സ്റ്റാൻഡ് അപ് കോമഡി ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി നടി അയേഷ ഖാൻ. സംഭവത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള പ്രതികരണം ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് നടി അഭിപ്രായപ്പെട്ടു. നമ്മളെങ്ങോട്ടാണ് പോകുന്നതെന്ന് നടി ആശ്ചര്യപ്പെട്ടു.

To advertise here,

'അവിടെയുണ്ടായിരുന്ന ഓരോ പുരുഷനും ചിരിക്കുന്ന രീതി പോലും ഭയപ്പെടുത്തുന്നതാണ്. അവതാരകൻ ചിരിക്കുന്ന രീതി. റീൽ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആലോചിച്ചിട്ടും അത് പുറത്തുവിട്ടു എന്നതും ഭയപ്പെടുത്തുന്നതാണ്. സംഭവിച്ച കാര്യത്തിലും ആരും അർഹിക്കുന്ന പ്രതികരണം നടത്തിയിട്ടില്ല', നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'നിങ്ങൾ ഒരു ഡേറ്റിന് പോയി. 370 രൂപ ചെലവഴിച്ചു. അതുകൊണ്ട് സ്ത്രീയുടെ ശരീരത്തിൽ നിങ്ങൾക്ക് അവകാശമുണ്ടെന്ന് കരുതുന്നോ? നമ്മൾ എങ്ങോട്ടാണ് പോവുന്നത്?', നടി കൂട്ടിച്ചേർത്തു.

പ്രമുഖ സ്റ്റാൻഡ് അപ് കൊമേഡിയനായ പ്രണീത് മോറെയുടെ ഷോയിലാണ് വിവാദ പരാമർശമുണ്ടായത്. കാണിയായെത്തിയ ഹിമാൻഷു എന്ന യുവാവാണ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഒരിക്കലൊരു പെൺകുട്ടിയുമായി ഡേറ്റിങ്ങിന് പോയപ്പോൾ 370 രൂപ ചെലവാക്കി ചിക്കൻ ബിരിയാണി വാങ്ങി നൽകിയെന്നും അതിന് പകരമായി ലൈംഗികത പ്രതീക്ഷിച്ചുവെന്നുമാണ് ഹിമാൻഷു പറഞ്ഞത്.

പെൺകുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ട് പോലും നിർബന്ധിച്ച് അടുത്തുള്ള പാർക്കിലേക്ക് കൊണ്ടുപോയി. ചെലവാക്കിയ പണം പരമാവധി മുതലാക്കണമെന്ന ഉദ്ദേശത്തോട് കൂടിയായിരുന്നു ഇത്. ഇരുട്ട് നിറഞ്ഞ പാർക്കിൽ വെച്ച് അവളുടെ എതിർപ്പ് അവഗണിച്ച് ബലമായി ചുംബിച്ചു. കൂടാതെ അവളുടെ വസ്ത്രത്തിനുള്ളിലേക്ക് കൈ കടത്തിയെന്നും ഹിമാൻഷു തുറന്ന് പറഞ്ഞു. ഹിമാൻഷു പറഞ്ഞത് കേട്ട് സദസ്സിൽ നിന്ന് പൊട്ടിച്ചിരിയും കൈയടിയും ഉയരുകയും ചെയ്തിരുന്നു.

പെൺകുട്ടി വീട്ടിൽ വിടാനായി ആവശ്യപ്പെട്ടപ്പോൾ അവളെ വീട്ടിലാക്കി കൊടുത്തു. വീട്ടിലെത്തിയപ്പോൾ തന്റെ ഉദ്ദേശം പെൺകുട്ടിയോട് തുറന്നുപറഞ്ഞു. '370 രൂപ ഞാൻ ചെലവാക്കി. അത് ഞാൻ മുതലാക്കും എന്ന് ഞാൻ അവളോട് പറഞ്ഞു', എന്നാണ് ഷോയിൽ ഹിമാൻഷു പറഞ്ഞു. യഥാർഥത്തിൽ ഈ ഭാഗമാണ് ആദ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയും വിമർശനമുയരുകയും ചെയ്തത്.

ഇതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് ഹിമാൻഷുവിനെതിരെ ഉയർന്നത്. ഹിമാൻഷു പറഞ്ഞ സ്ത്രീവിരുദ്ധ പരാമർശം കേട്ട് ആസ്വദിച്ച സദസിനെതിരെയും വിമർശനമുണ്ടായി. സ്ത്രീവിരുദ്ധ പരാമർശം ഉണ്ടായപ്പോൾ അതിൽ ഇടപെടാതിരിക്കുകയും അതിന്റെ വീഡിയോ സബ്ടൈറ്റിൽ ഉൾപ്പെടെ ചേർത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കൊമേഡിയനായ പ്രണീത് മോറെയ്ക്കെതിരേയും വിമർശനമുണ്ടായി. 370 രൂപ ചെലവിട്ടാൽ സ്ത്രീയുടെ ശരീരത്തിനുമേൽ അവകാശം സ്ഥാപിക്കാമെന്ന ചിന്താഗതി യുവാക്കളിൽ രൂപപ്പെട്ടുവെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

ഇതോടെ ഹിമാൻഷുവിനെ ജോലിയിൽ നിന്ന് പുറത്താക്കി. ഗുഡ്ഗാവ് സ്വദേശിയാണ് ഹിമാൻഷു. ഗുഡ്ഗാവിലെ സ്റ്റാർവിക് ഡിസൈൻ എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു.