കഴിഞ്ഞദിവസം മുതല്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ ചുറ്റിപ്പറ്റിയായിരുന്നു സാമൂഹികമാധ്യമങ്ങളിലെ ട്രോളുകള്‍. കോഴിക്കോട് നടന്ന സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ ഫൈനലിന്റെ സമാപനച്ചടങ്ങിനിടെ ഒരു താരത്തിനുനേരെ ബേസില്‍ ജോസഫ് കൈനീട്ടിയിട്ടും അത് കാണാതെ സമീപത്തുണ്ടായിരുന്ന നടന് പൃഥ്വിരാജിന് താരം കൈകൊടുത്തതുമാണ് ട്രോളുകള്‍ക്കിടയാക്കിയത്. ഇതിന്റെ വീഡിയോയും ട്രോളുകളും കഴിഞ്ഞദിവസം മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞു.
ശ്രീനിവാസനും മോഹല്‍ലാലും അഭിനയിച്ച 'അക്കരെ അക്കരെ അക്കരെ' സിനിമയിലെ മീമുകള്ക്കൊപ്പമാണ് ബേസിലിനും ട്രോളുകള്‍ കിട്ടിയത്. അതിനിടെ നേരത്തെ ടൊവിനോയ്ക്ക് സമാനസാഹചര്യമുണ്ടായപ്പോള് ബേസില്‍ പൊട്ടിച്ചിരിച്ചതിന്റെ കര്‍മഫലമാണിതെന്നും സാമൂഹികമാധ്യമങ്ങളില്‍ കമന്റുകളുണ്ടായി.
ഒരു സിനിമയുടെ പൂജയ്ക്കിടെ ആരതി നല്കിയപ്പോള് ടൊവിനോയെ കാണാതെ പൂജാരി കടന്നുപോയിരുന്നു. അന്ന് സമീപത്തുണ്ടായിരുന്ന ബേസില്‍ ജോസഫ് ടൊവിനോയെ നോക്കി പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ബേസിലിന് സംഭവിച്ച അക്കിടിയെ ഈ സംഭവവുമായി ബന്ധപ്പെടുത്തിയാണ് പലരും ട്രോളിയത്.
എന്തായാലും ട്രോളുകള്‍ക്ക് പിന്നാലെ സൂപ്പര്‍ലീഗ് ഫൈനലില്‍ കാലിക്കറ്റ് എഫ്.സി. കപ്പടിച്ചതിന്റെ ആഹ്ലാദവും ട്രോളുകള്‍ക്കുള്ള മറുപടിയും പങ്കുവെച്ചിരിക്കുകയാണ് ബേസില്‍ ജോസഫ്. കാലിക്കറ്റ് എഫ്.സി.യുടെ ബ്രാന്‍ഡ് അംബാസിഡറായ ബേസില്‍ ജോസഫ് ഫൈനല്‍ മത്സരത്തിലെ ചിത്രങ്ങളും കപ്പടിച്ച ടീമിന്റെ ചിത്രങ്ങളുമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
'കൈ കിട്ടിയില്ലെങ്കിലും കപ്പ് കിട്ടി ഗയ്സ്' എന്നായിരുന്നു ബേസില്‍ പോസ്റ്റില്‍ കുറിച്ചത്. ഒപ്പംതന്നെ ട്രോളിയ സുഹൃത്തുക്കളായ ടൊവിനോ തോമസിനെയും സഞ്ജു സാംസണിനെയും നടന് ടാഗ് ചെയ്തിട്ടുമുണ്ട്. എന്തായാലും ബേസിലിന്റെ ഈ പോസ്റ്റില്‍ 'കണ്‍ഗ്രാജുലേഷന്‍സ്' എന്നായിരുന്നു ടൊവിനോയുടെ കമന്റ്. ഈ കമന്റിന് മാത്രം 11000-ലേറെ ലൈക്കുകളാണ് കിട്ടിയത്. ഈ കമന്റല്ല തങ്ങള്‍ പ്രതീക്ഷിച്ചതെന്നും ചിലര്‍ ടൊവിനോയുടെ കമന്റിന് മറുപടിയായി പറയുകയുംചെയ്തു.
Content Highlights: basil joseph's new instagram post about super league football amid football trolls in social media
Published: 12 Nov 2024, 09:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented