്ന സമയത്ത് എന്താണ് മാനദണ്ഡം എന്നുള്ളത് നമ്മള്‍ ശക്തമായിട്ട് വിലയിരുത്തിയിട്ട് വേണം അവരെ തിരഞ്ഞെടുക്കാന്‍. വേണ്ടിവന്നാല്‍ അവരെ അഭിമുഖം നടത്തി, അവര്‍ക്ക് എത്രമാത്രം ഒരു സിനിമയെ വിശകലനം ചെയ്യാനുള്ള കഴിവ് ഉണ്ടെന്നുള്ള ഒരു തലം അനലൈസ് ചെയ്തിട്ട് മാത്രമേ അംഗങ്ങളെ തിരഞ്ഞെടുക്കാവൂ.'
'എന്തായാലും ഇത് വലിയൊരു പ്രശ്‌നം തന്നെയാണ്. വളരെ ഗൗരവത്തോടെ തന്നെ സെന്‍സറിങ് സംവിധാനത്തെ കാണേണ്ടത് ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. വെറുതെ ഓരോ അംഗത്തിനെതിരേയും വിരല്‍ ചൂണ്ടാതെ അവരുടെ നിസ്സഹായ അവസ്ഥ നമ്മള്‍ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്തായാലും ഇത് എന്നെ വല്ലാതെ മാനസികമായിട്ട് വിഷമിപ്പിച്ച ഒരു സംഭവം തന്നെയാണ്. കാരണം അധികാരപ്പെടുത്തിയ ആളുകളുടെ മുമ്പില്‍ കൂടെ ഒരു സിനിമ കടന്നുപോയി അവര്‍ അത് മനസ്സിലാക്കാതെ സമൂഹത്തിലേക്ക് ഇറങ്ങി സമൂഹത്തിലെ ആളുകള്‍ അതിനു നേരെ വിരല്‍ ചൂണ്ടി വീണ്ടും അവിടേക്ക് ചെന്ന് മുറിച്ചു മാറ്റേണ്ട ഗതികേട് വളരെ ഗൗരവത്തോടെ തന്നെ കാണണമെന്നാണ് എനിക്ക് പറയാനുള്ളത്.' -എം.ബി. പത്മകുമാര്‍ പറഞ്ഞു.
Content Highlights: Empuran controversy: Former censor board member MB Padmakumar reacts
Published: 31 Mar 2025, 05:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented