
കൊച്ചി: താന്‍ അന്വേഷിച്ചുക്കൊണ്ടിരുന്ന ആ അജ്ഞാത ഫോണ്‍കോളര്‍ തന്റെ ഭാര്യയാണെന്ന് അറിഞ്ഞ നിമിഷം സേ-ഓന്‍ ഒരു നിമിഷം പകച്ചു. തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആ കുറ്റവാളിയെ തേടിയുള്ള സേ ഓന്റെ യാത്ര ആ അജ്ഞാതനിലായിരുന്നു എത്തിനിന്നിരുന്നത്. വളരെ വിദഗ്ധമായി ഒളിപ്പിക്കാന്‍ ശ്രമിച്ച രഹസ്യങ്ങള്‍ ഭര്‍ത്താവ് കണ്ടെത്തിയ ഞെട്ടലില്‍ ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ ഹേ-ജോ കുഴങ്ങി. ഇനി എന്തെന്നറിയാനുള്ള കെ-ഡ്രാമ ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്.
നെറ്റ്ഫ്ളിക്സില്‍ ആഗോളതലത്തില്‍ ഇംഗ്ലീഷ് ഇതര ടി.വി. ഷോകളുടെ കാറ്റഗറിയില്‍ രണ്ടാം സ്ഥാനത്തും ഇന്ത്യയില്‍ നാലാം സ്ഥാനത്തുമുള്ള 'വെന്‍ ദ ഫോണ്‍ റിങ്സ്' എന്ന കെ- ഡ്രാമയാണ് ലോകമാകെയുള്ള ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ഡിസംബര്‍ അഞ്ചിന് റീലീസ് ചെയ്യേണ്ട അഞ്ചാം എപ്പിസോഡ് ഡിസംബര്‍ 13-ലേക്ക് മാറ്റിയതോടെയാണ് സൗത്ത് കൊറിയയിലെ രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ ലോകമാകെയുള്ള കെ-ഡ്രാമ ആരാധകരെ വലച്ചത്.
ഈ ആഴ്ചയില്‍ മാത്രം 48 രാജ്യങ്ങളില്‍ ഈ ഡ്രാമ ആദ്യ പത്തില്‍ ഉള്‍പ്പെടുകയും മൂന്ന് ആഴ്ചകളിലായി 43 ലക്ഷം പേര്‍ ഈ സീരിസ് കാണുകയും ചെയ്തിട്ടുണ്ട്. 'വെന്‍ ദ ഫോണ്‍ റിങ്സ്' എന്ന കെ-ഡ്രാമയുടെ പുതിയ എപ്പിസോഡിന്റെ റിലീസ് മാറ്റിവെച്ചത് സൗത്ത് കൊറിയിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കണക്കിലെടുത്താണെന്നാണ് സൗത്ത് കൊറിയന്‍ മാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. പട്ടാളനിയമം ഏര്‍പ്പെടുത്തിയ സമയത്ത് പ്രധാനപ്പെട്ട എന്‍ടര്‍ടെയ്ന്‍മെന്റ് കമ്പനികളിലെ കെ-പോപ് താരങ്ങള്‍ക്കും കെ-ഡ്രാമ താരങ്ങള്‍ക്കും പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടരുതെന്നുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചതായും വിവരങ്ങളുണ്ട്.
നെറ്റ്ഫ്ളിക്സിലും മറ്റുമായി റിലീസ് ചെയ്യുന്ന കെ-ഡ്രാമയ്ക്ക് ഇന്ത്യയിലുടനീളം ഒരുപാട് ആരാധകരാണുള്ളത്. 'വെന്‍ ദ ഫോണ്‍ റിങ്സ്' ഉള്‍പ്പെടെ ഓണ്‍ എയറിലുള്ള മറ്റ് ഡ്രാമകളുടെ എപ്പിസോഡുകളുടെ റിലീസ് തീയതിയും മാറ്റിവെച്ചതോടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആരാധകര്‍ക്ക് ചെറിയ ക്ഷീണമൊന്നുമല്ല സംഭവിച്ചത്. ആ കാത്തിരിപ്പിന്റെ വേദനകള്‍ സാമൂഹികമാധ്യമങ്ങിലും അലയടിച്ചു.

പട്ടാളനിയമം പിന്‍വലിച്ചെങ്കിലും ഇപ്പോഴും സൗത്ത് കൊറിയയില്‍ ജനരോഷം ആളികത്തുകയാണ്. ഇത് കല-സാംസ്‌കാരിക മേഖലയെ ബാധിച്ചത് ലോകത്താകെയുള്ള കെ-ഡ്രാമ, കെ-പോപ് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
ഡിസംബര്‍ മൂന്നിനാണ് സൗത്ത് കൊറിയയില്‍ പ്രസിഡന്റ് യൂന്‍ സൂക് യൂള്‍ പട്ടാളനിയമം ഏര്‍പ്പെടുത്തിയത്. ആറ് മണിക്കൂര്‍ മാത്രം ഏര്‍പ്പെടുത്തിയ ഈ പട്ടാളനിയമം പക്ഷേ, വലിയ ജനരോക്ഷത്തിനും മറ്റനേകം നാടകീയ സംഭവങ്ങള്‍ക്കും ഇടയാക്കി. പ്രസിഡന്‍റിനെതിരേ ഇംപീച്ച്മെന്റ് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമം ഫലം കണ്ടില്ല. എന്നാല്‍, യൂന്‍ സൂക് യോളിന് നിയമകാര്യ മന്ത്രാലയം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗത്ത് കൊറിയയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുമ്പോള്‍ അതിന്റെ പ്രകമ്പനം ഏല്‍ക്കുന്നത് ലോകമാകെയുള്ള കെ-ഡ്രാമ, കെ-പോപ് ആരാധകരിലാണ്.
ഡിസംബര്‍ 26-ന് റിലീസ് ചെയ്യുമെന്നറിയിച്ചിട്ടുള്ള 'സ്‌ക്വിഡ് ഗെയിം 2 - ദ ഗെയിം ബിഗിന്‍സി'നെയും ഈ സാഹചര്യം ബാധിക്കുമോയെന്നുള്ള ഭയത്തിലാണ് ആരാധകര്‍. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസണിന് 265. 2 മില്യണ്‍ കാഴ്ചക്കാരും ഇംഗ്ലീഷ് ഇതര വിഭാഗത്തില്‍ ഒന്നാം റാങ്കുമാണുള്ളത്.
Content Highlights: When the Phone Rings K-Drama series
Published: 11 Dec 2024, 09:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented