ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് പ്രധാന വേഷത്തിലെത്തിയ 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്ന ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നിരൂപക പ്രശംസകൾക്കിടയിലും ചിത്രത്തിനെതിരെ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിന് ലഭിച്ച അഭിപ്രായങ്ങളെക്കുറിച്ച് യഷിന്റെ പ്രതികരണം പങ്കുവെച്ചിരിക്കുകയാണ് 'ടോക്‌സിക്' ഡബ്ബിങ് സൂപ്പർവൈസർ ജയ്‌ദേവ് മോഹൻ. 'അതിനെക്കുറിച്ച് കൂടുതൽ വിഷമിക്കേണ്ടതില്ല, കാര്യങ്ങൾ പ്രേക്ഷകർക്ക് വിട്ടുനൽകാം' എന്ന് യഷ് പറഞ്ഞതായി ജയ്‌ദേവ് വെളിപ്പെടുത്തി.

To advertise here,

പ്രജാവാണി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയ്‌ദേവ് മോഹൻ യഷിന്റെ പ്രതികരണത്തെക്കുറിച്ച് സംസാരിച്ചത്. സിനിമ റിലീസ് ചെയ്തതിന് ശേഷം താൻ യഷിനെ നേരിട്ട് കണ്ടിട്ടില്ല. എന്നാൽ രണ്ടുതവണ ഫോണിൽ സംസാരിച്ചിരുന്നുവെന്നും ജയ്‌ദേവ് പറഞ്ഞു.

റിലീസ് ദിവസത്തെ റിവ്യൂകളും പ്രതികരണങ്ങളും കണ്ട് താൻ ഏറെ വികാരാധീനനായപ്പോൾ, 'ഏറെ വിഷമിക്കേണ്ട, ഇത് പ്രേക്ഷകർക്ക് വിട്ടുനൽകാം, അത് അവരുടെ ഇഷ്ടമാണ്. ഇനി അടുത്ത ജോലികൾ ചെയ്യാനുണ്ട്' എന്ന് യഷ് ഫോണിലൂടെ ആശ്വസിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. എങ്കിലും യഷിന്റെ വാക്കുകളിൽ വിഷമം പ്രകടമായിരുന്നുവെന്നും ജയ്‌ദേവ് കൂട്ടിച്ചേർത്തു.

സിനിമയുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെക്കുറിച്ചും ജയ്‌ദേവ് പ്രതികരിച്ചു. നാല് വർഷം മുൻപ് തുടക്കമിട്ട ചിത്രം പല ഘട്ടങ്ങളിലൂടെയാണ് ഇപ്പോഴുള്ളപോലെ വളർന്നത്. എന്നാൽ, പ്രേക്ഷകരാണ് പരമാധികാരികളെന്നും അവർക്ക് ചിത്രം ഇഷ്ടപ്പെട്ടാൽ സ്വീകരിക്കുമെന്നും ഇല്ലെങ്കിൽ നിരസിക്കുമെന്നും ജയദേവ് പറഞ്ഞു. 'ഞങ്ങൾ നന്നായി നിർമിച്ചു, പക്ഷേ, പ്രേക്ഷകർക്ക് അത് മനസ്സിലായില്ല', എന്ന് പറയാൻ കഴിയില്ല', ജയദേവ് കൂട്ടിച്ചേർത്തു. സംവിധായിക ഗീതു മോഹൻദാസിനെ 'ഫയർബ്രാൻഡ്' എന്ന് വിശേഷിപ്പിച്ച ജയ്‌ദേവ്, സോഷ്യൽ മീഡിയയിൽ പലർക്കും സംവിധായികയോട് ചില എതിർപ്പുകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്‌സിക്' എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയിൽ യഷും പങ്കാളിയായിരുന്നു. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെ ബാനറിൽ യഷും കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും ചേർന്നാണ് ചിത്രം നിർമിച്ചത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.