യഷ് നായകനായ ഗീതു മോഹൻദാസ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സ്' ടീസറിനെതിരായ വിമർശനങ്ങൾക്കിടെ പ്രതികരണവുമായി നടി അതുല്യ ചന്ദ്ര. അവസരത്തിനൊത്ത് അണിയാനുള്ളതല്ല പ്രത്യയശാസ്ത്രമെന്ന് നടി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. 'ടോക്‌സിക്' ടീസറുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെ പ്രണവ് മോഹൻലാൽ ചിത്രം 'ഡീയസ് ഈറേ'യിൽ അതുല്യ അവതരിപ്പിച്ച കഥാപാത്രവും ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നാലെയാണ് പരോക്ഷ പ്രതികരണവുമായി നടിയെത്തിയത്.
'താൻ പ്രസംഗിക്കുന്ന മൂല്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു സംഭവം പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടിൽ അവതരിപ്പിച്ച് മറ്റൊരാളുടെ ജീവിതത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത്. സെലക്ടീവായ ധൈര്യപ്രകടനത്തിൽ റാഡിക്കലായി ഒന്നുമില്ല. പ്രത്യയശാസ്ത്രം അവസരത്തിനൊത്ത് എടുത്തണിയാനുള്ളതോ സ്വന്തം വൈരുദ്ധ്യങ്ങൾ മറച്ചുവെച്ച് മറ്റുള്ളവർക്കുനേരെ പിടിക്കാനുള്ള പരിചയോ അല്ല', എന്നായിരുന്നു അതുല്യയുടെ കുറിപ്പ്.
'ടോക്‌സിക്' ടീസറിൽ സ്ത്രീകളെ പ്രദർശന വസ്തുവാക്കുന്നു, കച്ചവടച്ചരക്കാക്കുന്നു എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെ, മമ്മൂട്ടി ചിത്രം 'കസബ'യ്‌ക്കെതിരായി പാർവതി തിരുവോത്ത് നിലപാട് എടുത്തപ്പോൾ അതിനെ പിന്തുണച്ച ഗീതു മോഹൻദാസിന് ഇരട്ടത്താപ്പാണെന്നും വിമർശനമുണ്ടായി. ഇതിനെ പ്രതിരോധിക്കാൻ നടി റിമ കല്ലിങ്കൽ പങ്കുവെച്ച സാമൂഹികമാധ്യമ പോസ്റ്റിൽ അതുല്യയെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പരോക്ഷ മറുപടിയുമായി താരമെത്തിയത്.
ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ഷെയർ ചെയ്തായിരുന്നു റിമ ഗീതു മോഹൻദാസിനെ പിന്തുണച്ച് രംഗത്തെത്തിയത്. 'ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും...' എന്ന തലക്കെട്ടിൽ വന്ന കുറിപ്പായിരുന്നു റിമ പങ്കുവെച്ചത്.
'ഡീയസ് ഈറെ എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം, ട്രോൾ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉൾപ്പെടെ നിരവധിപേരാണ് നായികയായ അതുല്യ ചന്ദ്രയെ വെറുമൊരു 'സെഡക്റ്റീവ് ഒബ്ജക്റ്റ്' ആയി തരംതാഴ്ത്തിയത്. അത് ഏറെ വിഷമകരമായിരുന്നു. ആ ലേബലുകൾ ഞെട്ടിപ്പിച്ചത് അവയുടെ ബോൾഡ്നെസ്സ് കൊണ്ടല്ല, മറിച്ച് നമ്മുടെ ചിന്താഗതികളെ അവ അത്രത്തോളം തുറന്നുകാട്ടുന്നു എന്നതുകൊണ്ടാണ്. ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഈ ചർച്ചകളിലെല്ലാം പ്രണവ് മോഹൻലാൽ എന്ന നടൻ പൂർണമായും അദൃശ്യനായിരുന്നു എന്നതാണ്', എന്നായിരുന്നു കുറിപ്പിൽ അതുല്യയെക്കുറിച്ചുള്ള പരാമർശം.
'ആ ഇന്റിമേറ്റ് സീൻ അതുല്യ തനിച്ച് ചെയ്തതാണെന്ന മട്ടിലായിരുന്നു കാര്യങ്ങൾ. 'ഡീയസ് ഈറെ'യായിരുന്നു മലയാളിക്ക് തങ്ങളുടെ സദാചാര പോലീസ് ബാഡ്ജുകൾ വീണ്ടും പുറത്തെടുക്കാൻ പ്രചോദനം ആയത്', കുറിപ്പിൽ പറയുന്നു.
Content Highlights: Actress Athulya Chandra subtly responds to criticism of `Toxic` teaser, asserting ideology isn`t for convenient use or a shield
Published: 14 Jan 2026, 11:03 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented