മുന്‍കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കാന്‍ ഒരു വിശിഷ്ടാതിഥി എത്തുന്നു. മറ്റാരുമല്ല, മൈക്രോസോഫ്റ്റ് സഹസ്ഥാപകനും മനുഷ്യസ്നേഹിയുമായ ബില്‍ ഗേറ്റ്സാണ് ആ വിശിഷ്ടാതിഥി. ജനപ്രിയ പരമ്പരയായ 'ക്യൂങ്കി സാസ് ഭി കഭി ബഹു തി'യുടെ പുതിയ പതിപ്പിലൂടെ ഈ വര്‍ഷം ആദ്യമാണ് സ്മൃതി ഇറാനി മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പരമ്പര വലിയ ജനപ്രീതി നേടുകയാണ്.

To advertise here,

പരമ്പരയുടെ വരാനിരിക്കുന്ന എപ്പിസോഡില്‍ ഒരു വിശിഷ്ടാതിഥി എത്തുമെന്ന സൂചന നിര്‍മ്മാതാക്കള്‍ തന്നെയാണ് നല്‍കിയത്. ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട ഒരു ടീസറിലൂടെ ആയിരുന്നു ഇത്. സ്മൃതിയുടെ തുളസി എന്ന കഥാപാത്രം ലാപ്‌ടോപ്പ് തുറന്ന് ഒരു വീഡിയോ കോള്‍ ചെയ്യുന്നതാണ് ടീസറിലുള്ളത്. 'അമേരിക്കയില്‍നിന്ന് നേരിട്ട് ഞങ്ങളുമായും കുടുംബവുമായും ബന്ധപ്പെടുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്' - ടീസറില്‍ സ്മൃതി ഇറാനി അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നത് ഇങ്ങനെയാണ്.

എന്നാല്‍ ടീസറില്‍ അതിഥിയുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. വിശിഷ്ടാതിഥിയെ ഉടന്‍ പരിചയപ്പെടുത്തുമെന്ന് സ്മൃതി സൂചന നല്‍കിയിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലെ എപ്പിസോഡുകളിലാണ് വിശിഷ്ടാതിഥി എത്തുകയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, സിഎന്‍ബിസി-ടിവി18-ന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സാണ് അതിഥിയായി എത്തുന്നതെന്ന വിവരം അവര്‍ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ വിനോദ ലോകത്തെ ഒരു ചരിത്ര നിമിഷമാണിതെന്ന് മുന്‍ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി കൂടിയായ അവര്‍ പറഞ്ഞു.

എട്ട് വര്‍ഷത്തോളം 1833 എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത ആദ്യ പരമ്പരയില്‍ നിന്ന് വ്യത്യസ്തമായി, പുതിയ പതിപ്പ് 150 എപ്പിസോഡുകളുള്ള ഒരു ലിമിറ്റഡ് സീരീസായാണ് ഒരുക്കിയിരിക്കുന്നത്.