നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാളത്തിൽ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറി എന്ന റിപ്പോർട്ടുകൾക്കിടെ നിവിൻ പോളിയെ പ്രശംസിച്ച് നടൻ അജു വർഗീസ്. അടുത്ത സുഹൃത്തുകൂടിയായ നിവിനെക്കുറിച്ച് വൈകാരികമായ കുറിപ്പാണ് അജു പങ്കുവെച്ചത്. വർഷങ്ങൾക്ക് മുമ്പ് നഷ്ടമായത് ക്ഷമയോടെ കാത്തിരുന്ന് തിരിച്ചുപിടിച്ചതിന് അഭിനന്ദനങ്ങൾ എന്ന് അജു കുറിച്ചു.

To advertise here,

'വർഷങ്ങൾക്ക് മുമ്പ് നിനക്ക് നഷ്ടമായത് ക്ഷമയോടും വ്യക്തമായ കാഴ്ചപ്പാടോടുകൂടിയുമുള്ള കാത്തിരിപ്പിനൊടുവിൽ, എല്ലാ ഉയർച്ച താഴ്ചകളെയും കടുത്ത വിമർശനങ്ങളെയും പുഞ്ചിരിയോടെ നേരിട്ട് നീ നേടിയെടുത്തതിന് അഭിനന്ദനങ്ങൾ. നീ എന്നുമൊരു പ്രചോദനമാണ്. ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ.' അജു കുറിച്ചു.

'വിനീതിന്റെ ദീർഘവീക്ഷണത്തെ ഓർമിപ്പിക്കുന്നതാണ് ചിത്രം. നിതിൻ മോളിവുഡ് എന്ന് എഴുതിയ പ്ലക്കാർഡ് വയ്ക്കുന്നതിനെക്കുറിച്ചുള്ള രംഗം വിവരിച്ച ശേഷം, വിനീത് എന്നോട് പറഞ്ഞു. ഇത് ഉടൻ തന്നെ, അതിവേഗം സംഭവിക്കുമെന്ന്.' അജു വർഗീസ് കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിവിൻ അവതരിപ്പിച്ച നിതിൻ മോളി എന്ന കഥാപാത്രത്തിന്റെ ഫോട്ടോ അജു കുറിപ്പിനൊപ്പം പങ്കുവെച്ചു. ചിത്രത്തിൽ നിതിൻ മോളി എന്ന കഥാപാത്രത്തെ ആയിരുന്നു നിവിൻ അവതരിപ്പിച്ചത്. പരാജയ ചിത്രങ്ങൾക്കുശേഷം ഹിറ്റ് സ്വന്തമാക്കുന്ന സൂപ്പർതാരമായാണ് ചിത്രത്തിൽ നിതിൻ മോളിയെ അവതരിപ്പിച്ചത്.

നേരത്തെ, അൽഫോൻസ് പുത്രന്റെ 'പ്രേമം' എന്ന ചിത്രം ഇൻഡസ്ട്രിഹിറ്റിനടുത്തോളം എത്തിയിരുന്നു. നിവിൻ പോളി നായകനായ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതിനെത്തുടർന്നാണ് നേട്ടം സ്വന്തമാക്കാൻ കഴിയാതെ പോയതെന്ന് പറയപ്പെടുന്നു.