ലിയോ തദ്ദേവൂസ്- ദിലീഷ് പോത്തൻ ചിത്രം 'ചെവിട്ടോർമ്മ' ട്രെയ്ലർ പുറത്ത്. ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോർജ് കോര, ഹരിത പറക്കോട്, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവരടക്കം നിരവധി പേർ അഭിനയിച്ചിരിക്കുന്നു.

To advertise here,

മെഡിറ്റേറ്റീവ് ഫാമിലി ഡ്രാമ ജനുസ്സിൽ നിർമിച്ചിരിക്കുന്ന ചിത്രം ഇപ്പോൾ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലിയോ തദ്ദേവൂസ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഓസ്ട്രേലിയൻ കമ്പനിയായ സ്റ്റോപ്പ് വിഞ്ചിങ് ഫിലിംസ്, ലവ്ലി ഫ്രെയിംസ്, അൺകോംബ്ഡ് ബുദ്ധ, എസ് ഫോർ സിനിമാസ് എന്നീ ബാനറുകളിലാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയ സ്റ്റീഫൻ സക്കറിയാസിന്റെ നേതൃത്വത്തിൽ ലോകൻ രവി, സാജൻ ബാലൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച അന്താരാഷ്ട്ര ചലച്ചിത്ര ഫെസ്റ്റിവലുകളിലൊന്നായ കൊറിയയിലെ ബുസാൻ ചലച്ചിത്ര മേളയിൽ ഒക്ടോബറിൽ ചിത്രം ലോക പ്രീമിയറിനു ഒരുങ്ങുകയാണ്. ഇതുകൂടാതെ, എൻ.എഫ്.ഡി.സി. കോ- പ്രൊഡക്ഷൻ മാർക്കറ്റ്, കാൻസ് കോ- പ്രൊഡക്ഷൻ ഡേ, എൻ.എഫ്.ഡി.സി. വർക്കിങ് പ്രോഗ്രസ്സ് ലാബ് എന്നിവയിലും ചിത്രം പ്രദർശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ദേശീയ- അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ എഡിറ്റർ കാർലോ ഫ്രാൻസിസ്‌കോ മനടാഡ് (ഫ്രാൻസ്), സംഗീത സംവിധായകൻ മിലാദ് മോവഹെദി (ഇറാൻ) തുടങ്ങിയവർ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ മരണകിടക്കയിൽ കിടക്കുന്നവർക്ക് അന്ത്യപ്രാർഥനകൾ ചൊല്ലി അവരെ എല്ലാ കെട്ടുപാടുകളിൽ നിന്നും വിടുവിച്ച് സമാധാന മരണത്തിന് സഹായിക്കുന്ന ത്രേസ്യയും പ്രമാണിയായ പായമ്മൽ വർക്കിച്ചനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഛായാഗ്രഹണം: സ്വരൂപ് ശോഭ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ: ജോസഫ് നെല്ലിക്കൽ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: രാജേഷ് ശശീന്ദ്രൻ, മിക്‌സിങ്: തപസ് നായക്, കളറിസ്റ്റ്: റോബർട്ട് ലാങ്, കലാസംവിധാനം: റോസ്മി അനുമോദ്, വസ്ത്രാലങ്കാരം: രഞ്ജിനി മേരി റെജി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നോബിൻ കുര്യൻ, പി.ആർ.ഒ: ശബരി.